നാട്ടുകാരെ ഭീതിയിലാഴ്ത്തി ഒഡീഷയിലെ പാമ്പ് വീട്; വീട്ടുകാർക്കൊപ്പം കഴിയുന്നത് ഉഗ്രവിഷമുള്ള നിരവധി പാമ്പുകൾ

By Web TeamFirst Published Oct 5, 2022, 4:11 PM IST
Highlights

പാമ്പുകളുടെ എണ്ണം വർദ്ധിച്ചതോടെ ഇവർ പ്രത്യേകം പൂജകളും ഇവിടെ നടത്തുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഇവരുടെ നാഗപൂജ. പാമ്പുകളെ ദൈവങ്ങളായാണ് ഇവർ കാണുന്നത്.

ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിലെ ഒരു കുടുംബം നാട്ടുകാരുടെ മുഴുവൻ പേടിസ്വപ്നം ആയിരിക്കുകയാണ്. ഇവിടെ ഈ വീട്ടിൽ വീട്ടുകാരോടൊപ്പം കഴിയുന്നത് ഉഗ്രവിഷമുള്ള നിരവധി പാമ്പുകൾ ആണ്. മൂന്ന് മുറികൾ ഉള്ള വീട്ടിലെ രണ്ടു മുറികൾ ഇവർ പൂർണ്ണമായും പാമ്പുകൾക്കായി വിട്ടു കൊടുത്തിരിക്കുകയാണ്. നാട്ടുകാർ നിരവധി തവണ പാമ്പുകളെ ഉപേക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും ഈ വീട്ടുകാർ അതിന് തയ്യാറായിട്ടില്ല.

ഈ വീട്ടിലുള്ളവർ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ആശ്ചര്യകരം എന്നല്ലാതെ മറ്റൊന്നും പറയാൻ ആകില്ല എന്നാണ് നാട്ടുകാർ പറയുന്നത്. നിലിമാരി ഗ്രാമത്തിലെ നീലകണ്ഠ ഭൂമിയയുടെ കുടുംബമാണ് ഇപ്പോൾ നാട്ടുകാരുടെ മുഴുവൻ പേടിസ്വപ്നം ആയിരിക്കുന്ന പാമ്പ് കുടുംബം. വർഷങ്ങളായി ഇവരോടൊപ്പം നിരവധി പാമ്പുകളാണ് ഈ വീട്ടിൽ കഴിയുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപാണ് ഇവർ തങ്ങളുടെ വീട്ടിലെ ഒരു മുറിയിൽ രണ്ട് പാമ്പുകളെ കണ്ടത്. ഈ പാമ്പുകൾ മണ്ണുകൊണ്ട് ഇവിടെ കൂടു കൂട്ടുകയായിരുന്നു എന്നാണ് ഇവരുടെ വാദം. പാമ്പുകൾ ശ്രദ്ധയിൽപ്പെട്ട ഇവർ അവയ്ക്ക് സൗകര്യപ്രദമായി ജീവിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു. ഇവർ തങ്ങളുടെ വീട്ടിലെ രണ്ടു മുറികൾ പൂർണമായും പാമ്പുകൾക്കായി വിട്ടു നൽകി. ഇപ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒരു മുറിയിൽ ഒതുങ്ങിക്കൂടി കഴിഞ്ഞു വരുന്നു. 

പാമ്പുകളുടെ എണ്ണം വർദ്ധിച്ചതോടെ ഇവർ പ്രത്യേകം പൂജകളും ഇവിടെ നടത്തുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഇവരുടെ നാഗപൂജ. പാമ്പുകളെ ദൈവങ്ങളായാണ് ഇവർ കാണുന്നത്. അതുകൊണ്ടുതന്നെ പാമ്പുകൾ തങ്ങളെ ഉപദ്രവിക്കില്ല എന്നാണ് ഇവരുടെ വാദം. തങ്ങൾ പാമ്പുകൾക്ക് സ്ഥിരമായി പാലും കൊടുക്കാറുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. 

എന്നാൽ വിഷപ്പാമ്പുകൾക്കൊപ്പം കഴിയുന്നത് സ്വയം അപകടം വിളിച്ചു വരുത്തുന്നത് പോലെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ആരുടെയും നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കാൻ ഈ കുടുംബം തയ്യാറായിട്ടില്ല. ഏതായാലും പാമ്പുകളെ ‌അവിടെ നിന്നും മാറ്റാൻ തയ്യാറാകാത്ത വീട്ടുകാരുടെ നടപടിയിൽ പ്രദേശവാസികൾ എല്ലാവരും ആശങ്കയിലാണ്.

click me!