ഓഫീസിനെ കാണുന്നത് കിടപ്പുമുറി പോലെ, പെരുമാറാൻ അറിയില്ല, ജെൻ സീയെ 'മര്യാദ' പഠിപ്പിക്കാൻ പരിശീലകർ?

Published : Jul 01, 2025, 12:33 PM IST
office / Representative image

Synopsis

വൃത്തി, പെരുമാറ്റം, വസ്ത്രധാരണം എന്നിവയെ കുറിച്ചൊക്കെ പഠിപ്പിക്കുന്ന ഒരു 90 -മിനിറ്റ് സെഷന് $2,500 (2.1 ലക്ഷം രൂപ) വരെയാണ് ഈ കോച്ചുകൾ ഈടാക്കുന്നത്.

സാൻ ഫ്രാൻസിസ്കോയിൽ ജെൻ സി (Gen Z) ജീവനക്കാരുടെ പെരുമാറ്റം കൊണ്ട് ആകെ അസ്വസ്ഥരായിരിക്കുകയാണത്രെ ചില കമ്പനി ഉടമകൾ. ഓഫീസിലെ യുവതലമുറ ജോലിസ്ഥലത്തെ അവരുടെ കിടപ്പുമുറിയുടെ വിപുലീകരിച്ചൊരു രൂപം മാത്രമായിട്ടാണ് കാണുന്നത് എന്നാണ് തൊഴിലുടമകളുടെ പരാതി.

മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥാനക്കയറ്റം ആവശ്യപ്പെടുക, അല്പവസ്ത്രങ്ങൾ ധരിച്ച് ഓഫീസിൽ വരിക, അവരുടെ മാനേജർമാരെ പോലും ​ഗോസ്റ്റ് ചെയ്യുക തുടങ്ങി ഒരുപാട് പരാതികൾ വേറെയും ജെൻ സീയെ കുറിച്ച് കമ്പനികൾക്കുണ്ട്.

ഇത്തരം പരാതികൾ കൂടിവന്നതിന് പിന്നാലെ, പരമ്പരാഗതമായ ജോലിസ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് ഇവരെ പഠിപ്പിക്കാൻ നിരവധി തൊഴിലുടമകൾ ഇപ്പോൾ പ്രത്യേകം പരിശീലകരെ നിയമിക്കുകയാണ് എന്നാണ് സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് പറയുന്നത്.

Gen X, മില്ലേനിയൽ മാനേജർമാർക്ക് ജെൻ സീ ജീവനക്കാരുടെ പ്രതീക്ഷകളോ പെരുമാറ്റങ്ങളോ മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 2024 -ൽ 1,000 തൊഴിലുടമകളിൽ നടത്തിയ Intelligent.com സർവേയിൽ, ജെൻ സീ ഉദ്യോഗാർത്ഥികളിൽ 12.5% -ത്തിലധികം പേരും ജോലിക്കായുള്ള ഇന്റർവ്യൂവിന് വരുമ്പോൾ ഒരു രക്ഷിതാവിനെയും കൂട്ടിയാണ് വന്നത് എന്നാണ് പറയുന്നത്.

മാത്രമല്ല, ഇവരിൽ ഡിസ്റ്റൻസായി പഠിക്കുകയും റിമോട്ടായി ജോലി ചെയ്തവരും ഉണ്ട്. ഇവരെല്ലാം തന്നെ ഓഫീസിലേക്ക് വരുമ്പോൾ എങ്ങനെയാണ് ഇവരെ സ്വീകരിക്കുക, ഉൾക്കൊള്ളുക എന്ന് കമ്പനികൾക്കും വലിയ ധാരണകളില്ല.

അങ്ങനെയാണ്, ബേ ഏരിയ കമ്പനികൾ ഇവരെ 'മര്യാദ' പഠിപ്പിക്കുന്നതിനായി പരിശീലകരെ വയ്ക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നതത്രെ. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ തന്റെ ഡിമാൻഡ് 50% -ത്തിലധികം വർദ്ധിച്ചു എന്നാണ് സ്റ്റാൻഫോർഡ് റിസർച്ച് പാർക്കും പ്രമുഖ ടെക് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ക്ലയന്റുകളുള്ള കോച്ച് ആയ റോസലിൻഡ റാൻഡൽ പറയുന്നത്.

വൃത്തി, പെരുമാറ്റം, വസ്ത്രധാരണം എന്നിവയെ കുറിച്ചൊക്കെ പഠിപ്പിക്കുന്ന ഒരു 90 -മിനിറ്റ് സെഷന് $2,500 (2.1 ലക്ഷം രൂപ) വരെയാണ് ഈ കോച്ചുകൾ ഈടാക്കുന്നത്. അതുപോലെ മീറ്റിം​ഗുകളിൽ എങ്ങനെ പെരുമാറണം, എങ്ങനെ മെയിലുകൾ അയക്കണം തുടങ്ങിയ കാര്യങ്ങളും പരിശീലിപ്പിക്കുന്നുണ്ട്.

അതേസമയം, ജീവനക്കാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ടോക്സിക് ജോലിസ്ഥലങ്ങൾ ഇനി പറ്റുമെന്ന് തോന്നുന്നില്ല, യുവതലമുറയെ അതിന് കിട്ടില്ല എന്നാണ് ജെൻ സീ പ്രൊഫഷണലുകൾ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?