ഞണ്ടുകള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ അടുത്ത ഇര

By Gopika SureshFirst Published Jan 31, 2020, 5:02 PM IST
Highlights

പസഫിക് സമുദ്രത്തിലെ അസിഡിറ്റി കൂടിവരുന്നത് നോര്‍ത്ത് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കണ്ടുവരുന്ന ഒരിനം വലിയ ഞണ്ടുകളുടെ (ഡംഗനെസ് ഞണ്ടുകള്‍) പുറംതോടുകളെയും ഇന്ദ്രിയ അവയവങ്ങളെയും നശിപ്പിക്കുന്നുവെന്ന് പഠനം.

പസഫിക് സമുദ്രത്തിലെ അസിഡിറ്റി കൂടിവരുന്നത് നോര്‍ത്ത് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കണ്ടുവരുന്ന ഒരിനം വലിയ ഞണ്ടുകളുടെ (ഡംഗനെസ് ഞണ്ടുകള്‍) പുറംതോടുകളെയും ഇന്ദ്രിയ അവയവങ്ങളെയും നശിപ്പിക്കുന്നുവെന്ന് പഠനം. സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വെയണ്‍മെന്റല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിന ബെഡ്നര്‍സെക്കിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പഠനമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ അപകടം തുറന്നു കാണിക്കുന്നത്. 

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതലായുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സമുദ്രം ആഗിരണം ചെയ്യുന്നു. ഈ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ജലകണികകളുമായി പ്രതിപ്രവര്‍ത്തനം നടത്തി കാര്‍ബോണിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് വീണ്ടും ഹൈഡ്രേജന്‍ അയേണും ബൈകാര്‍ബോണറ്റുമായി വേര്‍തിരിയുകയും പ്രതിപ്രവര്‍ത്തനം നടക്കുകയും വഴി സമുദ്രത്തിലെ pH കുറയുകയും അമ്ലത കൂടുകയും ചെയ്യുന്നു. മനുഷ്യന്റെ പല പ്രവര്‍ത്തനങ്ങളും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വന്‍തോതില്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ്. 

സമുദ്രത്തിലെ അമ്ലത കൂടുമ്പോള്‍ കാര്‍ബണേറ്റ് അയണുകളുടെ ലഭ്യത കുറയും. ഈ കാര്‍ബണേറ്റ് അയണുകളാണ് പുറംതോടുകളുണ്ടാക്കാന്‍ ഞണ്ടുകളും കക്കകളുമൊക്കെ ഉപയോഗിക്കുന്നത്. ഇവയുടെ ലഭ്യത കുറയുന്നത് വഴി കട്ടികൂടിയ പുറംതോടുകള്‍ ഉണ്ടാക്കാന്‍ കഴിയാതെ വരുന്നു. ഇതുകൂടാതെ അമ്ലത്വം കൂടുന്നത് ഞണ്ടിന്‍ കുഞ്ഞുങ്ങളുടെ പുറംതോട് ദ്രവിക്കാനും അവയുടെ വളര്‍ച്ചയെ തടസപ്പെടുത്താനും അവയുടെ ചുറ്റുപാടിനെക്കുറിച്ചു അറിവ് നല്‍കുന്ന ഇന്ദ്രിയങ്ങള്‍ നശിക്കാനും കാരണമാകും. ഇത് പിന്നീടുള്ള അവയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുകയും വളര്‍ച്ച മുരടിക്കാനും കാരണമാകുന്നു. കൂടിവരുന്ന പസിഫിക് സമുദ്രത്തിലെ അമ്ലത്വം  ഞണ്ടുകളുടെ പുറംതോടിനുണ്ടാക്കുന്ന നാശത്തെ കുറിച്ചുള്ള ആദ്യപഠനങ്ങളില്‍ ഒന്നാണിത്.

ഞണ്ടുകള്‍ ആവാസ വ്യവസ്ഥയിലെ വലിയൊരു കണ്ണിയാണ്. മനുഷ്യനും മറ്റുള്ള ജീവികളും അവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഞണ്ടുകള്‍ ഇപ്പോള്‍ തന്നെ കാലാവസ്ഥ വ്യതിയാനത്തിന് ഇരയായിട്ടുണ്ടങ്കില്‍ ആവാസവ്യവസ്ഥയിലെ മറ്റു ജീവികള്‍ക്കും ഇങ്ങനെ സംഭവിക്കുന്നുണ്ടാവാം. ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് നീളേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്ന് പഠനം നടത്തിയ നിന ബെഡ്നര്‍സെക്ക് പറയുന്നു. 

click me!