അഫ്ഗാന്‍ ദുരന്തം വിറ്റുകാശാക്കാന്‍ ശ്രമം; വിമാന  ടിക്കറ്റിന് കൊള്ളനിരക്കുമായി ട്രംപിന്റെ വിശ്വസ്ഥന്‍

By Web TeamFirst Published Aug 27, 2021, 11:14 PM IST
Highlights

മുന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ സ്വന്തക്കാരനായ വിവാദ സ്വകാര്യ മിലിറ്ററി ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ എറിക് പ്രിന്‍സാണ് അഫ്ഗാന്‍ ദുരന്തത്തില്‍നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്.
 

നാടുവിടാന്‍ താലിബാന്‍ നല്‍കിയ അവസാന തീയതി അടുത്തിരിക്കെ, അഫ്ഗാനിസ്താന്‍-അമേരിക്ക വിമാനച്ചാര്‍ജ്ജ് പല മടങ്ങാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം. ചാര്‍ട്ടേഡ് വിമാനത്തില്‍ അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞാണ്, ദുരന്തസമയത്ത് യാത്രക്കാരെ പിടിച്ചുപറിക്കാനുള്ള ശ്രമം. മുന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ സ്വന്തക്കാരനായ വിവാദ സ്വകാര്യ മിലിറ്ററി ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ എറിക് പ്രിന്‍സാണ് അഫ്ഗാന്‍ ദുരന്തത്തില്‍നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്. അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ താലിബാന്റെ ഹിറ്റ്‌ലിസ്റ്റിലായ അഫ്ഗാന്‍ പൗരന്‍മാരും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അമേരിക്കന്‍ പൗരന്‍മാരുമടങ്ങുന്ന യാത്രക്കാര്‍ക്കു മുന്നിലാണ് എറിക് പ്രിന്‍സ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്. ഈ മാസം 31-ന് ആളുകളെ കാബൂളില്‍നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതി. ഈ സമയത്തിനുള്ളില്‍ ഒരു നിലയ്ക്കും വിമാനങ്ങളില്‍ എത്തിക്കാനാവാത്തത്ര ആളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ ദൈന്യത മുതലെടുത്ത് കൊള്ളലാഭം ഉണ്ടാക്കാനാണ് ശ്രമമെന്ന് മുമ്പ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കയിലേക്ക് ഏകദേശം 1700 ഡോളറാണ് സാധാരണ വിമാന നിരക്ക്. സീസണിനനുസരിച്ച് ഈ തുക 800 ഡോളറിലേക്ക് കുറയാനും 2000 ഡോളര്‍ വരെ കൂടാനുമാണ് സാദ്ധ്യതയെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരാള്‍ക്ക് 6500 യു എസ് ഡോളര്‍ ഈടാക്കാനാണ് കുപ്രസിദ്ധമായ സ്വകാര്യ മിലിറ്ററി കരാര്‍ കമ്പനിയായ ബ്ലാക്ക് വാട്ടറിന്റെ സ്ഥാപകന്‍ എറിക് പ്രിന്‍സിന്റെ പദ്ധതി. താലിബാന്‍ ചെക്ക്‌പോസ്റ്റുകളിലൂടെ ആളുകളെ വിമാനത്താവളത്തിലും അവിടെനിന്നും അമേരിക്കയിലും എത്തിക്കാമെന്നാണ് ഇയാളുടെ ഓഫര്‍. 

അതിനിടെ,, വൈറ്റ് ഹൗസ്പ്രസ് സെക്രട്ടറി ജെന്‍ സാകി ഈ പദ്ധതിയുടെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടി രംഗത്തുവന്നു. ''ജീവനില്‍ കൊതിപൂണ്ട് ഒരു രാജ്യം വിടാന്‍ ശ്രമിക്കുന്നവരുടെ വേദനകളും ആശങ്കകളും വിറ്റ് കാശാക്കാന്‍ ഹൃദയമോ ആത്മാവോ ഉള്ള ഒരാള്‍ക്കും കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് അവര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. 

താലിബാന്റെ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകളെ വിമാനത്താവളത്തിലെത്തിക്കാനും അവിടെനിന്നും അമേരിക്കയിലേക്ക് വിമാനമാര്‍ഗം എത്തിക്കാനുമുള്ള ശേഷി ഇയാള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരാശരി അഫ്ഗാന്‍ പൗരന്‍ ഒരു വര്‍ഷം 600 ഡോളര്‍ വരെയാണ് സമ്പാദിക്കുന്നതെന്നുംഇത്ര വലിയ തുക നല്‍കാന്‍ എത്രപേര്‍ക്കു കഴിയുമെന്ന ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. 

 

എറിക് പ്രിന്‍സ്

 

മുന്‍ യു എസ് നേവി സീല്‍ ആയ പ്രിന്‍സ് 1997-ലാണ് കുപ്രസിദ്ധമായ  'ബ്ലാക്ക് വാട്ടര്‍' സ്വകാര്യ സൈനിക കരാര്‍ സ്ഥാപനം തുടങ്ങിയത്. ഇറാഖിലും അഫ്ഗാനിലുമടക്കം സ്വകാര്യ സൈന്യത്തെ ഇറക്കി വന്‍തുക കരാറിനത്തില്‍ കൈപ്പറ്റുന്നതായി സ്ഥാപനത്തിന് എതിരെ ആരോപണമുന്നയര്‍ന്നിരുന്നു. സ്വകാര്യ സായുധ സംഘങ്ങളെ ഉപയോഗിച്ച് കൊലപാതകങ്ങളും പണംതട്ടലുമൊക്കെ നടത്തുന്നതായും സ്ഥാപനത്തിന് എതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 

2007-ല്‍ ഇറാഖി പൗരന്‍മാരെ വെടിവെച്ചു കൊന്ന കേസില്‍ നാല് ബ്ലാക്ക് വാട്ടര്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് 2014-ല്‍ കോടതി കണ്ടെത്തിയിരുന്നു. 2019-ല്‍ ലിബിയയില്‍ രാജ്യാന്തര അംഗീകാരമുള്ള സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് തീവ്രവാദ ഗ്രൂപ്പിന് ആയുധങ്ങളെയും സായുധ സംഘങ്ങളെയും ഇറക്കികൊടുത്ത പ്രിന്‍സ് യു എന്‍ ആയുധ നിയമങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞിരുന്നു. 

മുന്‍ പ്രസിഡന്റ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രിന്‍സ് തീവ്രവലതുപക്ഷ സംഘടനകളുടെ സ്വന്തക്കാരനാണെന്ന് 'ബിസിനസ് ഇന്‍സൈഡര്‍' ചൂണ്ടിക്കാട്ടുന്നു. പ്രിന്‍സിന്റെ സഹോദരി ബെറ്റ്‌സി ദെവോസ് ട്രംപിന്റെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. അഫ്ഗാനിസ്താനിലെ സൈനിക നടപടികള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സ് സമര്‍പ്പിച്ച പദ്ധതി ട്രംപ് ഭരണകൂടത്തിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നു. തീവ്രവലതു സംഘടനകള്‍ക്കു വേണ്ടി,  പുരോഗമന സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്കും തൊഴിലാളി യൂനിയനുകളിലേക്കും നുഴഞ്ഞുകയറുന്നതിന് ബ്രിട്ടീഷ്, അമേരിക്കന്‍ മുന്‍ ചാരന്‍മാരെ പ്രിന്‍സ് റിക്രൂട്ട് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരുന്നു.

click me!