
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാന നഗരമായ മുംബൈയില്‍ ഇന്നലെ സൂര്യന് താഴെയുള്ള ഒരു വസ്തുവിനും നിഴലുകള്‍ ഉണ്ടായിരുന്നില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി സ്വന്തം നിഴല്‍ പോലും നഷ്ടപ്പെട്ടപ്പോഴാണ് പലരും ഇത് തിരിച്ചറിഞ്ഞത്. സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ അതിന് താഴെയുള്ള സകല വസ്തുക്കളുടെയും നിഴല്‍ ഭൂമിയില്‍ വീഴ്ത്തുമെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍, ചില ദിവസങ്ങളില്‍ നിഴലുകള്‍ പോലും അപ്രത്യക്ഷമാകും. ഇത്തരം ദിവസങ്ങളെയാണ് 'നിഴലില്ലാ ദിനം' അഥവാ 'സീറോ ഷാഡോ ഡേ' എന്ന് വിശേഷിപ്പിക്കുന്നത്. മുംബൈയില്‍ അത്തരമൊരു ദിവസമായിരുന്നു ഇന്നലെ.
വര്‍ഷത്തില്‍ രണ്ട് തവണയാണ് ഈ കൗതുകകരമായ പ്രതിഭാസം അനുഭവവേദ്യമാവുക. അത്തരം സന്ദർഭങ്ങളിൽ, സൂര്യൻ ആകാശത്ത് അതിന്‍റെ പാരമ്യത്തിലെത്തുന്നു. ഇതുമൂലം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നിഴലുകൾ അപ്രത്യക്ഷമാകുന്നു. ഓരോ വസ്തുവിന്‍റെയും നിഴലുകളുടെ നീളം നഗ്നനേത്രങ്ങൾക്ക് അദൃശ്യമാകുന്ന രീതിയില്‍ കുറയ്ക്കുന്ന തരത്തിലായിരിക്കും അപ്പോള്‍ സൂര്യന്‍റെ സ്ഥാനം. മറ്റ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നിഴലുപോലും കാണാതായതോടെ നിരവധി ആളുകള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമൻ ചക്രവർത്തി കലിഗുലയുടെ കപ്പല്‍ കത്തിച്ചത് നാസികളല്ല, യുഎസ് എന്ന് പഠനം
+23.5 നും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം ആചരിക്കാമെന്ന് ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പബ്ലിക് ഔട്ട്‌റീച്ച് ആന്‍റ് എജ്യുക്കേഷൻ കമ്മിറ്റി അറിയിച്ചു. ഈ പ്രതിഭാസം സംഭവിക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളിൽ, അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ചായിരിക്കും. ഭൂമി കൃത്യമായി നിവര്‍ന്ന് നില്‍ക്കുകയല്ലെന്ന് നമ്മള്‍ പഠിച്ചിട്ടുണ്ട്. മറിച്ച്, ഭൂമിയുടെ ഭ്രമണ അച്ചുതണ്ട് സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിന്‍റെ തലവുമായി താരതമ്യപ്പെടുത്തുമ്പോൾ 23.5 ഡിഗ്രിയിൽ ചരിഞ്ഞിരിക്കുകയാണ്. ഈയൊരു പ്രത്യേകയുള്ളത് കൊണ്ട്, ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നതിനിടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് വര്‍ഷത്തില്‍ രണ്ട് തവണ നിഴലില്ലാ പ്രതിഭാസം ഭൂമിയില്‍ പല സ്ഥലങ്ങളില്‍ പല കാലങ്ങളിലായി അനുഭവപ്പെടുന്നു. വരുന്ന ജൂലൈ 28 നും മുംബൈക്കാര്‍ക്ക് ഈ അപൂര്‍വ്വ പ്രതിഭാസം വീണ്ടും ആസ്വദിക്കാം. മെയ് 9 ഹൈദരാബാദിലും എപ്രില്‍ 25 ന് ബെംഗളൂരുവിലും ഈ പ്രതിഭാസം അനുഭവവേദ്യമായിരുന്നു.