
റിവർ റാഫ്റ്റിംഗ് ആവേശകരവും സാഹസികവുമായ അനുഭവം നൽകുന്ന ഒരു കായിക വിനോദമാണെങ്കിലും കാര്യങ്ങൾ ഏത് നിമിഷം വേണമെങ്കിലും മാറിമറിയാം. ജീവന് തന്നെ ഭീഷണിയാകുന്ന അപകട സാധ്യതകളും ഈ കായിക വിനോദവുമായി ബന്ധപ്പെട്ട് ഏറെയാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു വീഡിയോ ഈ വസ്തുത അടിവരയിടുന്നതാണ്. റിവർ റാഫ്റ്റിംഗിനിടയിൽ ഒഴുക്കിൽപ്പെട്ട ഒരു മനുഷ്യനെ റാഫ്റ്റിംഗ് ഗൈഡും സംഘാംഗങ്ങളും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തുന്നതിന്‍റെ വീഡിയോയാണ് ഇത്.
ഉത്തരാഖണ്ഡിലെ ഋഷികേശിൽ നടന്ന ഈ രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ഗംഗാ നദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് പോയ ഒരു മനുഷ്യൻ രക്ഷപ്പെടാനായി ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹം ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുണ്ടെങ്കിലും കുത്തൊഴുത്തിൽപ്പെട്ട് നില കിട്ടാതെ പ്രയാസപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. അപകടം ശ്രദ്ധയിൽപ്പെട്ട ഒരു റാഫ്റ്റിംഗ് സംഘം ആ മനുഷ്യനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നു.
ഇവരോടൊപ്പം ഉണ്ടായിരുന്ന റാഫ്റ്റിംഗ് ഗൈഡ്, ഒരു കയർ വെള്ളത്തിൽ കിടക്കുന്ന മനുഷ്യന് അരികിലേക്ക് വലിച്ചെറിയുന്നു. ആ കയറിൽ പിടിച്ച് ആ മനുഷ്യൻ ബോട്ടിനരികിൽ എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം അബോധാവസ്ഥയിലായ മറ്റൊരു മനുഷ്യൻ കൂടിയുണ്ടായിരുന്നു. ഒരു പക്ഷേ, അബോധാവസ്ഥയിലായ മനുഷ്യനെ രക്ഷിക്കാൻ ആയിരിക്കണം ലൈഫ് ജാക്കറ്റ് ധരിച്ച വ്യക്തി വെള്ളത്തിലേക്ക് ചാടിയത്.
ഏതായാലും ബോട്ടിൽ ഉണ്ടായിരുന്ന റാഫ്റ്റിംഗ് ഗൈഡും വിനോദസഞ്ചാരികളും ചേർന്ന് ഇരുവരെയും വലിച്ച് തങ്ങളുടെ ബോട്ടിലേക്ക് കയറ്റി രക്ഷപ്പെടുത്തുന്നുന്നതും കാണാം. വീഡിയോ ഓൺലൈനിൽ വൈറലാകുകയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഗൈഡിന്‍റെ ധീരതയെ പലരും പ്രശംസിച്ചു. എന്നാൽ, ഇത് എപ്പോൾ സംഭവിച്ചതാണെന്നോ അപകടത്തിൽപ്പെട്ട വ്യക്തികൾ ആരൊക്കെയാണെന്നോ ഇതുവരെ സ്ഥിരീകരിച്ച വിവരങ്ങളൊന്നുമില്ല.