ഭരണഘടന അത്ര പോരെന്ന് പുടിൻ, ഇക്കളിക്ക് ഞങ്ങളില്ലെന്ന് മെദ്‌വെദേവ്, റഷ്യൻ രാഷ്ട്രീയം കോലാഹലമയം

By Web TeamFirst Published Jan 16, 2020, 9:07 AM IST
Highlights

പുതിയ മാറ്റങ്ങൾ പ്രസിഡന്റിൽ നിന്ന് നിലവിലെ അധികാരങ്ങൾ പലതും എടുത്തുമാറ്റി പ്രധാനമന്ത്രിക്കും പാർലമെന്റിന് നൽകുന്ന തരത്തിലുള്ളതാണ്. എന്നാൽ ഇപ്പോൾ  മെദ്‌വെദേവ് സമർപ്പിച്ച രാജി സ്വമേധയാ നൽകിയതാണ് എന്ന് പലരും കരുതുന്നില്ല. തന്റെ പദ്ധതികൾക്ക് വിഘാതമായി നിന്ന മെദ്‌വെദേവിനെ പുടിൻ പ്രധാനമന്ത്രി പദവിയിൽ നിന്ന് നീക്കിയതാണ് എന്നും പറഞ്ഞുകേൾക്കുന്നുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ച ചില സമൂലമായ ഭരണഘടനാ ഭേദഗതികളെച്ചൊല്ലി റഷ്യൻ പാർലമെന്റ് ആകെ കലുഷിതമായിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണെന്നും, അത് നിലവിലുള്ള അധികാരസമവാക്യങ്ങളുടെ സന്തുലനം തെറ്റിക്കുമെന്നും ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിറങ്ങിപ്പോയി. ആകെ പ്രശ്നമായിരിക്കുകയാണ് റഷ്യയിൽ. അവിടെയും വിഷയം ഭരണഘടനാ ഭേദഗതി തന്നെ!

പുടിൻ മുന്നോട്ടുവെച്ചിരിക്കുന്ന ഭരണഘടനാ ഭേദഗതി നിർദേശങ്ങളിന്മേൽ രാജ്യത്ത് ഹിതപരിശോധന നടക്കും. അത് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ നടപ്പിൽ വരൂ. രാജിവെച്ച  മെദ്‌വെദേവിന് പുടിൻ രാജ്യത്തിൻറെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം നൽകിയിട്ടുണ്ട്. അവിചാരിതമായി വന്ന പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും കൂട്ടരാജി ഏറെ കോലാഹലങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രസിഡന്റ് പുടിൻ ഇറക്കിയ പ്രസ്താവനയിൽ, ഇറങ്ങിപ്പോകുന്ന സർക്കാരിനെ അവരുടെ കഴിഞ്ഞ കാലത്തെ സേവനങ്ങളുടെ പേരിൽ പ്രസിഡന്റ് പുടിൻ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

 

പുതിയ മാറ്റങ്ങൾ പ്രസിഡന്റിൽ നിന്ന് നിലവിലെ അധികാരങ്ങൾ പലതും എടുത്തുമാറ്റി പ്രധാനമന്ത്രിക്കും പാർലമെന്റിന് നൽകുന്ന തരത്തിലുള്ളതാണ്. എന്നാൽ ഇപ്പോൾ  മെദ്‌വെദേവ് സമർപ്പിച്ച രാജി സ്വമേധയാ നൽകിയതാണ് എന്ന് പലരും കരുതുന്നില്ല. തന്റെ പദ്ധതികൾക്ക് വിഘാതമായി നിന്ന മെദ്‌വെദേവിനെ പുടിൻ പ്രധാനമന്ത്രി പദവിയിൽ നിന്ന് നീക്കിയതാണ് എന്നും പറഞ്ഞുകേൾക്കുന്നുണ്ട്. സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് പുടിൻ ബുദ്ധിപൂർവം  മെദ്‌വെദേവിനെ തട്ടിയതാണെന്നാണ് മോസ്കോവിലെ ഔദ്യോഗിക വൃത്തങ്ങളിലെ അഭ്യൂഹം. 2024 പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറേണ്ടി വരുമ്പോൾ, പുടിന് മുന്നിലുള്ള ഒരേയൊരു വഴി പ്രധാനമന്ത്രി ആവുക എന്നതാണ്. അന്നേക്ക് കണക്കാക്കി, നിലവിൽ പ്രസിഡന്റിന് ഉള്ള അധികാരങ്ങളിൽ മിക്കതും പ്രധാനമന്ത്രിക്ക് കൈവരുന്ന രീതിയിലാണ് ഭരണഘടനയെത്തന്നെ തിരുത്തിക്കുറിക്കാൻ ഇപ്പോൾ പുടിൻ ശ്രമിച്ചിരിക്കുന്നത്. ഇതിനു മുമ്പ് 2008 -ലും ഭരണഘടന മുന്നിൽ നിർത്തിയ പ്രതിബന്ധത്തെ മറികടക്കാൻ മെദ്‌വെദേവുമായി സ്ഥാനങ്ങൾ വെച്ചുമാറിയ ചരിത്രം പുടിനുണ്ട്.

നിലവിൽ ഫെഡറൽ ടാക്സേഷൻ സർവീസ് തലവൻ സ്ഥാനം വഹിക്കുന്ന മിഖായിൽ മിഷുസ്തിനെയാണ് പുടിൻ മെദ്‌വെദേവിന് പകരം പ്രധാനമന്ത്രിയാവാനായി ക്ഷണിച്ചിരിക്കുന്നതെന്നാണ് ക്രെംലിൻ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നത്. ഈ നിർദേശം ഡ്യൂമ അംഗീകരിച്ചാൽ മിഷുസ്തിൻ സ്ഥാനമേറ്റെടുക്കും. 

 

രാജിവെച്ചിറങ്ങിപ്പോകും വഴി പുറത്തിറക്കിയ പത്രക്കുറിപ്പിൽ മെദ്‌വെദേവ് ഇങ്ങനെ പറയുന്നു, "ഈ ഭേദഗതികൾ നടപ്പിൽ വന്നുകഴിഞ്ഞാൽ റഷ്യൻ ഭരണഘടനയുടെ സകല അനുച്ഛേദങ്ങളും മാറിമറിയും. ഭരണത്തിന്റെ അധികാരസന്തുലനം നഷ്ടമാകും. കാര്യനിർവഹണവിഭാഗത്തിന്റെ ശേഷി, മന്ത്രിസഭയുടെ ശേഷി, നിയമവ്യവസ്ഥയുടെ ശേഷി എല്ലാറ്റിലും ഒരുപാട് മാറ്റങ്ങൾ വരും. അതിനെ അനുകൂലിക്കാത്തതുകൊണ്ടാണ് ഞാനും എന്റെ മന്ത്രിസഭയും   രാജിസമർപ്പിച്ചിരിക്കുന്നത്..."   

click me!