- Home
- Magazine
- Web Specials (Magazine)
- പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
അക്രമമൊരു പരിഹാരമല്ല, ഒന്നിനും. ഇതറിയാത്തവരല്ല ലോക നേതാക്കളാരും തന്നെ. പക്ഷേ. കൈയടക്കാനുള്ളത്വരയിൽ അവർ മനുഷ്യന് മേലെ ബോംബുകൾ വർഷിക്കുന്നു. അപ്പോഴും ചിലർക്ക് വേണ്ടി മാത്രമാണ് ലോകം വാദിക്കുന്നത്. അങ്ങനെയല്ലാത്തവരെ കുറിച്ച് ലോകത്തിന് ആവലാതികളുമില്ല.

റോഹിങ്ക്യൻ മുസ്ലിങ്ങളും ഉയിഗൂർ മുസ്ലിങ്ങളും അക്കൂട്ടത്തിൽപ്പെട്ട ജനവിഭാഗങ്ങളാണ്. ഒരിടവേളയ്ക്ക് ശേഷം സുഡാനില അറബുകളല്ലാത്ത ജനവിഭാഗങ്ങളും അക്കൂട്ടത്തിലേക്ക് ചേർത്ത് വയ്ക്കപ്പെടുന്നു. ചോദ്യങ്ങൾ പോയിട്ട് ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കപ്പെടാത്ത ജനത.
സുഡാൻ ഒരു ദരിദ്ര രാജ്യമാണെന്ന് കരുതിയാൽ തെറ്റി. മറ്റേതൊരു ആഫ്രിക്കൻ രാജ്യത്തെയും പോലെ സുഡാനു ദരിദ്രമായിരിക്കേണ്ടത് മറ്റ് ചിലരുടെ ആവശ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം. ചെങ്കടലാണ് ഒരതിർത്തി. നൈൽ നദിയുടെ നാട്.സ്വർണ്ണഖനികളുടെ നാട്. പക്ഷേ, ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ ഒന്ന്. സമാധാനം അപൂർവ്വം
സുഡാന്‍റെ ഈ വിഭവ സമൃദ്ധിയിലാണ് പുറത്തുള്ളവരുടെ കണ്ണ്. നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് സുഡാന്‍റെ സ്വർണത്തിൽ കണ്ണ് വച്ചിരിക്കുന്നത് യുഎഇയാണ്.
ആ സ്വർണ ശേഖരം കൈയടക്കാൻ ആർഎസ്എഫ് (Rapid Support Forces) എന്ന സായുധ സംഘത്തിന് ആയുധം നൽകുന്നത് യുഎഇ ആണെന്ന് എസ്എഎഫ് (Sudanese Armed Forces) എന്ന സർക്കാർ സൈന്യം ആരോപിക്കുന്നു.
രാജ്യത്തെ സമ്പത്ത് അളവില്ലാതെ കൊണ്ട് പോകാൻ അറബ് വംശീയത ആളിക്കത്തിക്കുന്നു. ഇതിന്‍റെ ഫലമായി അറബുകളല്ലാത്തവർക്ക്, മറ്റ് മുസ്ലിം വിഭാഗങ്ങളും തദ്ദേശീയ ഗോത്രങ്ങളും ക്രിസ്തുമത വിശ്വാസികളുമടങ്ങിയ ജനതയെ വെടിവെച്ചും ചുട്ടും കൊലപ്പെടുത്തുന്നു.
സൗദിയുടെയും ഈജിപ്തിന്‍റെയും റഷ്യയുടെയും താത്പര്യങ്ങൾ എസ്എഎഫിനൊപ്പമാണ്. അതായത് ഇരുവശത്തും ആയുധവും അർത്ഥവും നൽകാൻ പുറത്ത് ആളുകൾ റെഡിയാണെന്നത് തന്നെ. ഈ പുറത്ത് നിന്നുള്ള ഇടപെടൽ സുഡാനിലെ അശാന്തി അണയാതെ നോക്കുന്നു.
2023 ഏപ്രിലിൽ തുടങ്ങിയ ആഭ്യന്തരയുദ്ധത്തിനിടെ കുഞ്ഞ് കുട്ടികൾ അടക്കമുള്ള 2000 -ത്തോളം വരുന്ന മനുഷ്യരെ ജീവനോട് ചുട്ടും വെടിവച്ചും കൊലപ്പെടുത്തുന്നതിൽ ആർഎസ്എഫ് പ്രത്യേക താത്പര്യം കാണിക്കുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
യുഎസ് ഫണ്ടിംഗ് നിലച്ചതോടെ യുഎന്‍ പേരിന് ഒരു സംഘടന മാത്രമായി ഒതുങ്ങി. പാലസ്തീന് വേണ്ടി വാദിച്ച ഗൾഫ് രാജ്യങ്ങൾ പക്ഷേ സുഡാന്‍റെ കാര്യത്തിൽ നിശബ്ദരാണ്. സുഡാനിലെ അളവറ്റ സമ്പത്തിന്‍റെ ലാഭം വേണമെന്നത് തന്നെ കാരണം.
മാതൃരാജ്യത്തെ വംശഹത്യയ്ക്ക് തല നീട്ടി നിൽക്കുകയെന്നതല്ലാതെ മറ്റൊരു മാർഗ്ഗവും ഇന്ന് സുഡാനികളുടെ മുന്നിലില്ല. ആർഎസ്എഫിന്‍റെ മൃഗീയ മുന്നേറ്റങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പിന്മാറുകയാണ് സർക്കാർ സൈന്യം എന്നറിയപ്പെടുന്ന എസ്ആർഎഫ്.
മരണത്തിന് മുന്നിൽ മനുഷ്യരെല്ലാവരും തുല്യരാണെങ്കിലും മരിച്ച് വീഴുന്നവൻറെ വംശവും നിറവും നോക്കി പിന്തുണയ്ക്കുന്നതിലാണ് ലോകജനതയ്ക്കും താത്പര്യം. അത്തരമൊരു ലോകബോധ്യത്തിന് മുന്നിൽ റോഹിങ്കകളും സുഡാനികളും പിടഞ്ഞ് മരിക്കാൻ വിധിക്കപ്പെടുന്നു.

