
നിരായുധരായ സാധാരണ ജനങ്ങൾക്കെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ നിർദ്ദയമായ കഥകൾ ഉക്രൈൻ മണ്ണിൽ നിന്ന് ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കുട്ടികളെയും, സ്ത്രീകളെയും പീഡിപ്പിക്കുന്നതിന്റെയും, നിരായുധരെ കൊന്നൊടുക്കുന്നതിന്റെയും ഞെട്ടിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അക്കൂട്ടത്തിൽ, പ്രായപൂർത്തിയാകാത്ത, ഗർഭിണിയായ ഒരു കൗമാരക്കാരിയെ ഒരു റഷ്യൻ സൈനികൻ ക്രൂരമായി ബലാത്സംഗം(rape) ചെയ്ത സംഭവമാണ് അടുത്തിടെ സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
16 വയസ്സുള്ള ദഷ (സാങ്കല്പിക നാമം) ഏകദേശം ആറ് മാസം ഗർഭിണിയായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ(Russian)യുടെ നിയന്ത്രണത്തിലുള്ള കെർസൺ ഗ്രാമത്തിൽ മാർച്ച് പകുതിയോടെയാണ് സംഭവം നടന്നത്. "ഒന്നുകിൽ നീ ഇപ്പോൾ എന്റെ കൂടെ കിടക്കണം അല്ലെങ്കിൽ ഞാൻ 20 പേരെ കൂടി കൊണ്ടുവരും" ഗർഭിണിയായ കൗമാരക്കാരിയെ ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് റഷ്യൻ സൈനികൻ പറഞ്ഞ വാക്കുകളാണിത്. മദ്യപിച്ചെത്തിയ സൈനികൻ തന്റെ കഴുത്ത് ഞെരിക്കുകയും, അയാളുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവൾ പറഞ്ഞു.
ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് അവളും കുടുംബവും അവരുടെ വീടിന്റെ ബേസ്‌മെന്റിൽ താമസിക്കുകയായിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ ഭക്ഷണം കഴിക്കാനായി ദഷയും മറ്റ് കുട്ടികളും ബേസ്‌മെന്റിൽ നിന്ന് മുകളിലേയ്ക്ക് വന്നു. എന്നാൽ, അവർ ചെന്ന് പെട്ടത് മദ്യപിച്ചെത്തിയ ഒരു റഷ്യൻ സൈനികന്റെ മുന്നിലാണ്. ഒട്ടും പ്രതീക്ഷിക്കാതെ തങ്ങളുടെ അടുക്കളയിൽ റഷ്യൻ പട്ടാളക്കാരെ കണ്ട കുട്ടികൾ ഭയന്ന് വിറച്ചു. കുട്ടികൾക്ക് എത്ര വയസ്സുണ്ടെന്ന് സൈനികൻ തിരക്കി. അവൾക്ക് താഴെ 12 ഉം 14 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. അയാൾ ആദ്യം അവളുടെ അമ്മയെ മുറിയിലേയ്ക്ക് വിളിച്ചു. എന്നാൽ വേഗം വിട്ടയച്ചു. എന്നിട്ട് ദഷയെ വിളിച്ചു. മുറിക്കുള്ളിൽ എത്തിയ അവളോട് വസ്ത്രങ്ങൾ അഴിക്കാൻ അയാൾ ആക്രോശിച്ചു. അവൾ സമ്മതിച്ചില്ല. തന്റെ കൂടെ കിടന്നില്ലെങ്കിൽ 20 പേരെ കൂടി കൊണ്ടുവരുമെന്ന് അയാൾ അവളോട് ഭീഷണിയായി പറഞ്ഞു.
ബലാത്സംഗം എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു. മദ്യപിച്ചിട്ടില്ലാത്ത മറ്റൊരു റഷ്യൻ സൈനികൻ ഇതുകണ്ട് അക്രമിയോട് അതിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. മറ്റ് സൈനികർ അയാളെ ബ്ലൂ എന്നാണ് വിളിച്ചിരുന്നത് എന്നവൾ ഓർത്തു. "അയാൾക്ക് നീലക്കണ്ണുകളുണ്ടെന്ന് ഞാൻ ഓർക്കുന്നു. പക്ഷേ ഇരുട്ടായിരുന്നു. എനിക്ക് കൂടുതലൊന്നും ഓർമ്മയില്ല" അതിജീവിത പറഞ്ഞു. അയാൾ അവളെ ക്രൂരമായി പീഡിപ്പിച്ചെന്നും, വീണ്ടും വീണ്ടും ആക്രമിക്കാൻ ശ്രമിച്ചെന്നും അവൾ പറഞ്ഞു. ഒടുവിൽ രണ്ട് റഷ്യൻ സ്‌നൈപ്പർമാർ ഇടപെട്ടാണ് തന്നെയും കുടുംബത്തെയും മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയതെന്നും അവൾ പറഞ്ഞു.
"ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇറങ്ങിയില്ലെങ്കിൽ അയാൾ ഞങ്ങളെ കാണില്ലായിരുന്നു. അയാൾ എന്നെ തൊടില്ലായിരുന്നു" അവൾ വിലപിച്ചു. എന്നാൽ അതോടെ അവളുടെ ദുരിതം അവസാനിച്ചില്ല. അടുത്ത ദിവസം, അവളെ മറ്റൊരു സൈനികന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാൾ അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. "ഞാൻ പേടിച്ചു കരയാൻ തുടങ്ങി. പക്ഷേ ഞാൻ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് പരിശോധിക്കാനായിരുന്നു അതെന്ന് അയാൾ എന്നോട് പറഞ്ഞു," അവൾ പറഞ്ഞു. സിഎൻഎനിന് ഈ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ആരോപണങ്ങൾ അന്വേഷിച്ച ഉക്രേനിയൻ പ്രോസിക്യൂട്ടർമാർ ആക്രമണം സ്ഥിരീകരിക്കുകയും, അതിനെ യുദ്ധക്കുറ്റമായി കണക്കാക്കുന്നുവെന്ന് മാധ്യമത്തെ അറിയിക്കുകയും ചെയ്തു. അതേസമയം ഇതിനെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ പ്രോസിക്യൂട്ടർമാർ തയ്യാറായിട്ടില്ല.