അ​ഗ്രികൾച്ചറൽ ഡ്രോണുകൾ പ്രവർത്തിപ്പിച്ചും ലൈവ്-സ്ട്രീമിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റും പ്രശസ്തയായി മാറിയിരിക്കയാണ് കിഴക്കൻ ചൈനയിൽ നിന്നുള്ള 82 വയസ്സുകാരിയായ ഡായ് ഷുയിംഗ്. കൊച്ചുമകന്റെ സഹായത്തോടെയാണ് അവര്‍ ഇതെല്ലാം പഠിച്ചെടുത്തത്.

പുതുപുതു ടെക്നോളജികൾ പഠിച്ചെടുക്കാനും അവ ജീവിതത്തിൽ ഉപകാരപ്രദമാക്കി മാറ്റാനും പ്രായം ഒരു തടസമാണോ? എന്നാൽ, കിഴക്കൻ ചൈനയിൽ നിന്നുള്ള 82 വയസ്സുള്ള ഒരു സ്ത്രീ അങ്ങനെ ഒരു വിശ്വാസം തെറ്റാണെന്ന് തെളിയിക്കുകയാണ്. ഡായ് ഷുയിംഗ് എന്ന 82 -കാരി അ​ഗ്രികൾച്ചറൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവും കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന ലൈവ്-സ്ട്രീമർ എന്ന നിലയിലും പ്രശസ്തയാണ്. എന്തും അറിയാനുള്ള ആകാംക്ഷ, പഠിക്കാനുള്ള ത്വര, കുടുംബത്തിന്റെ പിന്തുണ എന്നിവയുണ്ടെങ്കിൽ ഏത് പ്രായത്തിലുള്ള ആളുകളുടെയും ജീവിതം മാറുമെന്ന് കാണിച്ചുതന്നതിലൂടെ ഷുയിം​ഗിന്റെ കഥ ചൈനയിൽ ശ്രദ്ധയാകർഷിക്കുകയാണ് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

1943 -ലാണ് ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ടോങ്‌ചെങ് ജില്ലയിലെ ലാവോമി ഗ്രാമത്തിൽ ഡായ് ഷുയിംഗ് ജനിച്ചത്. ചെറുപ്പത്തിൽ ഒരു ബുക്ക് കീപ്പറായി ജോലി ചെയ്തിരുന്നു അവർ. വായിക്കാനും എഴുതാനും അക്കൗണ്ടിംഗ് ചെയ്യാനും അറിയാമായിരുന്നതിനാൽ തന്നെ അക്കാലത്ത് ഗ്രാമത്തിലെ ചുരുക്കം ചില സാക്ഷരരിൽ ഒരാളായി മാറുകയും ചെയ്തു. അഞ്ച് കുട്ടികളാണ് അവർക്ക്. കാലക്രമേണ, അവരുടെ മൂന്ന് മക്കൾ നഗരങ്ങളിലേക്ക് താമസം മാറി. എന്നാൽ, ഷുയിംഗ് മൂത്ത മകനും 40 വയസ്സുള്ള കൊച്ചുമകൻ വാങ് ടിയാൻഷ്യനൊപ്പം ഗ്രാമത്തിലേക്ക് താമസം മാറുകയും ഒരുമിച്ച് 40 ഹെക്ടർ ഭൂമിയിൽ കൃഷി നടത്തുകയും ചെയ്യുകയായിരുന്നു.

പ്രായം കൂടുന്നതൊന്നും അവർക്കൊരു പ്രശ്നമായിരുന്നില്ല. ചുറുചുറുക്കോടെ അവർ കാര്യങ്ങൾ ചെയ്തു. ഒരുദിവസം കൃഷി കൂടുതൽ സൗകര്യപ്രദമാകുന്നതിനായി ഒരു അ​ഗ്രികൾച്ചറൽ ഡ്രോൺ കൊച്ചുമകനാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അത് പഠിപ്പിച്ചു തരുമോ എന്ന് ഷുയിം​ഗ് ചോദിച്ചു. വാങിന്റെ മേൽനോട്ടത്തിൽ, ഷുയിംഗ് പെട്ടെന്ന് തന്നെ അടിസ്ഥാനകാര്യങ്ങളിൽ പ്രാവീണ്യം നേടി. 15 കിലോഗ്രാം ഭാരമുള്ള ബാറ്ററികൾ സ്ഥാപിക്കാനും ആവശ്യമായ ടെക്നിക്കൽ ജോലികൾ ചെയ്യാനും അവർ പഠിച്ചു. ക്രമേണ, ഡ്രോൺ ഉയർത്താനും, അതിന്റെ ചിറകുകൾ വിന്യസിക്കാനും, വളം കയറ്റാനും, കീടനാശിനികൾ തളിക്കാനും എല്ലാം ഷുയിംഗ് പഠിച്ചു.

പരമ്പരാ​ഗത വഴി വിട്ട് ഡ്രോൺ ഉപയോ​ഗിച്ചത് കൃഷിയിൽ നേട്ടമുണ്ടാക്കാൻ ഇവരെ സഹായിച്ചു. പിന്നാലെ, വാങ്ങ് ഒരു ഷോർട്ട് വീഡിയോ ആരംഭിച്ചു. വാങ്ങിന്റെ ഓരോ ദിവസത്തെയും കാര്യങ്ങൾ പറയുന്നതായിരുന്നു വീഡിയോ. ഇതിൽ ഷുയിംഗ് ഡ്രോൺ പറത്തുന്നതും മറ്റ് കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം കാണാമായിരുന്നു. പിന്നാലെ വരുമാനം കൂട്ടുന്നതിനായി ഇവർ ലൈവ് സ്ട്രീമിം​ഗും ആരംഭിച്ചു. അതോടെ ഇവർക്ക് ആരാധകരേറുകയായിരുന്നു. പ്രായം ഒന്നിനും ഒരു തടസമല്ല ചെറുപ്പമുള്ള മനസുണ്ടെങ്കിൽ എന്ന് തെളിയിക്കുകയാണ് ഇന്ന് ഷുയിംഗ്.