
ജോലിസംബന്ധമായ അനേകം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. ജോലിയിലെ ആശങ്കകളും അനുഭവങ്ങളും ജോലി കിട്ടാത്തതിന്റെ നിരാശയും എല്ലാം ആളുകൾ ഈ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
@Affectionate_Law5796 എന്ന യൂസറാണ് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. തന്റെ പ്രായം കൊണ്ട് ഒരു ജപ്പാൻ കമ്പനി തനിക്ക് ജോലി നിഷേധിച്ചതിനെ കുറിച്ചാണ് യുവാവ് പറയുന്നത്. തനിക്ക് 21 വയസ്സായിരുന്നു പ്രായം. വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു ഇന്റർവ്യൂ. മൂന്ന് ഭാഗങ്ങളായിട്ടായിരുന്നു ഇന്റർവ്യൂ.
എച്ച് ആർ ഇന്റർവ്യൂവിന് പ്രധാനമായും ചോദിച്ചത് വയസ്സും ശമ്പളവും ഒക്കെയാണ്. 21 വയസ്സാണ് പ്രായം എന്ന് താൻ മറുപടിയും പറഞ്ഞു. എന്നാൽ, തന്റെ പ്രായം അനുസരിച്ച് ശമ്പളം വളരെ കൂടുതലാണ് എന്നാണ് അവർ പറഞ്ഞത്. അവരുടെ മുഖഭാവം മാറി എന്നും പ്രതീക്ഷകൾ മങ്ങിത്തുടങ്ങി എന്നും യുവാവ് പറയുന്നു. അങ്ങനെ എല്ലാ ഇന്റർവ്യൂവും കഴിഞ്ഞ ശേഷം അവർ തന്നെ അറിയിച്ചത് താനീ ജോലിക്ക് തീരെ ചെറുപ്പം ആണെന്നാണ് എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.
ജോലി തേടുമ്പോൾ തന്റെ ഈ ചെറിയ പ്രായം ഒരു വെല്ലുവിളിയായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും യുവാവ് പറയുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ജപ്പാനിൽ സീനിയോറിറ്റി മിക്കവാറും കഴിവിനേക്കാൾ കൂടുതലായി പരിഗണിക്കപ്പെടാറുണ്ട് എന്നാണ് ചിലരെല്ലാം ചൂണ്ടിക്കാണിച്ചത്. അതുപോലെ, ജപ്പാനിൽ പ്രായത്തിന് അനുസരിച്ചാണ് മിക്കവാറും ശമ്പളം നൽകുന്നത് പ്രായം കൂടുമ്പോൾ ശമ്പളവും കൂടും, യുഎസ്സിലെയും മറ്റും പോലെ എക്സ്പീരിയൻസ് അടിസ്ഥാനമാക്കിയല്ല ശമ്പളം എന്ന് കമന്റ് നൽകിയവരും ഉണ്ട്.