
സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത് എന്തിന് വേണ്ടിയാവും? തനിച്ചൊരു വീട്ടിൽ താമസിക്കാൻ തീരുമാനിക്കുന്നതെന്തിനാവും? അവളുടെ ഇടങ്ങളും സമയവും ഊർജ്ജവുമെല്ലാം അപഹരിക്കുന്നത് ആരാവും? വീട് വിട്ടിറങ്ങുന്ന സ്ത്രീകളെ അഹങ്കാരിയും അധികപ്രസംഗികളുമാക്കുന്ന ലോകമാണിത്. സ്ത്രീകൾ വീട് വിട്ടിറങ്ങിയാലെന്തുണ്ടാവും?
തിരുവനന്തപുരത്തു അമ്പലമുക്കിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു അടുത്ത് പണ്ട് ഒരു അപ്പുക്കുട്ടൻ നായരുണ്ടായിരുന്നു, വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം എനിക്കൊരു മുറി വാടകക്കു തന്നിരുന്നു. അവിവാഹിതയായ എന്നോട് വാടക കൃത്യമായി തരണം എന്ന ഒരൊറ്റ കണ്ടീഷൻ മാത്രമേ അദ്ദേഹം വച്ചുള്ളൂ. അതായിരുന്നു എന്റെ ഔദ്യോഗികമായി ഒറ്റക്കുള്ള ആദ്യ താമസം. വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും മാറിയുള്ള വാസം. എന്റെ സ്വന്തം സ്പേസ് അഥവാ 'ഇടം'.
ഏതാണ്ട് ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം ഞാനൊരിക്കൽ കൂടി വീട്ടിൽ നിന്നിറങ്ങി. ഒറ്റയ്ക്ക് താമസിക്കാൻ. എനിക്ക് തൽക്കാലം കിട്ടിയ ഇടം (വീട്) അമ്പലമുക്കിൽ തന്നെ. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു തൊട്ടുമുമ്പിൽ. കുറച്ച് ദിവസമേ ആയിട്ടുള്ളു ഞാനിവിടെ വന്നിട്ട്. ആദ്യ ദിവസം ഞാൻ പലതവണ എന്നെത്തന്നെ നുള്ളിനോക്കി, ഇത് റിയൽ ആണെന്നുറപ്പിക്കാൻ. ഇവിടെ എനിക്കിഷ്ടമുള്ളതു ചെയ്താൽ മതി. എന്റെ സമയം, എന്റെ എനർജി എല്ലാം എനിക്കുതകും വിധം ഉപയോഗിക്കാം. അതൊന്നുറപ്പിക്കാൻ സ്വയം നുള്ളേണ്ടി വന്നു ഇടയ്ക്കിടെ. അതുറപ്പിച്ചു കഴിഞ്ഞപ്പോൾ, പുറത്തു നഗരത്തിലെ മേൽക്കൂരകളിൽ മഴ ശബ്ദമില്ലാതെ പതിയുന്നത് ഞാനറിഞ്ഞു.
'വീട്' എന്ന വാക്കിനു കൂര എന്നൊരർഥത്തിൽ മാത്രം എടുക്കുകയാണെങ്കിൽ, എന്റെ തലയ്ക്കു മീതെ എന്നും കൂരയുണ്ടായിരുന്നു. മറ്റുള്ളവർ അനുവദിച്ചു തന്ന കുടുംബ കൂരകൾ, ഞാനായി കണ്ടെത്തിയ വാടക കൂരകൾ. പക്ഷേ, ആ കൂരകളിൽ എനിക്കൊരു 'ഇടം' ഉണ്ടായിരുന്നില്ല. അപൂർവമായി കൂരക്കുള്ളിലെ ഏതെങ്കിലും കോണുകളിലോ മുറ്റത്തെ വരാന്തയിലോ, ജനലിൽനോട് ചേർത്ത് ഇട്ടിരുന്ന കസേരകളിലോ , വിറകടുപ്പ് കത്തിയെരിഞ്ഞു കൊണ്ടിരുന്ന അടുക്കള മൂലയിലോ അറിയാതെ ഇടങ്ങൾ വീണു കിട്ടിയിരുന്നു. ആ ഇടങ്ങളിൽ ഞാൻ എന്നെത്തന്നെ ചേർത്തു വച്ചപ്പോൾ ഞാൻ കേട്ടു, 'അയാളുടെ അധികാരം വിട്ടു കളിയില്ല', 'അയാളുടെ സ്പേസ് ആക്കി മാറ്റിയെടുത്തു...' എന്നൊക്കെയുള്ള പരാതികൾ.
