അമ്മ ആത്മാവിന് ശാന്തി കിട്ടാൻ, അമ്മ ഉപയോഗിച്ച കിടക്കയിൽ മകൻ കിടന്നു, പിന്നാലെ ഗുരുതര രോഗം

Published : Dec 14, 2025, 11:36 AM IST
Chinese traditional bed

Synopsis

അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ അവരുടെ കിടക്കയിൽ കിടന്നുറങ്ങിയ മകന് ഗുരുതരമായ രോഗംപിടിപെട്ടു. അമ്മയുടെ മരണത്തിന് കാരണമായ അതേ ‍ചെള്ള് പരത്തുന്ന വൈറസ് മകനെയും ബാധിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം മെച്ചപ്പെട്ടത്.

 

രു മരണം നടന്നാൽ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശങ്ങളിലും വ്യത്യസ്തങ്ങളായ ചടങ്ങുകൾ നടത്താറുണ്ട്. എന്നാൽ, അത്തരത്തിൽ ഒരു മരണാനന്തര ചടങ്ങ് അനുഷ്ഠിച്ചതിനെ തുടർന്ന് മകന് ഗുരുതര രോഗം പിടിപെട്ടു. അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാദേശിക ശവസംസ്കാര ചടങ്ങിന്‍റെ ഭാഗമായി അവർ ഉപയോഗിച്ചിരുന്ന കിടക്കയിൽ തന്നെ കിടന്നുറങ്ങിയ മകനാണ് രോഗബാധിതനായത്. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമപ്രദേശത്താണ് ഈ വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 60 വയസ്സോളം പ്രായമുള്ള ചെൻ എന്നയാൾ ഏകദേശം പത്ത് ദിവസത്തോളം ആചാരത്തിന്‍റെ ഭാഗമായി അമ്മയുടെ കിടക്കയിൽ കിടന്നുറങ്ങി. പിന്നാലെ അദ്ദേഹത്തിന്‍റെ ആരോഗ്യം മോശമായി.

മരണാനന്തര ചടങ്ങ്

ചെന്നിന്‍റെ 86 വയസ്സുള്ള അമ്മ വയലിലെ ജോലികൾ ചെയ്തിരുന്ന കർഷക തൊഴിലാളിയായിരുന്നു. എന്നാൽ, പെട്ടെന്നൊരു ദിവസം അവർക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. പിന്നാലെ മരണത്തിന് കീഴടങ്ങി. അമ്മയുടെ വേർപാടിൽ അതീവ ദുഃഖിതനായ ചെൻ, ചില പ്രദേശങ്ങളിൽ 'പ്രേതത്തിന്‍റെ കിടക്ക അടക്കം ചെയ്യുക' എന്നറിയപ്പെടുന്ന ഒരു പ്രാദേശിക ആചാരം പിന്തുടർന്നു. ഇത് പൂർവ്വികരെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങാണ്. ഈ ആചാരം മരിച്ച ആത്മാവിനെ പരലോകത്തേക്കുള്ള യാത്രയിൽ സഹായിക്കുമെന്നാണ് ചില ചൈനീസ് ഗ്രാമങ്ങളിലെ വിശ്വാസം.

മരണ കാരണം

അമ്മയുടെ കിടക്കയിൽ കിടന്നുറങ്ങി പത്താം ദിവസമായപ്പോൾ, ചെന്നിനും വയറുവേദന, ഛർദ്ദി തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി. ചെന്നിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ, ഡോക്ടർമാർ അദ്ദേഹത്തിന് ചെള്ള് പരത്തുന്ന വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഒരുപക്ഷേ, ചെന്നിന്‍റെ അമ്മയുടെ മരണത്തിലേക്ക് നയിച്ചതും ഈ വൈറസ് ബാധയാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

ഇന്‍സ്റ്റാ ബന്ധം, സ്വർണവും പണവുമായി യുവതി പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടി, തങ്ങൾക്ക് 12 -കാരനായ മകനുണ്ടെന്ന് ഭർത്താവ്
പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