Russia Ukraine War : പുടിന്റെ തലയെടുക്കുന്നവര്‍ക്ക് ഏഴര കോടി ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍

Web Desk   | Asianet News
Published : Mar 04, 2022, 06:14 AM IST
Russia Ukraine War :  പുടിന്റെ തലയെടുക്കുന്നവര്‍ക്ക് ഏഴര കോടി  ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍

Synopsis

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ നിക്ഷേപകനായ അലക്‌സ് കൊനാനിഖിന്‍ ആണ് ഫേസ്ബുക്കിലൂടെ ഈ പ്രഖ്യാപനം നടത്തിയത്.  

യുക്രൈന്‍ ആക്രമണം നടത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ തലയെടുക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ (7.59 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍. പുടിനെ യുദ്ധക്കുറ്റവാളിയായി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ നിക്ഷേപകനായ അലക്‌സ് കൊനാനിഖിന്‍ ആണ് ഫേസ്ബുക്കിലൂടെ ഈ പ്രഖ്യാപനം നടത്തിയത്.  

 

 

പുടിന്റെ ചിത്രത്തോടൊപ്പം പുടിനെ ജീവനോടെയോ കൊന്നോ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററിനൊപ്പമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. എന്നാല്‍, അതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ പോസ്റ്റ് അപ്രത്യക്ഷമായി. അതിനുശേഷം, പോസ്റ്റര്‍ ഇല്ലാതെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്റെ പോസ്റ്റ് ഫേസ്ബുക്ക് നിരോധിച്ചുവെന്നും അത് ശരിയാണോ എന്നും ചോദിച്ചശേഷമാണ്, അദ്ദേഹം പുടിന്റെ തലയ്ക്ക് വിലയിടുന്ന കുറിപ്പ് ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റ് ചെയ്തത്. 

''റഷ്യന്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പുടിനെ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് ഹാജരാക്കി ഭരണഘടനാ പ്രകാരമുള്ള കടമ നിര്‍വഹിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് പത്തു ലക്ഷം ഡോളര്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.''എന്നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്.  സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും എതിരാളികളെ വകവരുത്തുകയും ചെയ്യുന്ന പുടിന്റെ നടപടി റഷ്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അലക്‌സ് പറഞ്ഞു.  

''റഷ്യയെ നാസിവല്‍ക്കരണത്തില്‍നിന്നും രക്ഷപ്പെടുത്തുക എന്നത് റഷ്യന്‍ പൗരനും റഷ്യന്‍ വംശജനും എന്ന നിലയില്‍ എന്റ ധാര്‍മ്മികമായ ബാധ്യതയാണ്. പുടിന്റെ അതിക്രമങ്ങള്‍ക്കെതിരെ സുധീരം പൊരുതുന്ന യുക്രൈന്‍കാരുടെ കൂടെ എന്നും നിലയുറപ്പിക്കും''- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇതുപോലെ ഇനാം പ്രഖ്യാപിച്ച് രംഗത്തുവന്നാല്‍, റഷ്യന്‍ സൈന്യം തന്നെ പുടിനെ പിടികൂടി യുദ്ധക്കുറ്റത്തിനുള്ള ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരമൊരു പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് പുടിനില്‍നിന്നും പ്രതികാരം ഉണ്ടാവുമെന്ന് ഭയമുണ്ടോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് എതിരാളികളെ കൊല ചെയ്യുകയാണ് പുടിന്റെ പണ്ടേയുള്ള ശീലമെന്നും എത്രയോ പേരെ അങ്ങനെ കൊലചെയ്തയാളാണ് പുടിനെന്നും അലകസ്് പറഞ്ഞു. 1992-നു ശേഷം താനിതുവരെ റഷ്യയില്‍ പോയിട്ടില്ലെന്നും അലക്‌സ് മാധ്യമങ്ങളോട് പറഞ്ഞു. 

ആദ്യ പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് രണ്ടാമത്തെ പോസ്റ്റ് വന്നത്. ആദ്യ പോസ്റ്റ് ഫേസ്ബുക്ക് നിരോധിച്ചതായി രണ്ടാമത്തെ പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. താന്‍ പഴയ നിലപാടില്‍നിന്നും മാറിയിട്ടില്ലെന്നും പുടിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നവര്‍ക്ക് ഇനാം നല്‍കുമെന്നും അല്ക്‌സ് ആവര്‍ത്തിച്ചു. രണ്ടാമത്തെ പോസ്റ്റില്‍  പഴയ പോസ്റ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടില്ല. 

 

 

അതിസമ്പന്നനായ അലക്‌സിന് 3000 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് (2270 കോടി രൂപ)വൈസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് വൊസ്‌നിയാക്, ഗായകനായ ലാന്‍സ് ബാസ് എന്നിവര്‍ക്കൊപ്പം നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള ടിവി ഷോയായ യൂനികോണ്‍ ഹണ്ടേഴ്‌സിലെ സര്‍ക്കിള്‍ ഓഫ് മണി അംഗമാണ് ഇദ്ദേഹമിപ്പോള്‍. 1999-ലാണ് ഇദ്ദേഹത്തിന് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കിയത്. പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ അത് നാല് വര്‍ഷത്തേക്ക ചുരുക്കി. അതിനുശേഷം 2007-ല്‍ വീണ്ടും അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കി. 

യുക്രൈനിനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യന്‍ കോടീശ്വരന്‍മാരുടെ ബിസിനസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് നിരവധി റഷ്യന്‍ പ്രഭുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും അസാധാരണമായ വിധം യുദ്ധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം നിലപാട് എടുത്തിരുന്നു. 
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!