അപൂർവം കിട്ടിയ ആ ഇടങ്ങൾ നമ്മുടേതായി കരുതി, നമ്മൾ അവിടെ ഒതുങ്ങിയാൽ, നമ്മളെ ബാക്കിയുള്ളവർ ഒതുക്കും എന്ന് ഞാനറിഞ്ഞു. ആരും ഇരിക്കാതെ മൂലയ്ക്ക് തള്ളുന്ന പഴഞ്ചൻ കസേരകളിൽ ഓരോരുത്തരും ഊരിയിടുന്ന മുഷിഞ്ഞ വസ്ത്രക്കൂമ്പാരങ്ങൾ കുന്നുകൂടുന്നപോലെ, നമ്മുടെ തലയിലേക്ക് ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡക്കെട്ടുകൾ താനെ വന്നു വീഴും, പിന്നെ കുമിഞ്ഞു കൂടും. അതോടെ, നിങ്ങൾ നിങ്ങൾ അല്ലാതാവും, നിങ്ങൾ 'അമ്മ'യെ പോലെ, 'ചേച്ചി'യെ പോലെ, 'എടത്തിഅമ്മയെപോലെ' ഒരു കുടുംബ വിളക്കാവും. അങ്ങനൊരു റോൾ മോഡലാവാൻ എനിക്കിഷ്ടമല്ല. വീട്ടിനുള്ളിൽ, കുടുംബത്തിനുള്ളിൽ തന്നെ ഒരിടം തേടി അലഞ്ഞാൽ നിങ്ങൾ ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ പോലെയാകും എന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ വീട് വിട്ടിറങ്ങാൻ തീരുമാനിച്ചു. വീടിനു പുറത്താണ് ആകാശം, വീടിനു പുറത്താണ് വിശാലമായ കടലോരം. വീടിനു വെളിയിലാണ് നീണ്ട വഴിയോരങ്ങൾ, കലുങ്കുകൾ, മരച്ചോടുകൾ, വായനശാലകൾ, ആൽത്തറകൾ, മൈതാനങ്ങൾ, സിമന്റു ബെഞ്ചുകൾ.
ഇൻസ്ട്രുമെന്റ് ബോക്സിൽ പേനയും, പെൻസിലും, കുഞ്ഞിപ്പെൻസിലുകളും അടുക്കിവയ്ക്കുന്ന ഒരു മൂന്നാം ക്ലാസ് പെൺകുട്ടിയുടെ മനസ്സിൽ ഏറ്റവും നീളമുള്ള പെൻസിൽ അച്ഛൻ, അതിലും ചെറുത് അമ്മ, വലുപ്പമനുസരിച്ചു കുഞ്ഞിപ്പെൻസിലുകൾ കുട്ടികൾ. അവളതു അവളുടെ കൂട്ടുകാരി ഷേർലി ജോർജുമായി ഷെയർ ചെയ്യുന്നു, ഷേർലി അവളുടെ സകുടുംബ വീടുണ്ടാക്കുന്നു, അവളുടെ ഇൻസ്ട്രുമെന്റ് ബോക്സിൽ. ആ കുഞ്ഞുങ്ങൾക്ക് അമ്മയേക്കാൾ നീളം കുറഞ്ഞ അച്ഛനെയോ, മുൻ ശത്തു പത്രം വായിച്ചിരിക്കുന്ന അമ്മക്ക് ചായയുമായി വരുന്ന അച്ഛനെയോ സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല. കുഞ്ഞുങ്ങളെ വേണ്ടാന്ന് വയ്ക്കുന്ന ഭാര്യാഭർത്താക്കന്മാരേയോ, കുഞ്ഞിനെ വളർത്തുന്ന സിംഗിൾ പേരന്റിനെയോ അറിയില്ലായിരുന്നു. അവരുടെ ഒക്കെ അമ്മയും, അമ്മൂമ്മയും എപ്പോഴും അടുക്കളയിലും പര്യാമ്പുറത്തും ചലിച്ചുകൊണ്ടേയിരുന്നു, ചാവി കൊടുത്ത ചില പാവകളെ പോലെ. പുരുഷന്മാർ വീടിനു പുറത്തു അവരുടേതായ 'സ്പേസ്' കണ്ടെത്തുകയായിരുന്നു അപ്പോൾ. അവർക്കറിയാം കൃത്യമായി എവിടെ എന്തിനു എപ്പോൾ അവരുടെ സമയവും കഴിവും ഊർജ്ജവും വിനിയോഗിക്കണമെന്ന്. അവരുടെ താല്പര്യങ്ങൾക്കായിരുന്നു മുൻതൂക്കം.
