ചൈന-ജപ്പാന്‍ യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഷു യാൻ എന്ന ജപ്പാൻ വംശജയായ പെൺകുട്ടിയുടെ കഥയാണിത്. ചൈനീസ് കുടുംബങ്ങൾ ദത്തെടുത്ത് സ്വന്തം മകളെപ്പോലെ വളർത്തിയ അവൾ, വർഷങ്ങൾക്ക് ശേഷമാണ് താന്‍ ശരിക്കും ആരാണ് എന്ന് അറിയുന്നത്. 

യുദ്ധത്തിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെടുമ്പോൾ അവൾ വളരെ ചെറിയ കുട്ടിയായിരുന്നു. അപരിചിതരായ ഒരുപാട് നല്ല മനുഷ്യരുടെ സ്നേഹവും പരിചരണവും കൊണ്ടാണ് അവൾ വളർന്നത്. ആ പെൺകുട്ടി ഇപ്പോൾ ഒരു മുത്തശ്ശിയായി. 'ബിയോണ്ട് ബ്ലഡ് ആൻഡ് ബോർഡേഴ്‌സ്' എന്ന ഡോക്യുമെന്ററി പരമ്പരയിലാണ് ചൈനയിൽ നിന്നുള്ള ജപ്പാൻ വംശജ ഷു യാന്റെ ഹൃദയസ്പർശിയായ കഥ പറഞ്ഞിരിക്കുന്നത്. 1945 -ലെ ചൈന-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ പരാജയത്തെത്തുടർന്ന് ചൈനയിൽ ഉപേക്ഷിക്കപ്പെട്ട, യുദ്ധം അനാഥമാക്കിയ 10 ജാപ്പനീസുകാരുടെ ജീവിതമാണ് ഈ പരമ്പരയിൽ പറയുന്നത്. അതിൽ ഏറെ വൈകാരികമായ കഥയായിരുന്നു ഷു യാന്റേത്.

യുദ്ധം അവസാനിച്ചതിന് പിന്നാലെ, നാലായിരത്തിലധികം ജാപ്പനീസ് കുട്ടികളാണ് ചൈനയിൽ നിരാലംബരായി ഉപേക്ഷിക്കപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ ചൈനയിലും ഇന്നർ മംഗോളിയൻ പ്രദേശങ്ങളിലുമായിരുന്നു. ഈ കുട്ടികളിൽ പലരെയും ചൈനീസ് കുടുംബങ്ങൾ പിന്നീട് ദത്തെടുക്കുകയും സ്വന്തം മക്കളെപ്പോലെ വളർത്തുകയും ചെയ്തു. ഷു യാൻ ലിയാണിംഗ് പ്രവിശ്യയിലെ ഷെന്യാങ് നഗരത്തിലാണ് ജനിച്ചത്. സകുറ യമമോട്ടോ എന്നായിരുന്നു അവളുടെ പേര്. അവളുടെ അച്ഛൻ സഞ്ചരിച്ചിരുന്ന വിമാനം വെടിവെച്ചിട്ടതിനെത്തുടർന്ന് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്നും അവളുടെ അമ്മ പ്രസവത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം മരണമടഞ്ഞു എന്നുമാണ് കരുതുന്നത്.

ഒരു വയസ്സാകും മുൻപേ ഒരു ചൈനീസ് കുടുംബം അവളെ ദത്തെടുത്തു. എന്നാൽ സാഹചര്യങ്ങൾ മോശമായപ്പോൾ അയൽവാസിയായ ഷു സെൻഫുവും ഭാര്യയും അവളെ ഏറ്റെടുക്കാൻ തയ്യാറായി. അവരാണവൾക്ക് 'ഷു യാൻ' എന്ന് പേരിട്ടത്. അവർ അവളെ സ്വന്തം മകളെപ്പോലെ വളർത്തി. എന്നാൽ, ഷു സെൻഫു മരിച്ചപ്പോൾ ഭാര്യയും ബുദ്ധിമുട്ടിലായി. പിന്നീട് ദാലിയൻ നഗരത്തിൽ തന്റെ സ്നേഹനിധിയായ അമ്മൂമ്മയുടെ പരിചരണത്തിലാണ് അവൾ വളർന്നത്. അവിടെ അയൽക്കാരും ബന്ധുക്കളും എല്ലാം അവളെ സ്നേഹം വാരിക്കോരിക്കൊടുത്താണ് വളർത്തിയത്.

പിന്നീട്, കിഴക്കൻ ചൈനയിലെ ഷാൻഡോങ്ങിൽ മിഡ്‌വൈഫ് ആയി വർഷങ്ങളോളം സേവനമനുഷ്ഠിച്ചു ഷു യാൻ. വളരെ വർഷങ്ങൾക്കുശേഷമാണ് താൻ ശരിക്കും ആരാണ് എന്നതൊക്കെ അവൾ തിരിച്ചറിയുന്നത്. 'ചൈനയിലെ ജനങ്ങളാണ് എന്റെ ജീവൻ രക്ഷിച്ചത്, പകരം താൻ ചൈനീസ് അമ്മമാരെയും കുഞ്ഞുങ്ങളെയും സേവിച്ചു' എന്നാണ് തന്റെ ജീവിതത്തെ കുറിച്ച് അവൾ പറഞ്ഞത്. 1980 -ൽ തന്റെ കുട്ടിയുമായി ഷെന്യാങ്ങിലേക്ക് മടങ്ങിയ ഷു യാൻ, ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിൽ നിന്നും വിരമിച്ച ശേഷം, അവർ സ്വയം ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രം പഠിക്കുകയും അയൽവാസികളെ ചികിത്സിക്കാൻ തുടങ്ങുകയും ചെയ്തു.

വിരമിച്ച ശേഷമാണ് താൻ ജപ്പാനിലെ യുദ്ധകാലത്ത് അനാഥരായ അനേകം കുഞ്ഞുങ്ങളിൽ ഒരാളാണ് എന്ന സത്യം അവൾ തിരിച്ചറിയുന്നത്. അക്കാലത്തെ വാക്സിനേഷൻ രീതികളിലെ വ്യത്യാസമാണ് അവൾ ജാപ്പനീസ് വംശജയാണെന്ന് കണ്ടെത്താൻ സഹായിച്ചത്. എന്നാൽ, പലരും സ്വന്തം കുടുംബത്തെ തേടി ജപ്പാനിലേക്ക് മടങ്ങിയപ്പോഴും, ഷു യാൻ ചൈനയിൽ തന്നെ തുടരാൻ തീരുമാനിച്ചു. തന്നെ വളർത്തിയ ചൈനയാണ് തന്റെ യഥാർത്ഥ വീടെന്നാണത്രെ അവൾ വിശ്വസിക്കുന്നത്. അവിടെയുള്ള മറ്റ് ജനങ്ങളെ സേവിക്കാനാണ് അവര്‍ എപ്പോഴും ശ്രമിക്കുന്നത്. നേരത്തെ മിഡ്‍വൈഫായിട്ടാണെങ്കില്‍ ഇന്നത് ചികിത്സ നല്‍കിക്കൊണ്ടാണ്.