
നല്ല ശമ്പളത്തോടുകൂടിയുള്ള ജോലി ആഗ്രഹിക്കാത്തവർ ആരുണ്ട്. പഠിച്ചിറങ്ങുന്നത് മുതൽ എല്ലാവരുടെയും സ്വപ്നം അതുതന്നെയാണ്. എന്നാൽ, 29 -കാരനായ പരിസ്ഥിതി ഗവേഷകന് ഉയർന്ന ശമ്പളത്തോടു കൂടിയ ഒരു ജോലി കിട്ടി. 1.3 കോടി രൂപ ശമ്പള പാക്കേജോടു കൂടിയ ആറുമാസത്തെ ഗവേഷണ കരാർ. എന്നാൽ, അത് സ്വീകരിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് അദ്ദേഹം. കാരണം മറ്റൊന്നുമല്ല ജോലി ചെയ്യേണ്ടത് അങ്ങ് അന്റാർട്ടിക്കയിലാണ്.
അന്റാർട്ടിക്കയിലെ മക്മർഡോ സ്റ്റേഷനിലാണ് ഈ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടി വരിക. ശമ്പളത്തിന് പുറമേ ഭക്ഷണവും താമസവും വിമാന യാത്രയും ഉപകരണങ്ങളുമടക്കമുള്ള എല്ലാ അത്യാവശ്യ ചെലവുകളും പൂർണമായും സൗജന്യമാണ്. ചെറിയ കാലയളവിൽ ഒരു ജോലിയ്ക്ക് ഈ സാമ്പത്തിക പ്രതിഫലം വളരെ ഉയർന്നതാണെങ്കിലും ഈ അവസരം സ്വീകരിക്കുന്നതിലെ തന്റെ മടിയെക്കുറിച്ച് യുവാവ് സാമൂഹിക മാധ്യമത്തിൽ സംശയം പങ്കുവെക്കുകയായിരുന്നു. തന്റെ വ്യക്തിജീവിതത്തിലും കുടുംബ ബന്ധത്തിലും ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി.
താമസച്ചെലവുകൾ വളരെ കുറവായതിനാൽ ശമ്പളം മുഴുവനായും ലാഭിക്കാൻ ഈ അവസരം സഹായിക്കുമെങ്കിലും, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട അന്തരീക്ഷത്തിൽ ആറുമാസം കഴിയുന്നത് നിസ്സാര കാര്യമായി തോന്നുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഈ ജോലി സ്വീകരിച്ചാൽ തൻറെ സാമ്പത്തിക ലക്ഷ്യങ്ങളോട് കൂടുതൽ അടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കുറിച്ചു. തൊഴിൽപരവും സാമ്പത്തികവുമായ നേട്ടങ്ങൾ ഒരുവശത്തും പങ്കാളിയിൽ നിന്നും സാധാരണ ജീവിതത്തിൽ നിന്നും അകന്നുനിൽക്കുന്നതിന്റെ വെല്ലുവിളി മറുവശത്തുമുള്ളപ്പോൾ എന്ത് തീരുമാനമെടുക്കണം എന്ന് പലവട്ടം ചിന്തിക്കുകയാണെന്ന് അദ്ദേഹം സമ്മതിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പലരും കരിയറിനും സമ്പാദ്യത്തിനും വലിയ ഉത്തേജനമേകുന്ന ഈ അവസരം പ്രയോജനപ്പെടുത്താൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. മറ്റ് ചിലർ അന്റാർട്ടിക്കയിലെ ജീവിതത്തിന്റെ വൈകാരികവും സാമൂഹികവുമായ വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പ് നൽകി.