
1959 -ൽ അന്റാർട്ടിക്കയിൽ ഒരു അപകടത്തിൽ മരിച്ച 25 വയസ്സുള്ള ബ്രിട്ടീഷ് യുവാവിന്റെ മൃതദേഹം 65 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഉരുകിക്കൊണ്ടിരിക്കുന്ന ഹിമാനിയുടെ ഉള്ളിൽ നിന്നാണ് ഇപ്പോൾ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് ഡെന്നിസ് ബെൽ എന്ന യുവാവ് മരണപ്പെട്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ജനുവരിയിൽ പോളിഷ് അന്റാർട്ടിക്ക് പര്യവേഷണം നടത്തിയ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സമീപത്തായി ഒരു റേഡിയോ, റിസ്റ്റ് വാച്ച്, പൈപ്പ് എന്നിവയും ഉണ്ടായിരുന്നു. ഡെന്നിസ് ബെല്ലിനെ കണ്ടെത്താൻ ഒരുപാട് ശ്രമങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ നടത്തിയിരുന്നു. ഒടുവിൽ നിരാശയോടെ ആ ശ്രമം കുടുംബം ഉപേക്ഷിക്കുകയായിരുന്നു. ഈ കണ്ടെത്തൽ വലിയ ആശ്വാസമാണ് കുടുംബത്തിന് നൽകിയിരിക്കുന്നത്.
'വളരെ കാലമായി ഞാനെന്റെ സഹോദരനെ കണ്ടെത്തുന്നതിനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. ഇത് വളരെ അതിശയകരമാണ്, അത്ഭുതപ്പെടുത്തുന്നതാണ്, ഇപ്പോഴും എനിക്കതിൽ നിന്നും മുക്തനാവാനായിട്ടില്ല' എന്നാണ് ഡെന്നിസിന്റെ സഹോദരൻ 86 -കാരനായ ഡേവിഡ് ബെൽ ബിബിസി ന്യൂസിനോട് പറഞ്ഞത്.
60 വർഷം മുമ്പ് വന്ന ആ ഞെട്ടിക്കുന്നതും വേദനാജനകമായതുമായ വാർത്തയെ കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. 'വാർത്തയുമായി വന്ന ടെലഗ്രാം ബോയ് പറഞ്ഞത്, എനിക്കിത് നിങ്ങളോട് പറയാൻ ബുദ്ധിമുട്ടുണ്ട്, ഒരു മോശം വാർത്തയാണ് പറയാനുള്ളത് എന്നാണ്. അച്ഛനേയും അമ്മയേയും വിവരം അറിയിക്കാൻ ഞാൻ മുകൾനിലയിലേക്ക് പോയി. അതൊരു ഭയാനകമായ മുഹൂർത്തമായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയുടെ ഡയറക്ടറായ പ്രൊഫസർ ഡാം ജെയ്ൻ ഫ്രാൻസിസ് പറഞ്ഞത്, അന്നത്തെ ശാസ്ത്രലോകത്തിനും പോളാർ റിസേർച്ചിനും സംഭാവന നൽകിയ അന്റാർട്ടിക്ക് പര്യവേക്ഷണ സംഘത്തിലെ ധീരനായ അംഗമായിരുന്നു ബെൽ എന്നാണ്.