അമ്മയെ കൊവിഡിൽ നഷ്ടമായി, ആശുപത്രിക്ക് പുറത്ത് സൗജന്യ ഓക്സിജൻ ഓട്ടോറിക്ഷയുമായി സീതാ ദേവി

By Web TeamFirst Published Aug 28, 2021, 10:15 AM IST
Highlights

ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചതിലൂടെ അവള്‍ക്ക് രക്ഷപ്പെടുത്തിയെടുക്കാനായത് 800 പേരുടെ ജീവനാണ്. സൗജന്യമായിട്ടാണ് അവള്‍ ഓട്ടോറിക്ഷയുടെയും ഓക്സിജന്‍റെയും സേവനം നല്‍കുന്നത്. 

കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ഓക്സിജന്‍ ക്ഷാമമുണ്ടാവുകയും പലര്‍ക്കും ജീവന്‍ വരെ നഷ്ടപ്പെടുകയുമുണ്ടായി. എന്നാല്‍, ചില നല്ല ആളുകള്‍ ആ അവസരത്തില്‍‌ തങ്ങള്‍ക്ക് കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിച്ചു കൊണ്ടിരുന്നു. 

സീതാ ദേവി ചെന്നൈ സ്വദേശിയാണ്. അവളുടെ അറുപത്തിയഞ്ച് വയസായ അമ്മ ഒരു ഡയാലിസിസ് രോഗി കൂടിയായിരുന്നു. അമ്മയ്ക്ക് കൊവിഡ് വന്നപ്പോള്‍ അവള്‍ അമ്മയേയും കൊണ്ട് രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലെത്തി. എന്നാല്‍, ഓക്സിജന്‍ ബെഡ്ഡുകളുടെ അഭാവം മൂലം അവള്‍ക്ക് അമ്മയേയും കൊണ്ട് ഏറെനേരം ആശുപത്രിക്ക് പുറത്ത് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കൊവിഡിനെ തുടര്‍ന്ന് അവർക്ക് ജീവൻ നഷ്ടമായി.

'അമ്മയ്ക്ക് ഓക്സിജന്‍ ബെഡ്ഡ് കണ്ടെത്താനായി 12 മണിക്കൂര്‍ നമുക്ക് കാത്തിരിക്കേണ്ടി വന്നു. ഒരു ആംബുലന്‍സില്‍ നിന്നും മറ്റൊരാംബുലന്‍സിലേക്ക് ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടി വന്നു. അത്രയും ഓക്സിജന്‍ ക്ഷാമം ആംബുലന്‍സില്‍ പോലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആവശ്യക്കാർക്ക് ആശുപത്രിക്ക് പുറത്ത് ഒരു ഓട്ടോറിക്ഷയില്‍ ഓക്സിജന്‍ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്' എന്ന് സീതാ ദേവി പറയുന്നു. 

ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചതിലൂടെ അവള്‍ക്ക് രക്ഷപ്പെടുത്തിയെടുക്കാനായത് 800 പേരുടെ ജീവനാണ് എന്ന് ഇന്ത്യാ ടൈംസ് എഴുതുന്നു. സൗജന്യമായിട്ടാണ് അവള്‍ ഓട്ടോറിക്ഷയുടെയും ഓക്സിജന്‍റെയും സേവനം നല്‍കുന്നത്. 

ഇതിന് പുറമെ സ്ട്രീറ്റ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നൊരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ കൂടി അവള്‍ നടത്തുന്നു. ഇതുവഴി ഓട്ടോറിക്ഷയും അതുവഴി ഓക്സിജന്‍ സിലിണ്ടറും അവള്‍ ആവശ്യക്കാരിലെത്തിക്കുന്നു. ശരത് കുമാത്, മോഹന്‍രാജ് എന്ന രണ്ട് സന്നദ്ധ പ്രവര്‍ത്തകരും അവള്‍ക്കൊപ്പം ആവശ്യക്കാരില്‍ ഓക്സിജനെത്തിക്കാന്‍ സഹായിക്കുന്നു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം എട്ട് വരെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും 25 മുതല്‍ 30 പേരെ വരെ ഇവര്‍ സഹായിക്കുന്നു. 

click me!