
14 വർഷം മുമ്പ്, 2011 -ലെ ഭീമൻ സുനാമിയിലാണ് ജപ്പാനിലെ ഫുകുഷിമ നിലയത്തില്‍ ആണവദുരന്തമുണ്ടായത്. ഇപ്പോഴിതാ അവിടുത്തെ മണ്ണ് സുരക്ഷിതമാണ് എന്ന് കാണിക്കുന്നതിനായി ആണവമാലിന്യം കലർന്ന മണ്ണ് ടോക്യോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളപ്പിലെത്തിച്ചിരിക്കയാണ്. ശനിയാഴ്ചയാണ് മണ്ണ് ഇവിടെ എത്തിച്ചത്.
അതേസമയം ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ ഇത് ഇവിടുത്തെ വിവിധ ആവശ്യങ്ങൾക്കായി പുനരുപയോഗം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആണവമാലിന്യം കലര്‍ന്ന ഈ മണ്ണ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്നാണ് വ്യാപകമായി ജനങ്ങൾ വിശ്വസിക്കുന്നത്. ആ വിശ്വാസം മാറ്റിയെടുക്കുകയും അത് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് പ്രശ്നമല്ല എന്ന് കാണിക്കുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ തന്നെ മണ്ണ് എത്തിക്കാനുള്ള തീരുമാനം എടുത്തതത്രെ.
നേരത്തെ ആണവദുരന്തത്തിന് പിന്നാലെ തന്നെ ഇതിന്റെ പരിസരത്തെ മണ്ണെല്ലാം വികിരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി നീക്കം ചെയ്തിരുന്നു. ആ മണ്ണ് ഏകദേശം 140 കോടി ഘന മീറ്റര്‍ വരും. അവയെല്ലാം ഫുകുഷിമ ദെയ്ച്ചി പ്ലാന്റിനു സമീപം കൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാൽ, ഇത്രയും മണ്ണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നതിന് പകരം 2045- ഓടെ ഇത് എവിടേക്കെങ്കിലും മാറ്റണം എന്നാണ് സർക്കാർ കരുതുന്നത്. അതിന്റെ ഭാഗമായിട്ടും ഈ മണ്ണ് സുരക്ഷിതമാണ് എന്ന് കാണിക്കാനും വേണ്ടിയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് വളപ്പിലും മണ്ണെത്തിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.
ഒരു വര്‍ഷം ഒരു എക്സ് റേ എടുക്കുമ്പോഴുണ്ടാകുന്ന വികിരണത്തോത് എത്രയാണോ അതിന് കണക്കായതോ അല്ലെങ്കിൽ അതിലും താഴെയോ മാത്രം അണുവികിരണമേ ഈ മണ്ണിലുള്ളൂ എന്നാണ് ജാപ്പനീസ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്.
2011 മാർച്ച് 11-നായിരുന്നു ഫുകുഷിമ ആണവദുരന്തം ഉണ്ടായത്. അന്ന് ആയിരക്കണക്കിന് പേരെയാണ് സുരക്ഷ്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്.