ഡിഎൻഎ പരിശോധന; പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'വാംപയറിന്റെ' മുഖചിത്രം തിരിച്ചറിഞ്ഞു

Published : Nov 05, 2022, 03:01 PM IST
ഡിഎൻഎ പരിശോധന; പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'വാംപയറിന്റെ' മുഖചിത്രം തിരിച്ചറിഞ്ഞു

Synopsis

മരിച്ചയാൾ 55 വയസ്സുള്ള പുരുഷനായിരുന്നു എന്നും ഇയാളുടെ പേര് ജോൺ ബാർബർ എന്നായിരുന്നു എന്നുമാണ് വിദഗ്ധ പരിശോധനയിൽ ഗവേഷകർ കണ്ടെത്തിയത്. കൂടാതെ ഇയാൾ മരിച്ചത് ക്ഷയരോഗം ബാധിച്ച് ആണെന്നും ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി.

വാംപയറുകൾ അഥവാ രക്തരക്ഷസുകൾ കഥകളിലൂടെയും സിനിമകളിലൂടെയും ചെറുതായൊന്നുമല്ല നമ്മളെ ഭയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന നമ്മുടെ പൂർവികർ വാംപയറുകൾ ഉണ്ട് എന്ന് സംശയലേശമന്യേ വിശ്വസിച്ചിരുന്നു. ജീവജാലങ്ങളുടെ രക്തം കുടിക്കുന്നവരും എന്നാൽ ഒരിക്കലും മരണമില്ലാത്തവരുമാണ് വാംപയറുകൾ എന്നായിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസത്തെ അവർ ഊട്ടിയുറപ്പിച്ചത് നാടോടിക്കഥകളുടെ പിൻബലത്തിൽ ആയിരുന്നു. 

പലപ്പോഴും പകർച്ചവ്യാധികളും മറ്റും പടർന്നു പിടിക്കുമ്പോൾ അത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്ന ശാസ്ത്രീയ അറിവുകൾ ലഭ്യമാകുന്നതിനും മുൻപ് അവർ പഴിചാരിയിരുന്നത് വാംപയറുകളെ ആയിരുന്നു. പകർച്ചവ്യാധികൾ പിടിപെടുന്നവരിൽ ഉണ്ടാകുന്ന ശാരീരിക മാറ്റത്തിനും മരണത്തിനും കാരണം വാംപയറുകൾ ആണെന്ന് അവർ വിശ്വസിച്ചിരുന്നു. പ്രത്യേകിച്ച് അക്കാലത്ത് വ്യാപകമായി കണ്ടുവന്നിരുന്ന പോർഫിറിയ, പെല്ലഗ്ര, റാബിസ്, ക്ഷയം തുടങ്ങിയ രോഗങ്ങൾ ബാധിച്ച് മരിക്കുന്നവർ വാംപയറുകൾ ആകും എന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ മരണപ്പെടുന്ന ആളുകളെ വാംപയറുകൾ എന്ന് മുദ്രകുത്തിയായിരുന്നു ഇവർ സംസ്കരിക്കുന്നതും

ഇത്തരത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കണക്റ്റിക്കട്ടിലെ ഗ്രിസ്‌വോൾഡിൽ സംസ്കരിച്ച ഒരാളുടെ ശരീര അവശിഷ്ടങ്ങൾ ഒരു ശവക്കുഴിയിൽ നിന്നും ഏതാനും മാസങ്ങൾ മുൻപ് കണ്ടെത്തിയിരുന്നു. ഇയാളെ വാംപയർ എന്ന് മുദ്രകുത്തിയാണ് സംസ്കരിച്ചത് എന്ന് ഗവേഷകർ മനസ്സിലാക്കിയത് ശവക്കുഴിക്കുള്ളിൽ ഇയാളെ അടക്കം ചെയ്തിരിക്കുന്ന രീതിയിൽ നിന്നാണ്. മരണപ്പെട്ട ആളുടെ രണ്ട് തുടയെല്ലുകൾ ഊരിയെടുത്ത് അത് നെഞ്ചിനു മുകളിലായി എക്സ് ആകൃതിയിൽ ക്രമീകരിച്ചായിരുന്നു ഇയാളെ അടക്കം ചെയ്തിരുന്നത്. ഇത്തരത്തിൽ ശവസംസ്കാരം നടത്തിയാൽ മാത്രമേ  വാംപയർ ആയി മരിച്ച ഇയാൾ ശവകുഴിക്ക് പുറത്തേക്ക് വന്ന് ജീവിച്ചിരിക്കുന്നവരുടെ രക്തം കുടിക്കാതിരിക്കുകയുള്ളൂ എന്നായിരുന്നു അവിടുത്തെ പ്രദേശവാസികളുടെ വിശ്വാസം.

ഇപ്പോഴിതാ ശവക്കുഴിയിൽ നിന്നും കിട്ടിയ അവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയ ഇയാളുടെ മുഖചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഡിഎൻഎ വിശകലനം നടത്തിയ വിർജീനിയ ആസ്ഥാനമായുള്ള ഡിഎൻഎ ടെക്‌നോളജി കമ്പനിയായ പാരബോൺ നാനോ ലാബ്‌സിലെ ഫോറൻസിക് ശാസ്ത്രജ്ഞരും ഡെലവെയർ ആസ്ഥാനമായുള്ള  ആംഡ് ഫോഴ്‌സ് ഡിഎൻഎ ഐഡന്റിഫിക്കേഷൻ ലബോറട്ടറിയും. 

മരിച്ചയാൾ 55 വയസ്സുള്ള പുരുഷനായിരുന്നു എന്നും ഇയാളുടെ പേര് ജോൺ ബാർബർ എന്നായിരുന്നു എന്നുമാണ് വിദഗ്ധ പരിശോധനയിൽ ഗവേഷകർ കണ്ടെത്തിയത്. കൂടാതെ ഇയാൾ മരിച്ചത് ക്ഷയരോഗം ബാധിച്ച് ആണെന്നും ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി.

3D ഫേഷ്യൽ റീകൺസ്ട്രക്ഷൻ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഇയാളുടെ മുഖത്തിന്റെ രൂപവും ഫോറൻസിക് ആർട്ടിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ചർമ്മത്തിനും കണ്ണുകൾക്കും തവിട്ടുനിറവും മുടി കറുത്ത നിറവും ആയിരുന്നുവെന്നാണ് ഫോറൻസിക് ആർട്ടിസ്റ്റുകൾ പറയുന്നത്. കൂടാതെ ഇയാളുടെ ചർമ്മത്തിൽ ചില പാടുകൾ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

പാരബോൺ നാനോ ലാബുകളും സായുധസേനയുടെ ഡിഎൻഎ ഐഡന്റിഫിക്കേഷൻ ലബോറട്ടറിയും അടുത്തിടെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഒരു കോൺഫറൻസിൽ ആണ് തങ്ങളുടെ കണ്ടെത്തലുകൾ പുറത്തുവിട്ടത്.

PREV
click me!

Recommended Stories

അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ, അമ്മ ഉപയോഗിച്ച കിടക്കയിൽ മകൻ കിടന്നു, പിന്നാലെ ഗുരുതര രോഗം
ഇന്‍സ്റ്റാ ബന്ധം, സ്വർണവും പണവുമായി യുവതി പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടി, തങ്ങൾക്ക് 12 -കാരനായ മകനുണ്ടെന്ന് ഭർത്താവ്