
ആശങ്കയുണർത്തുന്ന ഒരു വീഡിയോയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാൻ ഇപ്പോൾ ട്വിറ്റർ (എക്സിൽ) ഷെയർ ചെയ്തിരിക്കുന്നത്. പിക്നിക്കിന് പോയ ഒരുകൂട്ടം ആളുകളെ ഒരു കാട്ടാന ഓടിക്കുന്ന രംഗമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പരിഭ്രാന്തരായ ആളുകൾ പരക്കംപായുന്നതും വീഡിയോയിൽ കാണാം.
ഒരു നദിക്കരയിലാണ് ആളുകൾ പിക്നിക്കിന് എത്തിയിരിക്കുന്നത്. അവിടെ തന്നെ ഭക്ഷണം പാകം ചെയ്യുന്നതും വിശ്രമിക്കുന്നതിനായി കുട നിവർത്തി വച്ചിരിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. വെള്ളത്തിലൂടെ ഒരു കാർ ഓടുന്നുമുണ്ട്.
പെട്ടെന്നാണ് നദിക്കപ്പുറമുള്ള കാട്ടിൽ നിന്നും ഒരു ആന ഇറങ്ങി വരുന്നത്. അത് നേരെ ആളുകൾ ഉള്ള സ്ഥലത്തേക്കാണ് വരുന്നത്. അത് ഓടുന്നതും കാണാം. അതോടെ നദിക്കരയിൽ ഉണ്ടായിരുന്ന ആളുകൾ പരക്കംപായുന്നതാണ് പിന്നെ കാണുന്നത്. ആളുകളുടെ മുഖത്ത് പരിഭ്രാന്തി കാണാം. ഭക്ഷണവും സാധനങ്ങളുമെല്ലാം അവിടെത്തന്നെ വച്ചുകൊണ്ടാണ് ആളുകൾ ഓടുന്നത്.
അതിനിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ എന്നോണം ഒരു സ്ത്രീ ഓടരുത്, ഓടരുത് എന്ന് വിളിച്ച് പറയുന്നതും കേൾക്കാം. എന്നാൽ, കുറച്ച് നേരം എല്ലാവരേയും ഓടിച്ച ശേഷം, ചുറ്റുപാടും നോക്കിക്കൊണ്ട് ആന കാട്ടിലേക്ക് തന്നെ കയറുന്നതാണ് വീഡിയോയിൽ പിന്നീട് കാണുന്നത്.
വന്യമൃഗങ്ങളുള്ള പ്രദേശങ്ങളിലേക്ക് ആളുകൾ പോകുന്നതിന്റെ അപകടം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കസ്വാൻ വീഡിയോ പങ്കിട്ടിരിക്കുന്നത്. 'പറയൂ, ഇത് ആരുടെ തെറ്റാണ്. സാധാരണ ആനകൾ ഇറങ്ങുന്ന സ്ഥലം എന്തുകൊണ്ടാണ് പിക്നിക്കിനുള്ള സ്ഥലമായി തെരഞ്ഞെടുത്തത്? മനോഹരമായ സ്ഥലങ്ങൾ നോക്കിപ്പോയി സ്വന്തം ജീവൻ അപകടത്തിലാക്കരുത്' എന്നാണ് കസ്വാൻ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ഒരുപാടുപേരാണ് പ്രസ്തുത വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിലേക്ക് പ്രവേശനം അനുവദിക്കാതിരിക്കാനുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കണം എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഈ സ്ഥലം പിക്നിക്കിനായി തിരഞ്ഞെടുത്തവരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് തന്നെയാണ് മിക്കവരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. വന്യജീവികളുടെ സ്ഥലങ്ങൾ ബഹുമാനിക്കണമെന്നും അങ്ങോട്ടു പോകാതിരിക്കാനുള്ള മര്യാദ കാണിക്കണമെന്നും മിക്കവരും അഭിപ്രായപ്പെട്ടു.