ഈ റെസ്റ്റോറന്റിൽ കുടിക്കാൻ നൽകുന്നത് ടോയ്‍ലെറ്റിൽ നിന്നുമെടുത്ത വെള്ളം റീസൈക്കിൾ ചെയ്ത്

By Web TeamFirst Published Jun 11, 2021, 11:24 AM IST
Highlights

ചെറിയ മാലിന്യങ്ങൾ നീക്കംചെയ്യാനും ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാനും ദോഷകരമായ വസ്തുക്കളെ നിർവീര്യമാക്കാനും രൂപകൽപ്പന ചെയ്ത വിവിധ ഫിൽട്ടറുകൾ പ്യൂരിഫയറിൽ അടങ്ങിയിട്ടുണ്ട്.

നിങ്ങൾ ഒരു റെസ്റ്റോറന്റിൽ പോയെന്നിരിക്കട്ടെ അവിടെ നിങ്ങൾക്ക് കുടിക്കാൻ നൽകുന്നത് ടോയ്‌ലെറ്റിൽ നിന്ന് റീസൈക്കിൾ ചെയ്ത വെള്ളമാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നമ്മുടെ രാജ്യത്ത് ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമായിരിക്കും അത്. എന്നാൽ, ബെൽജിയത്തിലെ കുർണിലെ ഒരു റെസ്റ്റോറന്റ് സിങ്കുകളിൽ നിന്നും ടോയ്‌ലറ്റുകളിൽ നിന്നും റീസൈക്കിൾ ചെയ്തെടുത്ത കുടിവെള്ളമാണ് അവിടെ വരുന്ന ആളുകൾക്ക് നൽകുന്നത്.  

'ഗസ്റ്റ്‌ഇയോക്‌സ്' എന്നാണ് ഈ റെസ്റ്റോറന്റിന്റെ പേര്. റെസ്റ്റോറന്റിൽ ലഭിക്കുന്ന വെള്ളത്തിന് നമ്മൾ കരുതുന്ന പോലെ നാറ്റമോ, ദുഃസ്വാദോ ഒന്നുമില്ല. സാധാരണ ലഭിക്കുന്ന കുടിവെള്ളത്തിന്റെ അതേ രുചി തന്നെയാണ് ഈ വെള്ളത്തിനും. അങ്ങനെ പ്രത്യേകിച്ച്, ഗന്ധമോ രുചിയോ നിറമോ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ റെസ്റ്റോറന്റിലെ ടോയ്‌ലറ്റുകളിൽ നിന്ന് എടുത്തതാണെന്ന് പറയാത്തപക്ഷം ആർക്കും തന്നെ അത് മനസിലാക്കാൻ കഴിയില്ല. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചിന്തിക്കുന്നുണ്ടാകും? സങ്കീർണവും അഞ്ച് ഘട്ടങ്ങളുള്ളതുമായ ശുദ്ധീകരണ സംവിധാനത്തിലൂടെയാണ് ടോയ്‌ലെറ്റിൽ നിന്നുള്ള വെള്ളം ശുദ്ധമായ കുടിവെള്ളമാക്കി അവർ മാറ്റുന്നത്. 

ബെൽജിയൻ റെസ്റ്റോറന്റ് നഗരത്തിലെ ഡ്രെയിനേജ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ മലിനജലം സംസ്കരിക്കാനുള്ള ഒരു ഫലപ്രദമായ മാർ​ഗത്തിനായുള്ള തിരച്ചിലിലായിരുന്നു ഉടമകൾ. അങ്ങനെയാണ് ഈ സവിശേഷമായ വാട്ടർ റീസൈക്ലിംഗ് സംവിധാനം അവർ സ്ഥാപിച്ചത്. ആദ്യം ടോയ്‌ലറ്റിലെയും, സിങ്കിലെയും വെള്ളം സസ്യവളമുപയോഗിച്ച് വൃത്തിയാക്കുന്നു. അതിനുശേഷം അതിന്റെ ഒരു ഭാഗം ശേഖരിച്ച മഴവെള്ളവുമായി കലർത്തി ടോയ്‌ലറ്റുകളിൽ ഫ്ലഷ് ചെയ്യാൻ ഉപയോഗിക്കുന്നു. ബാക്കിയുള്ളവ ശുദ്ധീകരണ പ്രക്രിയകളിലൂടെ കുടിക്കാൻ യോഗ്യമാക്കുന്നു.  

ചെറിയ മാലിന്യങ്ങൾ നീക്കംചെയ്യാനും ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാനും ദോഷകരമായ വസ്തുക്കളെ നിർവീര്യമാക്കാനും രൂപകൽപ്പന ചെയ്ത വിവിധ ഫിൽട്ടറുകൾ പ്യൂരിഫയറിൽ അടങ്ങിയിട്ടുണ്ട്. സജീവമാക്കിയ കാർബൺ ഫിൽട്ടറുകളും അൾട്രാവയലറ്റ് വികിരണം ഉപയോഗിച്ച് അണുക്കളെ നിർവീര്യമാക്കുന്ന സംവിധാനവും ഈ ഉപകരണത്തിലുണ്ട്. റസ്റ്റോറൻറ് അതിന്റെ പുനരുപയോഗ ടോയ്‌ലറ്റ് വെള്ളം വിവിധ രൂപങ്ങളിൽ ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നു. സൗജന്യ കുടിവെള്ളമായും, ഐസ് ക്യൂബുകളുടെ രൂപത്തിലും, അതുമല്ലെങ്കിൽ കോഫി, ബിയർ എന്നിവയിൽ കലർത്തിയും അവർ ആളുകൾക്ക് നൽകുന്നു. ഇത്തരം ജലശുദ്ധീകരണ സംവിധാനങ്ങളിലൂടെ കുടിവെള്ളം എത്തിക്കാൻ സാധിക്കുമോ എന്നത് ഗവേഷണത്തിന് വിഷയമാണ്. എന്നിരുന്നാലും യൂറോപ്പിൽ ഇത്തരമൊരു സംരംഭം ഇതാദ്യമായാണ് നടത്തുന്നത്.  

click me!