ഉത്തർ പ്രദേശിലെ ജോൻപൂരിൽ ഒരു സർവേ ചെയ്യുന്ന സമയത്തു ഒരു ഗ്രാമപ്രധാൻ പറഞ്ഞതോർക്കുന്നു, സ്ത്രീകൾ വളകളിടണം, അതും കുപ്പിവളകൾ ആയാൽ ഏറെ നന്ന്. മുൻവശത്തിരിക്കുന്ന ആണുങ്ങൾക്ക് ആ വളകിലുക്കം അകത്തുനിന്നു കേൾക്കുമ്പോൾ അറിയാം, വീടിനുള്ളിൽ സ്ത്രീകളുണ്ടെന്ന്, അവൾ ചപ്പാത്തി പരത്തുകയാണോ എന്ന് പോലും ഉമ്മറത്തിരിക്കുന്ന പുരുഷനറിയാം, വളകിലുക്കം കേൾക്കുമ്പോൾ. 'വഷളൻ...' എന്നുള്ളിൽ പറഞ്ഞുകൊണ്ടാണ് എന്തുകൊണ്ടോ ഞാൻ ആ പടിയിറങ്ങിയത്.
പുരുഷമേധാവിത്വം നിറഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിൽ സ്വന്തമായി ഒരിടം തേടി വീട് വിട്ടിറങ്ങുന്ന ഒരു പെണ്ണ് അധികപ്രസംഗിയാണ്. അഹങ്കാരിയാണ്. സ്വാർത്ഥയാണ്. മനുഷ്യർ കൂരയില്ലാതെ തെണ്ടുമ്പോൾ, ഏതെങ്കിലും കൂലിപ്പണി ചെയ്തു ഏതെങ്കിലും ചേരികളിലെ കൂരകളിൽ തലചായ്ക്കാൻ ഒരിടം നോക്കുന്ന സ്ത്രീകളുള്ള നാട്ടിൽ, ഒരു സുരക്ഷിതമായ കൂര ഉള്ള ഞാൻ ഒരിടം തേടി വീട് വിട്ടിറങ്ങുമ്പോൾ, എന്തുകൊണ്ട് നിന്റെ ഉള്ള സ്ഥലം ഓർഗനൈസ് ചെയ്തു സ്വന്തം കാര്യങ്ങൾക്കായി നിന്റെ സമയവും ഊർജവും വിനിയോഗിക്കുന്നില്ല? ജോലി ചെയ്തു, കുടുംബം നോക്കി, മിച്ചം കിട്ടുന്ന സമയങ്ങളിൽ തന്റേതായ കഴിവുകളെ വളർത്തിയെടുക്കുന്ന എത്രയോ സ്ത്രീകളുണ്ടാവാം? പക്ഷെ, എനിക്കാവാത്തതെന്തേ?
പക്ഷേ, ഈ ഓർഗനൈസ്‌ഡ് ജീവിതത്തിൽ ഒരുയാന്ത്രികത ഇല്ലേ? എത്ര നന്നായി അവൾ പാളങ്ങളിലൂടെ കൃത്യമായി ഓടുന്നു എന്ന് നിങ്ങൾക്ക് തോന്നാം, പക്ഷെ ആ താളത്തിന് എവിടേലും അല്പം പിഴവ് പറ്റിയാൽ മൊത്തം ജീവിതം derailed ആവില്ലെ? ഇവിടെ എത്തിയ ശേഷം എനിക്ക് വേണ്ടപ്പെട്ട ഒരാൾ, ഒരു സ്ത്രീ- ഉദ്യോഗസ്ഥ - എന്നോട് പറഞ്ഞു, വീട്ടിലിനുള്ളിൽ അവർക്കു അവരുടേതായ കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ സമയം കിട്ടുന്നില്ല എന്ന്. ഞാനിത് അവരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല; ഞാൻ കരുതി അവർ എന്നെ ഉപദേശിക്കുമെന്നും എന്റെ ഉത്തരവാദിത്വബോധങ്ങളെ ഓർമ്മിപ്പിക്കുമെന്നും. കുടുംബം, കുട്ടികൾ, ജോലി, കടമ എന്നീ കടമ്പകളെല്ലാം ചാടിക്കടന്നു 'സക്സസ്ഫുൾ' ആയി ജീവിക്കുന്ന അവർ ഒരു ഉത്തമ ഭാര്യ ആണെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവർക്കില്ലാത്തത് അവരുടേതായ അല്പം സമയം ആണെന്നവർ തുറന്നു പറഞ്ഞു. ഇങ്ങനെ സ്വന്തം വീട്ടിൽ ഒരു സമാധാനത്തോടെ ഇരിക്കാനാവാത്ത സ്ത്രീകൾ ധാരാളം ഉണ്ട്. അവർക്കു സമാധാനമായിട്ടിരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ, സ്ഥലമില്ല, സമയമില്ല. ഊർജ്ജമില്ല. എന്നാലും വീടിനു വെളിയിൽ അവർ ഇറങ്ങാൻ ധൈര്യപ്പെടുന്നില്ല. ഉത്തമ ഭാര്യ പദവി പോയെന്നിരിക്കും. അവർക്കല്പം അവരുടേതായ സമയമാകും വേണ്ടത്, അവരുടെ ഊർജ്ജം വറ്റിപ്പോകുന്നു.
