
സിംഗപ്പൂരിൽ ഔദ്യോഗിക ജോലിക്ക് പുറത്ത് രഹസ്യമായി ക്ലീനിംഗ് ജോലികൾ ചെയ്ത ഫിലിപ്പീൻസ് വീട്ടുജോലിക്കാരിക്ക് 13,000 സിംഗപ്പൂർ ഡോളർ പിഴ ചുമത്തി. 8.8 ലക്ഷം രൂപ വരും ഇത്. അവരെ നിയമവിരുദ്ധമായി ജോലിക്കെടുത്ത സിംഗപ്പൂർ സ്വദേശികളിൽ ഒരാൾക്ക് 7,000 സിംഗപ്പൂർ ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. എംപ്ലോയ്മെന്റ് ഓഫ് ഫോറിൻ മാൻപവർ ആക്ട് ലംഘിച്ചു എന്ന് സംശയിച്ച് കഴിഞ്ഞ ഡിസംബറിലാണ് മിനിസ്ട്രി ഓഫ് മാൻപവർ ഇതേക്കുറിച്ച് അന്വേഷിച്ചത്.
53 വയസ്സുള്ള പിഡോ എർലിൻഡ ഒകാമ്പോ എന്ന സ്ത്രീ 30 വർഷത്തിലേറെയായി സിംഗപ്പൂരിൽ നിയമപരമായി ജോലി ചെയ്തുവരികയായിരുന്നു. 1994 മുതൽ നാല് പേർക്കൊപ്പമാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതൊക്കെയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവയായിരുന്നു. എന്നാൽ, ഏകദേശം നാല് വർഷക്കാലമായി അവർ 64 വയസ്സുള്ള സോഹ് ഒയി ബെക്കിന്റെ പാർട്ട് ടൈം ക്ലീനിംഗ് ജോലികളും ഏറ്റെടുത്തിരുന്നു.
2018 ഏപ്രിലിനും 2020 ഫെബ്രുവരിക്കും ഇടയിൽ മാസത്തിൽ രണ്ടോ മൂന്നോ തവണ വീട് വൃത്തിയാക്കാനായി ഇവർ പോയിരുന്നു. ഓരോ തവണയും മൂന്നോ നാലോ മണിക്കൂർ നേരമാണ് ജോലി ചെയ്തിരുന്നത്. പ്രതിമാസം ഏകദേശം 375 സിംഗപ്പൂർ ഡോളറാണ് കൂലി ലഭിച്ചിരുന്നത്.
കൊവിഡ് സമയത്ത് ഇത് നിർത്തിവച്ചു. പിന്നീട് വീണ്ടും ജോലി ചെയ്തു തുടങ്ങുകയായിരുന്നു. സോഹിനും ഇവർ വേറെ സ്ഥലത്ത് ജോലി ചെയ്യുന്നയാളാണ് എന്ന് അറിയാമായിരുന്നു. എന്നാൽ, വിശ്വസ്തയായ ആരെങ്കിലും വേണം എന്നുള്ളതുകൊണ്ടാണ് എർലിൻഡയെ തന്നെ ജോലിക്ക് വച്ചിരുന്നതത്രെ.
സിംഗപ്പൂരിലെ നിയമപ്രകാരം ഔദ്യോഗികമായിട്ടുള്ളവർക്ക് വേണ്ടി മാത്രം ജോലി ചെയ്യാനുള്ള അനുവാദം മാത്രമാണുള്ളത്. പുറത്ത് ജോലി ചെയ്യുന്നത് ശിക്ഷാർഹമാണ്.