വേനൽക്കാലത്ത് കാട് കയറാം, വഴി തെറ്റാതെ തന്നെ; പക്ഷേ ശ്രദ്ധവേണം, ചില മുൻകരുതലും

Published : Apr 06, 2026, 02:47 PM ISTUpdated : Apr 06, 2026, 04:06 PM IST
Sabari Janaki

Synopsis

കർണാടകയിൽ ട്രക്കിങ്ങിനിടെ കാട്ടിൽ അകപ്പെട്ട ശരണ്യയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, കാട്ടിൽ വഴിതെറ്റിയാൽ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ ഈ ലേഖനം വിശദീകരിക്കുന്നു. പരിചയസമ്പന്നർക്കൊപ്പം യാത്ര ചെയ്യേണ്ടതിൻ്റെ പ്രാധാന്യം, കരുതേണ്ട വസ്തുക്കൾ, വഴിതെറ്റിയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

ർണാടകയിൽ ട്രക്കിങ്ങിനു പോയി കാട്ടിൽ അകപ്പെട്ട ശരണ്യ എന്ന പെൺകുട്ടി തിരിച്ചെത്തി എന്നുള്ളത് സന്തോഷം നൽകുന്ന വാർത്തയാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും കാടിനകത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇപ്പോഴും പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം. ശരണ്യ തന്നെ വളരെ എക്സ്പീരിയൻസ് ആയ ട്രക്കർ ആണെന്ന് പറയപ്പെടുന്നു. എന്നിട്ടും എന്തേ ശരണ്യ കാട്ടിൽ കുടുങ്ങി പോയത്?

കടറിയുന്നവർക്കൊപ്പം പോവുക

ആദ്യമേ പറയട്ടെ കാട് എന്നത് സമുദ്രം പോലെയാണ്. വഴിതെറ്റാൻ എളുപ്പം. പല കാടുകളും പുറമെ നിന്ന് വ്യത്യസ്തമായി തോന്നുമെങ്കിലും അകത്തേക്ക് ചെന്നാൽ എല്ലാ വഴികളും ഒരേപോലെ തോന്നിപ്പിക്കുന്ന സ്വഭാവ സവിശേഷത ഉള്ളതാണ്. അതായത് നമ്മൾ നടന്നു തുടങ്ങിയാൽ തുടങ്ങിയ ഇടവും ചെന്നെത്തുന്ന ഇടവും ഒരേപോലെ തോന്നും. ഇത്തരം അവസരങ്ങളിൽ വഴിതെറ്റാൻ എളുപ്പമാണ്. ഇതിന് എങ്ങനെ മറികടക്കും എന്നതാണെങ്കിൽ അതിന് ആ കാടിനെ പരിചയമുള്ള പരിചിതരായ ആളുകളോടൊപ്പം മാത്രം കാട്ടിൽ സഞ്ചരിക്കുക. അത് ചിലപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരാകാം ആ കാടിനകത്ത് താമസിക്കുന്ന ആദിവാസികൾ ആവാം മറ്റ് പ്രൊഫഷണൽ ട്രാക്കർ ആവാം.

അതിജീവനം പ്രധാനം

കാടിനകത്ത് കുടുങ്ങിപ്പോകാൻ പല സാധ്യതകൾ ഉണ്ട്. ചിലപ്പോൾ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം, വന്യജീവികളുടെ സാന്നിധ്യം, അശ്രദ്ധമായ നടത്തം, സമയത്തിന്‍റെ ക്രമീകരണ കുറവ്. ഇങ്ങനെ പല കാരണങ്ങളാൽ കാട്ടിൽ അകപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ മാനസികമായ പക്വത നേടുക എന്നുള്ളതാണ് ഇതിനെ അതിജീവിക്കാനുള്ള ഏറ്റവും പ്രധാന ഘടകം.

ട്രക്കിംഗ് റൂട്ട്

വഴിതെറ്റിയെന്ന് ബോധ്യം വന്നാൽ ഉടനെ തിരിച്ചു നടന്ന് നമ്മൾ ട്രക്കിംഗ് അവസാനിപ്പിച്ച് മടങ്ങിയ പ്രധാന വഴിയിലേക്ക് എത്തിച്ചേർന്ന് അവിടെ കാത്തിരിക്കുക എന്നുള്ളതാണ് ആദ്യമേ ചെയ്യേണ്ടത്. തീർച്ചയായും നമ്മളെ കാണാതായാൽ ഒന്നോ രണ്ടോ മണിക്കൂറിനകം നമ്മുടെ കൂടെയുള്ള സംഘാംഗങ്ങൾ നമ്മളെ തേടി ഈ ട്രക്കിംഗ് വഴിയിലൂടെ തിരിച്ചുവരുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഈ ട്രക്കിംഗ് വഴിയിൽ നിന്ന് നമ്മൾ മാറി നിൽക്കരുത്.

കരുതൽ ഭക്ഷണം

കാട്ടിൽ പോകുമ്പോൾ ആവശ്യത്തിന് വെള്ളവും ഒന്നോ രണ്ടോ ദിവസം തള്ളിനീക്കാനുള്ള ലഘു ഭക്ഷണങ്ങളും കരുതേണ്ടത് വളരെ അത്യാവശ്യമാണ്. അത് ബിസ്ക്കറ്റ് ആവാം ഡ്രൈഫ്രൂട്ട്സ് ആവാം അവിലോ കപ്പലണ്ടി മിട്ടായിയൊ എന്തുമാവാം. ഇതിലൂടെ നമ്മുടെ അതിജീവന സാധ്യത വർദ്ധിക്കും.

