
ലോകത്തെ വിവിധ മേഖലകളിൽ സംഭാവന നൽകിയ ബഹുമാന്യരായ വ്യക്തികളുടെ ജീവൻ തുടിക്കുന്ന മെഴുക് പ്രതിമകളാണ് പാരീസിലെ ഗ്രെവിൻ മ്യൂസിയ(Paris Grevin Museum)ത്തിലുള്ളത്. അക്കൂട്ടത്തിൽ തലയുയർത്തി നിന്നിരുന്ന ഒരു മെഴുക് പ്രതിമയായിരുന്നു ഇന്നലെ വരെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റേ(Russian President Vladimir Putin)ത്. എന്നാൽ, ഇനി മുതൽ ഈ പ്രതിമയ്ക്ക് അവിടെ സ്ഥാനമില്ല. റഷ്യൻ സൈന്യം ഒരു ദയവുമില്ലാതെ യുക്രൈനിൽ അധിനിവേശം തുടരുന്നതിന് പിന്നാലെയാണ് പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്യാൻ പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിന്റെ ഡയറക്ടർ യെവിസ് ദോഹമ്യയോ തീരുമാനിച്ചത്.
"ഗ്രെവിൻ മ്യൂസിയത്തിൽ ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളുടെ പ്രതിമകൾ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ല. ഇന്ന് പുടിനെയും അവിടെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല" മ്യൂസിയം ഡയറക്ടർ പറഞ്ഞു. 2000 -ത്തിൽ നിർമ്മിച്ച പ്രതിമ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെയർഹൗസിലേക്ക് മാറ്റിയിരിക്കയാണ്. മ്യൂസിയത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിലവിൽ നടക്കുന്ന ചരിത്രപരമായ സംഭവങ്ങളെ തുടർന്ന് ഒരു പ്രതിമ പിൻവലിക്കുന്നത്. കൂടാതെ, വാരാന്ത്യത്തിൽ പ്രതിമ സന്ദർശകർ ആക്രമിക്കുകയുമുണ്ടായി. യുക്രൈനിലെ അധിനിവേശത്തോടുള്ള ഒരു പ്രതിഷേധമായിട്ടാണ് സന്ദർശകർ പ്രതിമ നശിപ്പിച്ചത്.
എന്നാൽ ഇന്ന് നടക്കുന്ന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രതിമയുടെ കേടുപാടുകൾ തീർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് യെവിസ് പറഞ്ഞു. 'മുൻപ് എല്ലാ ദിവസവും പ്രതിമയുടെ മുടിയും രൂപവും മിനുക്കാൻ ഞങ്ങളുടെ ജീവനക്കാർ തയ്യാറായിരുന്നു. എന്നാൽ ഇനി അവർക്ക് അതിന് സാധിക്കില്ലെന്ന് അവർ പറയുന്നു' അദ്ദേഹം പറഞ്ഞു. തുടർന്ന് പാരീസ് ഗ്രെവിൻ മ്യൂസിയം ഈ ആഴ്ച വ്‌ളാഡിമിർ പുടിന്റെ മെഴുക് രൂപം നീക്കം ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെയായി ഈ പ്രതിമ മ്യൂസിയത്തിലുണ്ടെങ്കിലും, ഇനി ഒരു തിരിച്ച് വരവുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്.
എന്നാൽ ഇതിനിടയിൽ ഉയർന്നു വരുന്ന മറ്റൊരു ചോദ്യം, പുടിന് പകരം ആര് എന്നതാണ്. റഷ്യൻ പ്രസിഡന്റിന്റെ സ്ഥാനത്ത് ആരായിരിക്കും എന്നത് എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ? ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്? ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി? പുടിന്റെ ഒഴിഞ്ഞ സ്ഥാനത്തേക്ക് ഈ രാഷ്ട്രീയ നേതാക്കളിൽ ഒരാളെ ഉൾപ്പെടുത്തണമെന്ന ആശയം ദോഹമ്യയോ മുന്നോട്ട് വച്ചു.
“ഒരുപക്ഷേ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയാകാം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നത്. ചെറുത്തുനില്പിന്റെ പേരിലും, രാജ്യത്തിന് നിന്ന് പലായനം ചെയ്യാതെ പിടിച്ച് നിന്നതിന്റെ പേരിലും അദ്ദേഹം ഒരു ഹീറോ ആയി മാറിയിരിക്കുന്നു. മഹാരഥന്മാരുടെ ഇടയിൽ അദ്ദേഹത്തിന് മികച്ച സ്ഥാനം നേടാൻ കഴിയും" അദ്ദേഹം പറഞ്ഞു.