
അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ ഫൗണ്ടർ തന്റെ ജോലിസ്ഥലത്തെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ച് പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സെക്യൂരിറ്റി ഗാർഡ് ഒരു സംരംഭകനാണ് എന്നും യൂട്യൂബിൽ അദ്ദേഹത്തിന് മൂന്നുലക്ഷം സബ്സ്ക്രൈബർമാരുണ്ട് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇന്ന് ആളുകൾക്ക് കഴിവുണ്ടെങ്കിൽ സ്വയം സംരംഭകനായി മാറാനും വരുമാനമുണ്ടാക്കാനും സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഹരീഷ് ഉദയകുമാർ പങ്കുവച്ചിരിക്കുന്ന ഈ പോസ്റ്റ്.
'നമ്മുടെ സെക്യൂരിറ്റി ഗാർഡിന് യൂട്യൂബിൽ മൂന്ന് ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ടെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. 14 വയസ്സുള്ളപ്പോൾ കൊവിഡ് സമയത്താണ് അദ്ദേഹം ബംഗാളി സ്കിറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയത്. എനിക്ക് എപ്പോഴെങ്കിലും ബംഗാളി പരസ്യങ്ങൾ ചെയ്യേണ്ടി വന്നാൽ ഞാൻ ഈ ആളെ തന്നെ അത് ഏല്പിക്കും, നിങ്ങൾക്കും അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ ആളുടെ നമ്പർ തരാം' എന്നാണ് ഹരീഷ് ഉദയകുമാർ എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്.
അഭിമാനത്തോടെ ഫോൺ ഉയർത്തിപ്പിടിച്ച്, തന്റെ യൂട്യൂബ് ചാനൽ ക്യാമറയ്ക്ക് മുന്നിൽ കാണിച്ചുകൊണ്ട് നിൽക്കുന്ന ഗാർഡിന്റെ ഒരു ഫോട്ടോയും അദ്ദേഹം പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. 31,000 -ത്തിലധികം പേരാണ് ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റിയെ കുറിച്ചും വിജയം കണ്ടെത്താൻ കഴിവുണ്ടെങ്കിൽ ഇതുപോലെ പല വഴികളും ഉണ്ട് എന്നതിനെ കുറിച്ചുമെല്ലാം ചർച്ചകൾ ഈ പോസ്റ്റിന് താഴെ ഉയർന്നിട്ടുണ്ട്. 'അദ്ദേഹത്തിന്റെ നമ്പർ തരൂ, എനിക്ക് അദ്ദേഹവുമായി കൊളാബറേറ്റ് ചെയ്യാൻ താല്പര്യമുണ്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര് വ്യക്തമല്ല, ലിങ്ക് എങ്കിലും പോസ്റ്റിൽ നൽകൂ' എന്നാണ്.