മരണാനന്തര ചടങ്ങുകൾക്കായി ഒരു സ്റ്റാർട്ടപ്പ്, പിന്തുണയും വിമർശനവും

By Web TeamFirst Published Nov 23, 2022, 3:11 PM IST
Highlights

ഈ ആശയം ഏറെ ശ്രദ്ധിക്കപ്പെടുകയും പലരും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വാർത്ത വൈറലായതോടെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് ലഭിച്ചത്.

ഇത് സ്വയം സംരംഭങ്ങളുടെ കാലമാണ്. നൂതന ആശയങ്ങൾ ഉള്ള നിരവധി സംരംഭകരും സംരംഭങ്ങളും ആണ് നമുക്ക് ചുറ്റും ഉള്ളത്. സംരംഭകത്വത്തിന്റെ ലോകത്തേക്ക് കൂടുതൽ ആളുകൾ പ്രവേശിച്ചതിനാൽ, അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പുകളാൽ സമൃദ്ധമാണ് നമ്മുടെ നാട്. ചില സംരംഭകരുടെ ആശയങ്ങൾ കേട്ടാൽ, കൊള്ളാം പക്ഷേ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് നമുക്ക് തോന്നിപ്പോകും

ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ അടുത്തിടെ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ 2022 ൽ,   അത്തരത്തിലുള്ള ഒരു സംരംഭം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു ഫ്യൂണറൽ സർവീസ് മാനേജ്‌മെന്റ് ഓർഗനൈസേഷൻ സ്ഥാപിച്ച ബൂത്ത് ആയിരുന്നു ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

മരണപ്പെട്ടവർക്ക് മാന്യമായ യാത്രയയപ്പ് നൽകാനാണ് മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.  ശവസംസ്കാര ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നതിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കൂടാതെ ശ്രദ്ധാഞ്ജലി, പ്രീ-പ്ലാൻ ഫ്യൂണറൽ, ആന്റിം സൻസ്കാർ തുടങ്ങിയ മികച്ച ശവസംസ്കാര പരിഹാരങ്ങളും ഇവർ വാഗ്ദാനം ചെയ്യുന്നു.

ഈ ആശയം ഏറെ ശ്രദ്ധിക്കപ്പെടുകയും പലരും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വാർത്ത വൈറലായതോടെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് ലഭിച്ചത്. ഈ കാലഘട്ടത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒരു സേവനം എന്നായിരുന്നു ചിലർ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാൽ മറ്റുചിലർ ചിന്തിച്ചത് നേരെ തിരിച്ചായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത് എന്നാണ് ആലോചിക്കേണ്ടത് എന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. 

എന്തുതന്നെയായാലും ഏറെ പുതുമയാർന്ന ഒരു സംരംഭക ആശയമായി തന്നെയാണ് ശവസംസ്കാര ചടങ്ങുകളും മറ്റ് അനുബന്ധ കർമ്മങ്ങളും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഒരു ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പ് എന്ന ഈ ആശയവും അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

click me!