ബാക്ക്അപ്പ് മൊബൈൽ

ഇന്ന്, മൊബൈൽ ഫോൺ ഇല്ലാതെ ആരും കാട്ടിൽ പോകുന്നില്ല. എന്നാൽ ഈ ഫോണിന്‍റെ ബാറ്ററി ബാക്കപ്പ് എത്രത്തോളമുണ്ടെന്ന് കൃത്യമായ ബോധ്യം ഉണ്ടാവുകയും കയ്യിൽ ഒരു പവർ ബാങ്ക് സൂക്ഷിക്കുകയും ചെയ്യുന്നത് നല്ലതാണ്. വിളിക്കാൻ മാത്രം ഉപയോഗിക്കുന്ന ചെറിയ വിലകുറഞ്ഞ ഒരു ഫോണും അതിൽ ഒരു സിമ്മും ഉണ്ടാവുന്നതാണ് ഏറ്റവും അഭികാമ്യം. കാരണം പ്രധാന ഫോണിന് പലപ്പോഴും ഡാമേജ് ആവാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ആ സമയങ്ങളിൽ നമുക്ക് നമ്മുടെ കയ്യിലുള്ള ചെറിയ ഫോൺ ഉപയോഗിക്കാവുന്നതാണ്.

തീപ്പെട്ടിയും ടോർച്ചും

കാടിനകത്ത് പോകുമ്പോൾ കയ്യിൽ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ തീപ്പെട്ടിയും ടോർച്ചും ആണ്. കുറഞ്ഞ വിലയ്ക്ക് നല്ല വെളിച്ചമുള്ള ടോർച്ചുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. രാത്രിയിൽ ഈ ടോർച്ച് തെളിച്ച് നമുക്ക് നമ്മുടെ ലൊക്കേഷൻ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. അതുമല്ലെങ്കിൽ പകൽ സമയത്ത് ചപ്പ് ചവറുകൾ കൂട്ടി കത്തിച്ചു പുകയുണ്ടാക്കിയാലും നമ്മുടെ ലൊക്കേഷൻ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റും ഇതിനായി ഒരു തീപ്പെട്ടി കയ്യിൽ കരുതണം.

ഉയരം കൂടിയ പ്രദേശം

കാടിനക്കത്ത് പെട്ടുപോയാൽ ഉടനെ ഉയരം കൂടിയ പുൽമേടുകളിലേക്കോ വലിയ പാറകൾക്ക് മുകളിലോ കയറി നിൽക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുകളിൽ കയറി നിന്ന് കൈവീശിയോ ഒച്ച ഉണ്ടാക്കിയോ അല്ലെങ്കിൽ കയ്യിലുള്ള ഒരു തുണി വടിയിൽ കെട്ടി വീശിയോ നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കി കൊടുക്കാവുന്നതാണ്. ഇതിനായി മൊട്ടകുന്നുകളോ വലിയ പാറകൾക്ക് മുകളിലോ കയറി നിൽക്കുന്നത് നല്ലതാണ്. ഒരു കാരണവശാലും അരുവിക്കരകളിൽ താമസിക്കരുത്. പ്രത്യേകിച്ച് വേനൽ കാലങ്ങളിൽ, കാരണം, ഇത്തരം ജല സാന്നിധ്യമുള്ള സ്ഥലങ്ങളിലാണ് വന്യജീവികളെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

വേണം മറ്റ് ചിലതും

തണുപ്പുള്ള ഇടങ്ങളിലേക്കാണ് പോകുന്നതെങ്കിൽ തണുപ്പിനെ മറികടക്കാനുള്ള വസ്ത്രങ്ങൾ കയ്യിൽ വയ്ക്കുക, അത്യാവശ്യം ഫസ്റ്റ് എയ്ഡ് മരുന്നുകൾ കയ്യിൽ വയ്ക്കുക, കാലിൽ നല്ല ഷൂസും ലീച്ച് സോക്സ് പോലുള്ളവ ധരിക്കുക, കനം കുറഞ്ഞ മഴക്കോട്ട് കയ്യിൽ കരുതുക, വന്യജീവികളുടെ സാന്നിധ്യം ഇല്ലാത്ത സുരക്ഷിത ഇടങ്ങളിലേക്ക് മാറി നിൽക്കുക, ഇതെല്ലാം നമ്മുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ശരണ്യക്ക് സംഭവിച്ചത് ഇനി മറ്റൊരാൾക്ക് സംഭവിക്കാതിരിക്കട്ടെ.

PREV
Read more Articles on
click me!

Recommended Stories

28 കൊല്ലം സർക്കാർ സർവീസിൽ, ശമ്പളം ഇത്രയും കുറവ്, രാജിവയ്ക്കുകയാണെന്ന് ചെന്നൈ ഡോക്ടർ
റെസിഡൻഷ്യൽ ഫ്ലാറ്റുകളിൽ ചിതാഭസ്മം സൂക്ഷിക്കരുതെന്ന് ചൈനീസ് സർക്കാർ, ശ്മശാനങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കൂവെന്ന് ജനങ്ങൾ