അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ മണിമേല കണ്ടെത്തിയത് ഒരു രേഖയിലും ഇല്ലാത്ത അഞ്ചൂറോളം ഗ്രാമങ്ങള്‍!

Published : Jan 23, 2023, 11:59 AM IST
അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ മണിമേല കണ്ടെത്തിയത് ഒരു രേഖയിലും ഇല്ലാത്ത അഞ്ചൂറോളം ഗ്രാമങ്ങള്‍!

Synopsis

 “ഞാൻ ഇതുവരെ ചെയ്തത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. വിപുലമായ ഗവേഷണം നടത്താൻ എനിക്ക് വിഭവങ്ങളോ സമയമോ ഇല്ല. ആർക്കെങ്കിലും ഈ ശ്രമം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെങ്കിൽ അത് നന്നായിരിക്കും,” തന്‍റെ ശ്രമങ്ങളില്‍ തന്നിലൂടെ അവസാനിക്കരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. 


ഞ്ചാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ 42 കാരനായ മണിമേല ശിവശങ്കരന്‍ ഇന്ന് ജീവിക്കാനായി  ഗുണ്ടൂർ പട്ടണത്തിലെ ഒരു സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയില്‍ ചരക്ക് കയറ്റിറക്ക് തൊഴിലാളിയാണ്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി അദ്ദേഹം ചെയ്യുന്ന സാധാരണമായൊരു ജോലി. എന്നാല്‍ അതിനുമപ്പുറത്ത് അദ്ദേഹം വര്‍ഷങ്ങളോളം മാറ്റാര്‍ക്കുമറിയാത്ത ഒരുകാര്യം ചെയ്യുന്നുണ്ടായിരുന്നു. ഒരുകാലത്ത് ആന്ധയില്‍ ഏറെ സജീവമായിരുന്ന എന്നാല്‍, ഇന്ന് ഒരു രേഖയിലും ഉള്‍പ്പെടാത്തെ അദൃശ്യമായ ഗ്രാമങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു അത്. 

വിജയനഗര സാമ്രാജ്യത്തിലെ പുരാതന കവി പിംഗളി സുരന, ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യ, പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് പിംഗളി നാഗേന്ദർ റാവു എന്നിവരുടെ പേരിനൊപ്പം കുടുംബപ്പേര് പോലെ ചേര്‍ത്തിരിക്കുന്ന 'പിംഗളി' ഒരു പുരാതന ജനപ്രിയ ഗ്രാമമായിരുന്നെന്നാണ് മണിമേലയുടെ വാദം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗ്രാമം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ചിലര്‍ ഗ്രാമത്തിന്‍റെ പേര് കുടുംബപ്പേരായി സ്വീകരിക്കുകയായിരുന്നു. പിന്നീട് ആ ഗ്രാമത്തിന്‍റെ പേര് ചില കുടുംബങ്ങളുടെ പേര് മാത്രമായി ചുരുങ്ങി. 

