തോക്കും പിടിച്ചുള്ള സെല്‍ഫി വേണ്ട, അത്രയ്ക്ക്  സ്‌റ്റൈലാവണ്ട, താലിബാന്‍കാരോട് മന്ത്രി

By Web TeamFirst Published Sep 28, 2021, 7:48 PM IST
Highlights

തോക്കുകളുമേന്തിയുള്ള താലിബാന്‍കാരുടെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി വന്ന സാഹചര്യത്തിലാണ് മന്ത്രി അക്കാര്യം പറഞ്ഞത്. ''തോക്കും പിടിച്ചുള്ള സെല്‍ഫി വേണ്ട. അത് ആപത്താണ്.;

"തോക്കും പിടിച്ചുള്ള സെല്‍ഫി വേണ്ട"`  പറയുന്നത് അഫ്ഗാന്‍ പ്രതിരോധ മന്ത്രിയാണ്. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ആയുധങ്ങളുമായി റോന്തു ചുറ്റുന്ന താലിബാന്‍കാരോടാണ്, ഒരു ശബ്ദ സന്ദേശത്തില്‍ മന്ത്രി ഇക്കാര്യം നിദേശിച്ചത്. അധികാരം കിട്ടിയതോടെ, താലിബാന്‍ കാലാള്‍പ്പട, നിയമങ്ങളെല്ലാം മറന്ന് പടിഞ്ഞാറന്‍ ആശയങ്ങള്‍ പുല്‍കുന്നതായും മന്ത്രി വിമര്‍ശിച്ചു. 

വാള്‍ സ്ട്രീറ്റ് ജേണലാണ്, താലിബാന്‍ സഥാപകന്‍ മുല്ല ഉമ്മറിന്റെ മകന്‍ കൂടിയായ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാഖൂബ് താലിബാന്‍ പടയാളികള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തുവിട്ടത്. രസകരമായ കുറേ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമുണ്ട് ആ സന്ദേശത്തില്‍. 

കാട്ടിലും മലയിലും ദുര്‍ഘട സാഹചര്യങ്ങളിലും പരിമിത സൗകര്യങ്ങളോടെ കഴിഞ്ഞ താലിബാന്‍കാര്‍ അഫ്ഗാനില്‍ ഭരണം പിടിച്ചതോടെ ഒരമ്പരപ്പിലാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജോലി സമയത്ത്, മൃഗശാലയില്‍ പോയി മൃഗങ്ങളെ കാണുക, പാര്‍ക്കുകളില്‍ കുട്ടികള്‍ക്കായി സ്ഥാപിച്ച ഉൗഞ്ഞാലുകളിലും കളിത്തോണികളിലും ഉല്ലസിക്കുക, ആഡംബര വസതികളില്‍ കയറി സെല്‍ഫി എടുക്കുക എന്നിങ്ങനെ താലിബാന്‍കാരുടെ പല തരം ചിത്രങ്ങളാണ് ലോകമാകെയുള്ള മാധ്യമങ്ങളില്‍ ഈയിടെയായി പ്രത്യക്ഷപ്പെട്ടത്. അഫ്ഗാന്‍ യുദ്ധപ്രഭുവിന്റെ അടച്ചിട്ട വീട് തുറന്ന് താമസമാക്കിയ താലിബാന്‍കാര്‍ അവിടത്തെ ആഡംബരങ്ങള്‍ക്കു മുന്നില്‍ അന്തംവിട്ടു നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം ചേര്‍ന്ന സാഹചര്യത്തിലാണ്, ഇതൊന്നും പാടില്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രിയുടെ ഉത്തരവ് പുറത്തുവന്നത്. 

ഇതെല്ലാം പടിഞ്ഞാറന്‍ രീതികളോടുള്ള ഭ്രമമാണ് എന്നാണ് മന്ത്രി പറഞ്ഞത്. 'നിങ്ങളെ ഏല്‍പ്പിച്ച പണി മറക്കരുത്. ലോകത്തിനു മുന്നില്‍ നാണംകെടുത്തരുത്. സ്വന്തം ജീവന്‍ ബലി നല്‍കി നമ്മെ അധികാരത്തില്‍ എത്തിച്ചവരോടുള്ള അവഹേളനമാണിത്'-മന്ത്രി പറയുന്നു. 

തോക്കുകളുമേന്തിയുള്ള താലിബാന്‍കാരുടെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി വന്ന സാഹചര്യത്തിലാണ് മന്ത്രി അക്കാര്യം പറഞ്ഞത്. ''തോക്കും പിടിച്ചുള്ള സെല്‍ഫി വേണ്ട. അത് ആപത്താണ്. നമ്മുടെ സുരക്ഷയെ പോലും അത് അപകടത്തിലാക്കും. നമ്മുടെ നേതാക്കളുടെ താവളങ്ങളെക്കുറിച്ചും മറ്റുമുള്ള നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ പുറത്തറിയും. ഒപ്പം, സെല്‍ഫി എടുക്കുന്ന തിരക്കില്‍ സുരക്ഷാ വീഴ്ച ഉണ്ടാവാനും വഴിയുണ്ട്. ''-മൗലവി യാക്കൂബ് ശബ്ദസന്ദേശത്തില്‍ പറയുന്നു.

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുടി നീട്ടുന്നതും പാശ്ചാത്യ വേഷം ധരിക്കുന്നതും അവസാനിപ്പിക്കണമെന്നും മന്ത്രി പറയുന്നു. ''അതൊന്നും നമ്മുടെ രീതികളല്ല. മുമ്പുണ്ടായിരുന്ന പാവ സര്‍ക്കാറിന്റെയും പാശ്ചാത്യരുടെയും രീതിയാണത്. അത് തുടര്‍ന്നാല്‍ ദൈവം ക്ഷമിക്കില്ല. ഇസ്ലാമിക രാജ്യം നഷ്ടമാവുകയും ചെയ്യും' -മന്ത്രി പറഞ്ഞു. 

 

click me!