
ലോകം മുഴുവനും ചങ്കിടിപ്പ് കൂട്ടിയ ദിവസമായിരുന്നു കടന്ന് പോയത്. ഇസ്രയേലിന്‍റെ ഇറാന്‍ ആക്രമണത്തിന് യുഎസ്എയും നേരിട്ട് ഇടപെട്ട ദിവസം. ഇറാന്‍റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് മുകളില്‍ ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധങ്ങളിലൊന്നെന്ന വിശേഷണമുള്ള, 2400 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച, 13,600 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ മിസൈലുകൾ ആറെണ്ണമാണ് പതിച്ചത്. ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്‍റെ ചൂട് ലോകം മൊത്തം അറിഞ്ഞു. ആശങ്കകൾ വലുതായി. ലോകത്തെ മുഴുവനും യുഎസ് ചൂട് പിടിപ്പിച്ചപ്പോൾ, യുഎസിലെ നഗരങ്ങൾ ചുട്ട് പൊള്ളുകയാണെന്ന് റിപ്പോര്‍ട്ട്.
ഓരോ വര്‍ഷം കഴിയുമ്പോഴും കാലാവസ്ഥാ കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഭൂമിയുടെ പല ഭാഗങ്ങളിലും കാലാവസ്ഥ അതിന്‍റെ ഏറ്റവും കഠിനമായ രൂപത്തിലാണ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളില്‍ അതിതീവ്ര മഴ പെയ്യുകയാണെങ്കില്‍ മറ്റ് ചില ഇടങ്ങളിൽ കഠിനമായ ചൂടാണ് അനുഭപ്പെടുന്നത്. ഇതിനിടെയാണ് ന്യൂയോര്‍ക്ക് നഗരത്തിൽ അടുത്ത ആഴ്ച ഉഷ്ണതരംഗം ഇതുവരെയുള്ള റെക്കോർഡുകളെ തകർക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പുറത്ത് വന്നത്.
137 വർഷം പഴക്കമുള്ള രാജ്യത്തെ റെക്കോർഡുകൾ മറികടക്കാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അതിശക്തമായ ഹ്യുമിഡിറ്റിയും ഉയര്‍ന്ന താപനിലയും ഒരു പോലെ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. 1888-ൽ രണ്ട് ദിവസങ്ങളിലായി രേഖപ്പെടുത്തിയ 96°F (35°C) ആയിരുന്നു ഇതുവരെ ന്യൂയോര്‍ക്കിലുള്ള ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍, വരും ദിവസങ്ങളില്‍ ഇത് 102°F (39°C) വരെ ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂയോർക്കിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കഴിഞ്ഞ വെള്ളിയാഴ്ച ഗവർണർ കാത്തി ഹോച്ചുൾ അതിശക്തമായ ചൂട് മുന്നറിയിപ്പ് നൽകി. ചൂടിനോടൊപ്പം ഹ്യുമിഡിറ്റി ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില ഇടങ്ങളില്‍ താപനില 105°F ലേക്ക് ഉയരാനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം തള്ളിക്കളയുന്നില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ നേരം പുറത്ത് വെയില്‍ കൊള്ളുന്നത് അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ തന്നെ ചൂട് അസഹനീയമാണെന്ന തരത്തിലുള്ള കുറിപ്പുകൾ വ്യാപകമാകാന്‍ തുടങ്ങി.