14-ാം നൂറ്റാണ്ടിലെ പ്രശസ്ത തെലുങ്ക് കവി ശ്രീനാഥയുടെ കവിതകളിലെ ബോഡ്ഡുപള്ളി ഗ്രാമം നൂറ്റാണ്ടുകൾക്കുമുമ്പ് തന്നെ അപ്രത്യക്ഷമായതാണ്. ഇന്ന് ഒരു റവന്യൂ രേഖകളിലും ഈ ഗ്രാമത്തെ കണ്ടെത്താനാകില്ല.  എന്നാല്‍, അദ്ദേഹത്തിന്‍റെ കവിതയിലെ ചെറിയൊരു സൂചനയില്‍ നിന്നുള്ള അന്വേഷണത്തിനൊടുവില്‍ കൃഷ്ണ നദിയുടെ തീരത്തുള്ള അമരാവതിക്ക് സമീപം ഗോഡ്ഡേരുവിന്‍റെ തീരത്ത് മണിമേല ആ ഗ്രാമത്തെ കണ്ടെത്തി. എ ഡി മൂന്നാം നൂറ്റാണ്ടിലെ നാഗാർജുനുനി കോട്ടയിലെ വിജയപുരിയിൽ വച്ചാണ് റെന്‍റല ബ്രാഹ്മി ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന നിഡിഗല്ലു എന്ന കാണാതായ മറ്റൊരു ഗ്രാമത്തെ ശിവശങ്കർ കണ്ടെത്തിയത്. അതുപോലെ, യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന രാജാവിനൊപ്പം രാജ്ഞിമാർ “സതി” ചെയ്തിരുന്ന ഗ്രാമമായി രേഖപ്പെടുത്തിയിരുന്ന ദദ്ദനലപ്പാട് ഇന്ന് എല്ലാ രേഖകളില്‍ നിന്നും അപ്രത്യക്ഷമായതായും അദ്ദേഹം കണ്ടെത്തി. അങ്ങനെ ചരിത്രവും സംസ്കാരവും ജീവിതവും ഇഴ ചേര്‍ത്തിരുന്ന എന്നാല്‍ ഇന്നൊരു രേഖകളിലും സൂചനപോലുമില്ലാത്ത അഞ്ചൂറോളം ഗ്രാമങ്ങളാണ് മണിമേല തന്‍റെ ചുമട്ട് ജോലിക്കിടെ കണ്ടെടുത്തത്. പലകാലങ്ങളില്‍ ആന്ധ്രയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു ആ ഗ്രാമങ്ങളൊരോന്നും.  

ചരിത്രകാരന്‍, പുരാവസ്തു ഗവേഷകന്‍, എന്തിന് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥി എന്നിങ്ങനെയുള്ള ഒരു പദവിയുടെയും പിന്നാമ്പുറത്ത് എത്തിനോക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു ചുമട്ട് തൊഴിലാളി എങ്ങനെയാണ് നിലവില്‍ ലഭ്യമായ ഒരു രേഖകളിലും ഇല്ലാത്ത ദേശങ്ങള്‍ കണ്ടെട്ടുത്തത് എന്ന് നിങ്ങളില്‍ സ്വാഭാവികമായും ചോദ്യമുയരും. അതിന് ഉത്തരമാണ് 12-ാം ക്ലാസ് വരെ പഠിച്ച ഭാര്യ ലക്ഷ്മി രാജ്യത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കഴിഞ്ഞ വര്‍ഷം മണിമേല ശിവശങ്കര്‍ 'ഗ്രാമലു' (ഗുണ്ടൂരിലെ കാണാതായ ഗ്രാമങ്ങൾ) എന്ന പുസ്തകം. തെലുങ്കിൽ "ഗുണ്ടൂർ ജില്ലാ ദൃശ്യ" എന്ന പേരിൽ തയ്യാറാക്കിയ ഈ പുസ്തകം ഇന്ന് നിരവധി സര്‍വ്വകലാശാലകളുടെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. 

അഞ്ച് വർഷം മുമ്പ് നരസറോപേട്ടിലെ കോട്ടപ്പകൊണ്ട ക്ഷേത്രം സന്ദർശിച്ചതിന് ശേഷമാണ് തനിക്ക് ഇത്തരമൊരു താൽപ്പര്യം തോന്നിയത്. അവിടെ വച്ച് ഇപ്പോൾ നിലവിലില്ലാത്ത ചില ഗ്രാമങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഒരു പുരാതന ഗ്രന്ഥം വായിച്ചു. അന്ന് മുതല്‍ ഗുണ്ടൂരിലെ വഴിയോര പുസ്തകക്കടകളിൽ ചെന്ന് ചരിത്രവുമായി ബന്ധപ്പെട്ട പഴയ പുസ്തകങ്ങൾ തിരയാൻ തുടങ്ങി. ജില്ലയ്ക്കുള്ളിലെ ക്ഷേത്രങ്ങളും ലിഖിതങ്ങളും ഗ്രന്ഥശാലകളില്‍ നിന്ന് ചരിത്രപരമായ സ്ഥലങ്ങളുമായി ബന്ധപ്പെട്ട രസകരമായ വസ്തുക്കളും ശേഖരിച്ചു. 

