
സ്റ്റാൻഡ് അപ്പ് കൊമേഡിയൻ അദിതി മിത്തൽ തൻ്റെ ജീവിതത്തിലെ വളരെ വ്യക്തിപരമായ ഒരനുഭവം അടുത്തിടെ പങ്കുവെക്കുകയുണ്ടായി. ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലാണ്, തൻ്റെ പിതാവിൻ്റെ ആകസ്മിക വിയോഗത്തിന് ശേഷം അതിനോട് പൊരുത്തപ്പെടാൻ ഒരു എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡൻ്റ് തന്നെ എങ്ങനെ സഹായിച്ചു എന്ന കഥ അവർ വിവരിച്ചത്.
2017 -ൽ ഒരു പരിപാടിക്കായി ലണ്ടനിലായിരിക്കുമ്പോഴാണ് മിത്തൽ തൻ്റെ പിതാവിൻ്റെ മരണവാർത്ത അറിയുന്നത്. ദുഃഖഭാരം താങ്ങാനാവാതെ ഉടൻ വീട്ടിലെത്താൻ ആഗ്രഹിച്ച അവർ, മുംബൈയിലേക്കുള്ള ആദ്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ആ യാത്രയിൽ, മറ്റ് യാത്രക്കാർക്കിടയിൽ ഇരിക്കുകയാണെങ്കിലും തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അവർ. ഒരു സാധാരണ വിമാനയാത്രയിൽ ലഭിക്കുന്ന സൗകര്യങ്ങൾക്കപ്പുറം അവർ ഒന്നും പ്രതീക്ഷിച്ചില്ല. എന്നാൽ, ഒരു ജീവനക്കാരി ആ യാത്രയെ മാറ്റിമറിച്ചു. പ്രീതി എന്ന് പേരുള്ള ആ ഫ്ലൈറ്റ് അറ്റൻഡൻ്റ്, മിത്തലിൻ്റെ വിഷാദം ശ്രദ്ധിച്ചു.
അവർ മിത്തലിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ അച്ഛൻ മരിച്ചതിനെ കുറിച്ച് മിത്തൽ തുറന്നു പറഞ്ഞു. അതറിഞ്ഞതോടെ പ്രീതി അവൾക്ക് കൂടുതൽ പിന്തുണ നൽകി, ഇടയ്ക്കിടെ വിവരങ്ങൾ തിരക്കി. ഒരു ഘട്ടത്തിൽ, പ്രീതി, അവരുടെ അച്ഛനെക്കുറിച്ചുള്ള കഥകൾ പങ്കുവെക്കുന്നത് ആശ്വാസം നൽകുമോ എന്ന് ചോദിച്ചു. അച്ഛൻ്റെ തമാശകളും, രസകരമായ നിമിഷങ്ങളും അടങ്ങിയ, അദ്ദേഹത്തിൻ്റെ ഓർമ്മകളെ കുറിച്ച് സംസാരിക്കാനും അതേക്കുറിച്ച് ഓർത്ത് സന്തോഷിക്കുവാനും അവർ മിത്തലിനെ പ്രേരിപ്പിച്ചു.
തൻ്റെ വീഡിയോയുടെ അവസാനം, മിത്തൽ പ്രീതിക്ക് ദീപാവലി ആശംസകൾ നേർന്നു. 'പ്രീതി, നിങ്ങൾ എവിടെയായിരുന്നാലും...' എന്ന വാക്കുകളോടെയുള്ള വീഡിയോ ഓൺലൈനിൽ ശ്രദ്ധ നേടി. ഒരു ഉപയോക്താവ് ഇതിനെ 'ലോകത്തിലെ എൻ്റെ ഏറ്റവും പ്രിയപ്പെട്ട ദീപാവലി വീഡിയോ' എന്ന് വിശേഷിപ്പിച്ചു.