
മ്യൂസിയം(museum) ജീവനക്കാരനെ തോക്കിൻമുനയിൽ നിർത്തി റഷ്യൻ സൈനികർ പഴക്കമേറിയ യുക്രേനിയൻ സ്വർണം കൊള്ളയടിച്ചുവെന്ന് റിപ്പോർട്ട്. ലാബിൽ ധരിക്കുന്ന തരം കോട്ട് ധരിച്ച, നിഗൂഢത തോന്നിക്കുന്ന ഒരാൾ മ്യൂസിയത്തിലേക്ക് പ്രവേശിച്ചതോടെയാണ് കൊള്ളയ്ക്ക് തുടക്കമായത്. തെക്കൻ പട്ടണമായ മെലിറ്റാപോളിലെ(Melitopol) മ്യൂസിയത്തിലാണ് കവർച്ച നടന്നത്.
എന്നാൽ ഇതേസമയം, ഉദ്യോഗസ്ഥർ മ്യൂസിയത്തിലെ 2,300 വർഷം പഴക്കമുള്ള ഒരു കിരീടം ഉൾപ്പെടെയുള്ള സിഥിയൻ സ്വർണ്ണാഭരണങ്ങൾ(2,300-year-old Scythian gold) ഒരു ഇരുണ്ട നിലവറയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സ്റ്റാഫായ ലെയ്‍ല ഇബ്രാഹിമോവ പറയുന്നു, 'ഞങ്ങൾ എല്ലാം ഒളിപ്പിച്ചിരുന്നു. എന്നാൽ, എങ്ങനെയോ അവർ അതെല്ലാം കണ്ടുപിടിച്ചു.'
പിന്നീട്, കൊള്ളക്കാർ കെയർടേക്കറെ തോക്കിൻമുനയിൽ നിർത്തി. എവിടെയാണ് അവയെല്ലാം ഒളിപ്പിച്ചിരിക്കുന്നത് എന്ന് കാണിച്ചുകൊടുക്കാൻ പറഞ്ഞു. പക്ഷേ, അദ്ദേഹം അപ്പോഴും അവ കാണിച്ചുകൊടുക്കാൻ വിസമ്മതിച്ചു. എന്നാൽ മ്യൂസിയത്തിന്റെ പുതിയ, റഷ്യൻ സൈന്യം നിയമിച്ച ഡയറക്ടർ സൈനികരെ സ്വർണം ഒളിച്ചുവച്ചിരിക്കുന്നിടത്തേക്ക് നയിച്ചു. പിന്നീട്, അവ കൊള്ളയടിക്കപ്പെട്ടു എന്നാണ് പറയുന്നത്.
റഷ്യയുമായുള്ള പ്രദേശത്തിന്റെ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുടിൻ ഈ സിഥിയൻ നിധികൾ ക്രിമിയയിലേക്ക് മാറ്റുമെന്ന് കരുതപ്പെടുന്നു. ബിസി ഏഴാം നൂറ്റാണ്ടിനും എഡി രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ഉക്രൈനിലും മധ്യേഷ്യയിലും മിഡിൽ ഈസ്റ്റിലും ജീവിച്ചിരുന്ന നാടോടികളായ ഗോത്രങ്ങളുടെ ഒരു കുടുംബമായിരുന്നു സിഥിയൻസ്.
(ചിത്രത്തിന് കടപ്പാട്: വിക്കിമീഡിയ)