ഇതിനിടെ പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്കോട്ടിഷ് ആർമി ഓഫീസറായ കേണൽ കോളിൻ മക്കെൻസിയുടെ "മക്കെൻസി കൈയെഴുത്തുപ്രതികൾ" കളിലൂടെയും ശിവശങ്കര്‍ കടന്ന് പോയി. ദക്ഷിണേഷ്യയുടെ റവന്യൂ ചരിത്രമെഴുതുന്നതിനായി കോളിൻ മക്കെൻസി അക്കാലത്ത് വാമൊഴിയായി പ്രചരിച്ചിരുന്ന ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഈ കൈയെഴുത്തുപ്രതികൾ അക്കാലത്തെ ഗ്രാമങ്ങളെക്കുറിച്ച് ധാരാളം വിവരങ്ങൾ നൽകിയെന്ന് ശിവശങ്കർ പറയുന്നു. 

ബ്രിട്ടീഷുകാരുടെ കാലത്തെ മാന്വലുകളുടെയും ഗസറ്റുകളുടെയും രേഖകൾ, പുരാതന കവിതകൾ, റവന്യൂ രേഖകൾ, പഴയ ഭൂപടങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം അദ്ദേഹം കടന്ന് പോയി. മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഗ്രാമങ്ങളെ കുറിച്ച് ഇന്നും ഓര്‍മ്മകള്‍ സൂക്ഷിച്ചിരിക്കുന്നവരെയും തന്‍റെ അന്വേഷണത്തിനിടെ അദ്ദേഹം കണ്ടെത്തി. ഗ്രാമങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് ഏതാണ്ട് 28 ഓളം കാരണങ്ങളാണ് അദ്ദേഹം നിരത്തുന്നത്. പട്ടിണിയെ തുടര്‍ന്നുള്ള കുടിയേറ്റം, വെള്ളപ്പൊക്കം, നികുതി വര്‍ദ്ധനവ്, വന്യമൃഗ ആക്രമണം എന്തിന് അന്ധവിശ്വാസങ്ങള്‍ കൊണ്ട് ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇരുപതാം നൂറ്റാണ്ടിൽ നാഗാർജുനസാഗർ, പുളിചിന്തല തുടങ്ങിയ ജലസേചന പദ്ധതികളുടെ നിർമ്മാണം മൂലം ചില ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഇത്തരം സാഹചര്യത്തിൽ കടലാസുകളിലും രേഖകളിലുമുണ്ടായിരുന്ന ഗ്രാമങ്ങള്‍ പതുക്കെ ആ രേഖകളില്‍ നിന്ന് പോലും അപ്രത്യക്ഷമാകുന്നു. മറ്റ് ചില ഗ്രാമങ്ങൾ അടുത്തുള്ള ഗ്രാമങ്ങളുമായി ലയിക്കുയോ അവയുടെ യഥാർത്ഥ പേരുകൾ നഷ്ടപ്പെടുകയും ചെയ്തു. 

കാണാതാകുന്ന കൂടുതൽ ഗ്രാമങ്ങൾ തിരിച്ചറിയാൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നാണ് മണിമേല ശിവശങ്കറിന്‍റെ അഭിപ്രായം. “ഞാൻ ഇതുവരെ ചെയ്തത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. വിപുലമായ ഗവേഷണം നടത്താൻ എനിക്ക് വിഭവങ്ങളോ സമയമോ ഇല്ല. ആർക്കെങ്കിലും ഈ ശ്രമം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെങ്കിൽ അത് നന്നായിരിക്കും,” തന്‍റെ ശ്രമങ്ങളില്‍ തന്നിലൂടെ അവസാനിക്കരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ചരിത്രമെന്നത് നഗരങ്ങളുടെയും ഭരണാധികാരികളുടെയും മാത്രമല്ലെന്നും ഓരോ ഗ്രാമവാസിയും അതാത് കാലത്തെ ചരിത്രത്തിനൊപ്പം നടന്നവരാണെന്നും ഈ അഞ്ചാം ക്ലാസുകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 
 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്