മോഷണത്തിന് കയറിയത് അധ്യാപകന്റെ വീട്ടിൽ, തിരിച്ചറിഞ്ഞ കള്ളന്മാർ 200 രൂപ തിരികെ നൽകി

Published : Jul 14, 2022, 03:55 PM IST
മോഷണത്തിന് കയറിയത് അധ്യാപകന്റെ വീട്ടിൽ, തിരിച്ചറിഞ്ഞ കള്ളന്മാർ 200 രൂപ തിരികെ നൽകി

Synopsis

അദ്ദേഹം ഭയന്ന് അവിടെയുണ്ടായിരുന്നു പതിനേഴായിരത്തോളം രൂപ അവർക്ക് കൈമാറി. അവിടെ നിന്ന് കിട്ടിയ രണ്ട് മൊബൈൽ ഫോണുകളും പണവുമായി കള്ളന്മാർ പോകാൻ ഒരുങ്ങിയപ്പോഴാണ് അതുണ്ടായത്. അതിലൊരാൾ പെട്ടെന്ന് അധ്യാപകന് നേരെ നടന്നടുത്തു.

സമൂഹത്തിൽ ഗുരുക്കന്മാരുടെ സ്ഥാനം വളരെ വലുതാണ്. അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുന്നവരാണ് അവർ. ബഹുമാനത്തോടെ മാത്രമേ അവരെ കുറിച്ച് നമുക്ക് ഓർക്കാൻ കഴിയൂ. രാത്രി ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ രണ്ട് കള്ളന്മാർ അത് തങ്ങളുടെ അധ്യാപകന്റെ വീടാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹത്തിന്റെ പാദങ്ങളിൽ ശിരസ്സ് നമിച്ചു. തുടർന്ന്, അദ്ദേഹം ആവശ്യപ്പെട്ട തുക അദ്ദേഹത്തിന് തിരികെ നൽകുകയുമുണ്ടായി. പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്.

ഫറാക്ക ബാരേജ് ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനാണ് ഹരിശ്ചന്ദ്ര റോയ്. 1997-ലാണ് അദ്ദേഹം വിരമിക്കുന്നത്. അതിന് ശേഷം, റോയ് ഫറാക്ക ബാരേജിലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസം. രോഗിയായ റോയിക്ക് ഒരു ഇളയ സഹോദരനുമുണ്ട്. റോയിയുടെ കാര്യങ്ങൾ എല്ലാം നോക്കി റോയ്‌ക്കൊപ്പമാണ് സഹോദരനും താമസിക്കുന്നത്. സ്ഥിരമായി മരുന്നുകളും ഫിസിയോതെറാപ്പിയും ഒക്കെ റോയ്ക്കുണ്ടായിരുന്നു. ഫറാക്കയിൽ അധ്യാപകനായി ജോലി നോക്കിയ അദ്ദേഹം അവിടത്തുകാരുടെ പ്രിയങ്കരനായിരുന്നു. ജനങ്ങൾക്ക് അദ്ദേഹത്തെ വലിയ ബഹുമാനവും, സ്നേഹവുമായിരുന്നു. ദയാലുവായ അദ്ദേഹം പാവപ്പെട്ട വീട്ടിലെ കുട്ടികളെ സാമ്പത്തികമായി സഹായിക്കുമായിരുന്നു. തന്റെ പോക്കറ്റിൽ നിന്ന് പൈസ ചിലവാക്കി അവരെ അദ്ദേഹം പഠിപ്പിക്കുമായിരുന്നു.  

അടുത്തിടെ ചികിൽസയ്ക്കായി റോയ് ബാംഗ്ലൂർ വരെ പോയിരുന്നു. തിങ്കളാഴ്‌ച, അത്താഴത്തിന്‌ ശേഷമാണ് സഹോദരനോടൊപ്പം റോയ്‌ വീട്ടിൽ തിരികെ എത്തിയത്. വീടിന്റെ വാതിൽ തുറന്ന് അകത്ത് കടന്നതും എവിടെ നിന്നെന്നറിയില്ല രണ്ടുപേർ കത്തി പോലുള്ള മൂർച്ചയുള്ള ആയുധങ്ങളുമായി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി. റോയിയുടെ സഹോദരൻ അവരെ തടയാൻ ശ്രമിച്ചപ്പോൾ അവർ അദ്ദേഹത്തിന്റെ കഴുത്തിൽ ആയുധം വച്ച് ഭീഷണിപ്പെടുത്തി. അദ്ദേഹത്തെ ഒരു ശുചിമുറിയിലേക്ക് തള്ളിയിട്ട്, വാതിൽ പുറത്ത് നിന്ന് പൂട്ടി. ഒടുവിൽ രോഗിയായ റോയും, കള്ളന്മാരും വീട്ടിൽ ബാക്കിയായി. വീട്ടിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന പണവും പണ്ടങ്ങളും എടുക്കാൻ അധ്യാപകനോട് അവർ ആക്രോശിച്ചു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇരുവരും മുഖംമൂടി ധരിച്ചിരുന്നത് കൊണ്ട് അധ്യാപകന് കള്ളന്മാരെ തിരിച്ചറിയാൻ സാധിച്ചില്ല.

അദ്ദേഹം ഭയന്ന് അവിടെയുണ്ടായിരുന്നു പതിനേഴായിരത്തോളം രൂപ അവർക്ക് കൈമാറി. അവിടെ നിന്ന് കിട്ടിയ രണ്ട് മൊബൈൽ ഫോണുകളും പണവുമായി കള്ളന്മാർ പോകാൻ ഒരുങ്ങിയപ്പോഴാണ് അതുണ്ടായത്. അതിലൊരാൾ പെട്ടെന്ന് അധ്യാപകന് നേരെ നടന്നടുത്തു. ഭയം കൊണ്ട് വിറച്ച അദ്ദേഹത്തിന്റെ മുന്നിൽ വന്ന് ശിരസ്സ് നമിച്ചു. താൻ കൊള്ളയടിക്കുന്നത് തന്റെ അധ്യാപകനെ തന്നെയാണെന്ന് അപ്പോഴാണ് അതിലൊരു കള്ളന് മനസിലാക്കിയത്. അവർ തനിക്കോ സഹോദരനോ ദ്രോഹം ചെയ്യില്ലെന്ന് മനസ്സിലാക്കിയ, അധ്യാപകൻ തന്റെ അവസ്ഥ അവരോട് വിവരിച്ചു. 

രാവിലെ പലചരക്ക് സാധനങ്ങൾ വാങ്ങണമെന്നും, ഫിസിയോതെറാപ്പിക്ക് പോകണമെന്നും അധ്യാപകൻ പറഞ്ഞു. അതിന് വേണ്ടുന്ന തുക തിരികെ നൽകണമെന്നും കള്ളന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അവർ തങ്ങളുടെ കൈയിൽ നിന്ന് 200 രൂപയും അവിടെ നിന്ന് എടുത്ത മൊബൈൽ ഫോണുകളും അധ്യാപകന് നൽകി അവിടെ നിന്ന് പോയി.  എന്തായാലും, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