ഒരു കുടുംബത്തിൽ ചുമതലകൾ പങ്കിട്ടെടുക്കാൻ കൂടെ താമസിക്കുന്നവർ ഇല്ലാത്തിടത്തോളം കാലം, സ്ത്രീകൾ നാലു ചുമരിനുള്ളിൽ വലിഞ്ഞു വലിഞ്ഞു നടന്നു അടുക്കള പിന്നെയും പിന്നെയും വെടുപ്പാക്കിക്കൊണ്ടേ ഇരിക്കും; കക്കൂസും കുളിമുറിയും കഴുകാനായി ഞായറാഴ്ചകൾ മാറ്റിവയ്ക്കും; ഗ്യാസ് അടുപ്പിനടിയിൽ പതഞ്ഞു പൊങ്ങി ഒഴുകിയ പാൽ അവൾക്കായി കട്ടപിടിച്ചു കിടക്കും, കഴുകാത്ത പാത്രങ്ങളും തണ്ടൊടിഞ്ഞ കുക്കറും റബ്ബറും വിസിലും പലയിടങ്ങളിലായി നിരന്നു കിടക്കും. ചിലന്തിവല അടിക്കൽ, തൂത്തുവാരാൻ, തുണിയലക്കൽ എന്നിവയ്ക്ക് ഓരോ ദിവസങ്ങൾ! ഈ സൈക്കിൾ തുടർന്നുകൊണ്ട് ഇരിക്കും. വീട്ടു പണി അവസാനിക്കുന്നേയില്ല. കാരണം, അത് പങ്കു വയ്ക്കാൻ വീട്ടിനുള്ളിലുള്ളവർ അധികമൊന്നും തയ്യാറാവില്ല. അഥവാ വന്നാലും അവർക്കു ഗസ്റ്റ് റോൾ ആവും വേണ്ടത്. ആരുടെയെങ്കിലും തോളിൽ ചുമതലയുടെ മാറാപ്പു വച്ച് അവർ മുങ്ങും; പിന്നെ പൊങ്ങുന്നത് നിങ്ങളുടെ കഴിവില്ലായ്മ ചൂണ്ടി കാണിക്കാനാവും, നിങ്ങളുടെ പാളിച്ചകൾ എണ്ണിപ്പറയാനാവും, ഉപദേശിക്കാനാവും. നിങ്ങളുടെ സമയവും, എനർജിയും അവർക്കു പാഴ്വസ്തുക്കളാണ്.
ഒരു കുടുംബത്തിനുള്ളിലാണ് എല്ലാവരുടെയും പങ്കാളിത്തം വേണ്ടത്. ഉണ്ടാവേണ്ടത്. മറ്റൊരാളുടെ എനർജിയും ടൈമും സ്വന്തം ടൈമിനും എനർജിക്കും തുല്യമാണെന്നും മനസ്സിലാക്കിയാൽ മാത്രമേ കുടുംബം എല്ലാവരുടെയും ഇടമായി മാറൂ. അതില്ലെങ്കിൽ സ്വന്തം ഇടങ്ങൾ തേടി സ്ത്രീകൾ വീട് വിട്ടിറങ്ങി എന്ന് വരും.