
ഒരു അച്ഛനും മകളും തമ്മിലുള്ള ലളിതമായമായെരു വാട്ട്‌സ്ആപ്പ് സന്ദേശം സമൂഹ മാധ്യമങ്ങളിലും വൈറലായി. സ്വന്തം മകളെ തനിക്ക് എപ്പോൾ വിളിക്കാൻ കഴിയുമെന്ന് ചോദിച്ച് കൊണ്ടായിരുന്നു അച്ഛന്‍ സന്ദേശമയച്ചത്. അദ്ദേഹത്തിന്‍റെ ലളിതമായ സന്ദേശം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി.
തന്‍റെ സന്ദേശത്തിൽ, അച്ഛൻ സൗമ്യമായി ചോദിക്കുന്നു, 'നിങ്ങളുടെ ഓഫീസ് സമയം കഴിഞ്ഞോ? ഞാൻ എത്ര മണിക്ക് വിളിക്കണം?' തന്‍റെ മകളായിട്ട് പോലും മറ്റൊരു വ്യക്തിയോടെന്ന പോലെ അങ്ങേയറ്റം ബഹുമാനത്തോടെയുള്ള അദ്ദേഹത്തിന്‍റെ ചോദ്യമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നത്. അച്ഛന്‍റെ ചോദ്യത്തിന് "എപ്പോൾ വേണമെങ്കിലും. നിങ്ങൾ അപ്പോയിന്‍റമെന്‍റ് എടുക്കേണ്ടതില്ല." എന്നായിരുന്നു മകളുടെ മറുപടി.
"എന്നെ വിളിക്കുന്നതിനുമുമ്പ് അച്ഛൻ എന്‍റെ സമയ ലഭ്യതയെക്കുറിച്ച് രണ്ടുതവണ ആലോചിക്കും, പക്ഷേ, ഞാൻ മറ്റ് മീറ്റിംഗിലായിരിക്കുമ്പോൾ അനാവശ്യമായ തിരക്കുകൾ ഉണ്ടാകാറുണ്ട്. നമ്മൾ ഇത് മാറ്റേണ്ടതുണ്ട്," എന്ന കുറിപ്പോടെ മകൾ തന്നെയാണ് ആ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
വളരെ ഹ്രസ്വമായ ആ സംഭാഷണത്തെ ഇത്രയധികം ആകർഷകമാക്കുന്നത് അച്ഛന്‍റെ സന്ദേശത്തിലെ നിഷ്കളങ്കതയും ലാളിത്യവുമാണ്. മകളെ വിളിക്കാന്‍ ആഗ്രഹിക്കുന്ന, എന്നാൽ അവളെ ജോലിസ്ഥലത്ത് ശല്യപ്പെടുത്താൻ ഇഷ്ടപ്പെടാത്ത കരുതലും ചിന്താശേഷിയുമുള്ള ഒരു രക്ഷിതാവിനെയാണ് അദ്ദേഹത്തിന്‍റെ സൗമ്യമായ സന്ദേശം പ്രതിഫലിപ്പിക്കുന്നത്.
അച്ഛന്റെ ചോദ്യവും മകളുടെ മറുപടിയും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. നിരവധി പേര്‍ അച്ഛനെ പുകഴ്ത്തിക്കൊണ്ട് കുറിപ്പെഴുതി. മകളോട് പോലും അനുമതി ചോദിച്ച് വിളിക്കുന്ന അച്ഛന്‍ അങ്ങേയറ്റം ബഹുമാനം അര്‍ഹിക്കുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. അതേസമയം അത് കോർപ്പറേറ്റ് പാരന്‍റിംഗ് വൈബാണെന്ന് കുറിച്ചവരും കുറവല്ല. 2025 നവംബർ 20-ന് പങ്കുവച്ച ഈ കുറിപ്പ് ഇതിനകം ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്.