'മൃതദേഹങ്ങൾ മണക്കുന്നു'; 24 -കാരനായ ഇസ്രയേലി സൈനികന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Published : Jul 08, 2025, 02:05 PM ISTUpdated : Jul 09, 2025, 08:01 AM IST
Daniel Edri

Synopsis

2023 സെപ്തംബറില്‍ ആരംഭിച്ച യുദ്ധം ഇസ്രയേലി സൈനികരെ മാനസികമായും തളര്‍ത്തിക്കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ വന്നിരുന്നു. ഇതിനിടെയാണ് സൈനികരുടെ ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

 

2023 ഒക്ടോബര്‍ 7 ന്‍റെ ഹാമസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ആരംഭിച്ച ഗാസ യുദ്ധത്തിന് ഇനിയും അറുതി വന്നിട്ടില്ല. യുഎസ്, ഇസ്രയേലും ഹമാസുമായി നടത്തിയ ചര്‍ച്ചകളില്‍ നേരിയ പുരോഗതി ഉണ്ടെന്ന് മാത്രമാണ് ആശ്വസിക്കാനുള്ള ഏക കാര്യം. ഇതിനിടെ യുദ്ധം ഏല്‍പ്പിച്ച് ആഘാതം താങ്ങാനാകാതെ 24 -കാരനായ ഇസ്രയേലി സൈനികന്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകൾ. ഇസ്രയേലി സൈന്യത്തിനായി ഗാസ മുനമ്പിലും ലെബനനിലും സേവനമനുഷ്ഠിച്ച ഡാനിയേൽ എഡ്രി എന്ന 24 -കാരനായ യുവ സൈനികനാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

യുദ്ധം ഏൽപ്പിച്ച ആഘാതത്തെ തുടര്‍ന്ന് ഇയാൾ കടുത്ത വിഷാദ രോഗത്തിന്‍റെ പിടിയിലായിരുന്നു. യുദ്ധമേഖലകളിൽ സൈനിക റിസർവ് ഡ്യൂട്ടി ഏല്‍പ്പിച്ച പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിനെ തുടര്‍ന്നാണ് ഡാനിയേൽ എഡ്രി ആത്മഹത്യ ചെയ്തതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ഡാനിയേൽ എഡ്രിയെ വീരമൃത്യു വരിച്ച സൈനികനായി അംഗീകരിച്ച് സൈനിക ബഹുമതികളോടെ ശവസംസ്കാരം നടത്തണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഉറക്കത്തില്‍ കത്തുന്ന ശരീരങ്ങളുടെ മണവും കാഴ്ചയും തന്നെ അസ്വസ്ഥമാക്കുന്നതായി മകന്‍ പറഞ്ഞിരുന്നെന്നും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നെന്നും ഡാനിയേലിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

 

 

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സഫേദിനടുത്തുള്ള ഒരു വനത്തിൽ കത്തിയമർന്ന കാറിനുള്ളിൽ നിന്നാണ് ഡാനിയേലിന്‍റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളായി യുദ്ധ മുഖത്തായിരുന്ന ഡാനിയേല്‍ ഏഡ്രി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്‍റെ പിടിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡ‍ർ ബാധിതനാണ് താനെന്ന് ഡാനിയേല്‍ ഏഡ്രി ഇസ്രയേലി സൈന്യത്തെ അറിയിച്ചിരുന്നെങ്കിലും സൈന്യം ഡാനിയേലിന്‍റെ അപേക്ഷ പരിഗണിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞതായി റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സൈന്യത്തിലോ റിസർവ് സൈനിക സേവനത്തിലോ സജീവമായി സേവനമനുഷ്ഠിക്കുന്നതിനിടെ മരിക്കുന്ന സൈനികർക്ക് മാത്രമേ സൈനിക ബഹുമതികളോടെയുള്ള ശവസംസ്കാര ചടങ്ങുകൾ അനുവദിക്കൂവെന്ന് ഇസ്രായേൽ പ്രതിരോധ സേന കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇസ്രയേലി സൈന്യത്തില്‍ നിന്നും സൈനികര്‍ ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ഇസ്രയേലി സൈനികര്‍ കടന്ന് പോകുന്നതെന്നും ചില റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സെപ്തംബറില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെയായി 43 ഇസ്രയേലി സൈനികർ ആത്മഹത്യ ചെയ്തു. 

ഇതിനിടെ ഇസ്രയേലി സൈന്യത്തിന്‍റെ അംഗബലം കുറയുന്നതായും അതിനാല്‍ ഇതുവരെ നിയമ പരിരക്ഷയോടെ സൈനിക സേവനത്തില്‍ ഇളവ് ലഭിച്ചിരുന്ന തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ട് കൊണ്ട് സൈന്യം കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 54,000 തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോടോടാണ് എത്രയും പെട്ടെന്ന് സൈനിക സേവനത്തിനെത്താന്‍ ഐഡിഎഫ് ആവശ്യപ്പെട്ടത്. ഇതിനെതിരെ നെതന്യാഹു മന്ത്രി സഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇസ്രയേലി സുപ്രീംകോടതി തീവ്ര ഓർത്തഡോക്സ് വിദ്യാര്‍ത്ഥികൾക്ക് ലഭിച്ചിരുന്ന സവിശേഷ അധികാരം എടുത്ത് കളഞ്ഞത്.

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