
തായ്‌ലൻഡിലെ ഏറ്റവും ശക്തമായ ബിസിനസ്സ് കുടുംബങ്ങളിലൊന്നിലെ ഇളയ അംഗം തന്‍റെ മൂത്ത സഹോദരനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ഒരു ദശാബ്ദത്തിലേറെക്കാലം മൂത്ത സഹോദരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭിരോംഭക്ടി കുടുംബത്തിലെ നാലാം തലമുറ അംഗവും സിംഗ ബിയർ ബ്രാൻഡിന്‍റെ ഉടമയുമായ സിരാനുധ് സൈ സ്കോട്ട് (29) രംഗത്ത്. മെയ് 9 ന് തന്‍റെ ഫേസ്ബുക്ക് പേജിൽ കരഞ്ഞ് കൊണ്ട് തനിക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തെ കുറിച്ച് സിരാനുധ് വിവരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തന്‍റെ മൂത്ത സഹോദരൻ സുനിത് പൈ സ്കോട്ട് ഏതാണ്ട് പത്ത് വർഷത്തിലേറെക്കാലം തന്നെ ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് 29 കാരനായ സിരാനുധ് സൈ സ്കോട്ട് ആരോപിച്ചത്. സിരാനുധിന് 12 വയസ്സുള്ളപ്പോൾ ആരംഭിച്ച പീഡനം 24 വയസ്സ് വരെ തുടർന്നെന്നും അദ്ദേഹം വികാരാധീനനായി പറയുന്നു. തായ്‍ലഡിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ അനന്തരാവകാശ തർക്കത്തിനിടയിലാണ് ഈ ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയം. സിരാനുധിന്‍റെ മുത്തച്ഛനും സിംഗ ഗ്രൂപ്പിന്‍റെ മുൻ ചെയർമാനുമായ ചാംനോങ് ഭിരോംഭക്ദി സിരാനുധിന് നൽകിയ സ്വത്തുക്കളുടെ പേരിൽ സിരാനുധിന്‍റെ അമ്മ സിരാനുധിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ദി ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോയിൽ, ഇനി സിംഗ എന്ന പേരുമായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആരും തന്നെ ഒരു സിംഗ അവകാശിയെന്ന് വിളിക്കരുതെന്നും ജനങ്ങൾക്ക് സത്യം അറിയില്ലെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നു. മൂത്ത സഹോദരന്‍ തന്നെ പീഡിപ്പിച്ചതിന് കുറിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. മൂത്ത സഹോദരൻ കുറ്റം സമ്മതിക്കുന്ന ടേപ്പ് റിക്കോർഡ് വീട്ടുകാർ കേട്ടിരുന്നു. അവർക്ക് എല്ലാമറിയാം. എന്നാൽ, കുടുംബത്തിലെ ഒരാൾ പോലും തന്നെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ വേദന മനസിലാക്കാൻ ശ്രമിക്കാത്ത കുടുംബത്തോടൊപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. അമ്മ തനിക്കെതിരെ ഫയൽ ചെയ്ത കേസിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പീഡനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അമ്മ തന്നെ 'നന്ദികെട്ടവൻ' എന്നാണ് വിളിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.