Breastfeeding mothers : സമ്മതമില്ലാതെ മുലയൂട്ടുന്ന അമ്മമാരുടെ ചിത്രം പകർത്തിയാൽ രണ്ടുവർഷം വരെ തടവ്

By Web TeamFirst Published Jan 6, 2022, 1:13 PM IST
Highlights

മാഞ്ചസ്റ്ററിലുള്ള ഡിസൈനർ ജൂലിയ കൂപ്പറാണ് കഴിഞ്ഞ ഏപ്രിലിൽ പൊതുസ്ഥലത്ത് മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടോകൾ എടുക്കുന്നത് കുറ്റകരമാക്കാൻ ഒരു കാമ്പയിൻ ആരംഭിച്ചത്. അതിന് പ്രേരണയായത് അവരുടെ സ്വന്തം അനുഭവമാണ്.

പൊതുവിടങ്ങളിൽ വച്ച് മുലയൂട്ടുന്ന അമ്മമാരുടെ(Breastfeeding mothers) ഫോട്ടോ(Photo) എടുക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും (England and Wales) നിയമവിരുദ്ധമാക്കി. ഇനി മുതൽ മുലയൂട്ടുന്ന അമ്മമാരുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ എടുക്കുന്നത് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. നീതിന്യായ മന്ത്രാലയത്തിന്റെ ഒരു ഭേദഗതിയായി എഴുതിച്ചേർത്ത ഈ നിയമം ദി പൊലീസ്, ക്രൈം, സെന്റെൻസിങ് ബില്ലിന്റെ ഭാഗമായിരിക്കും.

"അമ്മമാരുടെ സമ്മതമില്ലാതെ മുലയൂട്ടുന്ന വീഡിയോ ചിത്രീകരിക്കുകയോ, ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് തടയാൻ ഞങ്ങൾ ഒരു പുതിയ നിയമം അവതരിപ്പിക്കുന്നു. കാരണം ഒരു അമ്മയും ഈ രീതിയിൽ ബുദ്ധിമുട്ട് നേരിടരുത്" ലോർഡ് ചാൻസലറും ജസ്റ്റിസ് സെക്രട്ടറിയുമായ ഡൊമിനിക് റാബ് പറഞ്ഞു. ബിബിസി പറയുന്നതനുസരിച്ച്, മാഞ്ചസ്റ്ററിലുള്ള ഡിസൈനർ ജൂലിയ കൂപ്പറാണ് കഴിഞ്ഞ ഏപ്രിലിൽ പൊതുസ്ഥലത്ത് മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടോകൾ എടുക്കുന്നത് കുറ്റകരമാക്കാൻ ഒരു കാമ്പയിൻ ആരംഭിച്ചത്. അതിന് പ്രേരണയായത് അവരുടെ സ്വന്തം അനുഭവമാണ്. "ഞാൻ ഒരു ദിവസം ട്രെയിനിൽ വച്ച് എന്റെ മകളെ മുലയൂട്ടുകയായിരുന്നു. എന്റെ എതിർസീറ്റിൽ ഇരുന്ന ഒരാൾ ഞങ്ങളെ തുറിച്ചുനോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. തുടർന്ന്, അയാൾ തന്റെ ഡിജിറ്റൽ ക്യാമറ പുറത്തെടുത്തു. ഒരു സൂം ലെൻസ് ഘടിപ്പിച്ച് ഞങ്ങളുടെ ചിത്രം പകർത്താൻ തുടങ്ങി" അവൾ ബിബിസിയോട് പറഞ്ഞു.

അയാളുടെ ആ പ്രവൃത്തി അവളെ വല്ലാതെ വേദനിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ചപ്പോൾ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഇതൊരു കുറ്റകൃത്യമായി കാണാൻ സാധിക്കില്ലെന്നും, അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു. ഒടുവിൽ അവൾ, ലേബർ എംപി ജെഫ് സ്മിത്തിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തക സ്റ്റെല്ല ക്രീസിയെയും ബന്ധപ്പെട്ടു. ട്രെയിനിൽ വച്ച് തന്റെ കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് തന്റെ സമ്മതമില്ലാതെ ഫോട്ടോ എടുത്തുവെന്ന് അവൾ അവരോട് പരാതിപ്പെട്ടു. അവർ ഇരുവരും ജൂണിൽ  ദി പൊലീസ്, ക്രൈം, സെന്റെൻസിങ് ബില്ലിൽ ഭേദഗതി വരുത്തണമെന്നും, നിയമത്തിൽ മാറ്റം വരുത്തണമെന്നുമുള്ള ആവശ്യം മുന്നോട്ട് വച്ചു.    

അതിനൊപ്പം, കൂപ്പറുടെ നേതൃത്വത്തിൽ ഇതിനെതിരെ ശക്തമായ ഒരു പ്രചാരണവും നടന്നു. ഒടുവിൽ അവർക്ക് അനുകൂലമായി നിയമം വന്നു. ലൈംഗിക സംതൃപ്തി നേടുന്നതിനോ, അപമാനിക്കുന്നതിനോ, ഇതിന് പിന്നിലുള്ള ഉദ്ദേശം എന്ത് തന്നെയായാലും, കുറ്റവാളി രണ്ട് വർഷം ഇരുമ്പഴിക്കുള്ളിൽ കഴിയുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

"ഇത് മുലയൂട്ടുന്ന അമ്മമാരുടെ വിജയമാണ്. ഇനി അവർക്ക് ആരെയും ഭയക്കാതെ, ക്യാമറക്കണ്ണുകൾക്ക് നിന്ന് കൊടുക്കാതെ പൊതുസ്ഥലത്ത് മുലയൂട്ടാം. നിയമം അവർക്കൊപ്പമാണ്. നിയമം അവരെ സംരക്ഷിക്കുന്നുവെന്നതിൽ ഞാൻ സന്തോഷിക്കുന്നു" ജൂലിയ ബിബിസിയോട് പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം) 
 

click me!