
തുർക്മെനിസ്ഥാനിന്റെ 70 ശതമാനവും മരുഭൂമിയാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന അത് കരകം മരുഭൂമി എന്നറിയപ്പെടുന്നു. അവിടെ സൂര്യന്റെ ചൂടേറ്റ് വെന്തുകിടക്കുന്ന മണൽപരപ്പുകൾക്കിടയിൽ അതിശക്തമായ ഒരു പ്രകാശവലയം കാണാം. ആകാശത്തെ പോലും ചുവപ്പിക്കാൻ ശക്തമായ അത് രാത്രിയിലെ ഇരുട്ടിൽ പോലും തിളങ്ങുന്നു. മരുഭൂമിയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗർത്തത്തിൽ നിന്ന് ഉയരുന്ന അണയാത്ത തീയാണ് ഇതിന് പിന്നിൽ. 50 വർഷത്തിലേറെയായി നിർത്താതെ കത്തുന്ന ആ ഗർത്തത്തെ സാങ്കേതികമായി 'ഡാർവാസ വാതക ഗർത്തം' എന്നാണ് വിളിക്കുന്നത്. എങ്കിലും പ്രദേശവാസികൾ അതിനെ 'നരകത്തിന്റെ കവാടം' എന്ന് വിളിക്കുന്നു.
മുന്നൂറ്റിയമ്പതോളം ആളുകൾ പാർക്കുന്ന ദർവാസ ഗ്രാമത്തിനടുത്താണ് 230 അടി വീതിയുള്ള ആ വലിയ ഗർത്തം സ്ഥിതി ചെയ്യുന്നത്. 1971 -ലാണ് ഇത് ഉടലെടുക്കുന്നത്. 1971 -ൽ സോവിയറ്റ് യൂണിയൻ ജിയോളജിസ്റ്റുകൾ ആ മരുഭൂമിയിൽ എണ്ണയ്ക്കായി കുഴിച്ചപ്പോഴാണ് പ്രകൃതിവാതകത്തിന്റെ ശേഖരം കണ്ടത്. അന്ന് തുർക്മെനിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അവർ ഭൂമി തുരക്കുന്നതിനിടയിൽ മൂന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. അതിൽ ഒന്നിൽ നിന്ന് ശക്തമായ വാതകങ്ങൾ പുറത്ത് വന്നു. അക്കൂട്ടത്തിൽ മനുഷ്യരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന മീഥെയ്ൻ വലിയ അളവിൽ അന്തരീക്ഷത്തിൽ കലരാൻ തുടങ്ങി. ഇത് തടയാനായി ഗവേഷകർ അത് തീയിട്ടു. കുറച്ച് ആഴ്ചകൾ കഴിയുമ്പോൾ ആ തീ താനെ കത്തിത്തീരുമെന്ന് അവർ കരുതിയിരിക്കണം.
അത് അണഞ്ഞില്ല എന്ന് മാത്രമല്ല, ഇന്നും നിർത്താതെ കത്തുകയാണ്. ഈ ഗർത്തതിന് 30 മീറ്റർ ആഴമുണ്ട് എന്ന് അനുമാനിക്കുന്നു. ഇതിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും പക്ഷേ വ്യക്തതയില്ല. പ്രാദേശിക ജിയോളജിസ്റ്റുകൾ പറയുന്നത് 1960 -കളിൽ ചെളി ഒഴുകിയതിനെത്തുടർന്ന് ഉണ്ടായ ഗർത്തമാണിതെന്നും, 1980 -കൾ വരെ അത് തീ പിടിച്ചിട്ടില്ലെന്നുമാണ്. എന്നാൽ, ആദ്യമായി ഗർത്തത്തിന്റെ ഉള്ളിലേയ്ക്ക് യാത്ര ചെയ്ത വ്യക്തി കനേഡിയൻ പര്യവേക്ഷകനായ ജോർജ്ജ് കൊറോണിസാണ് എന്നതിൽ സംശയം വേണ്ട. "പന്ത്രണ്ട് പേർ ചന്ദ്രനിൽ പോയിട്ടുണ്ട്. എന്നാൽ ഒരാൾ മാത്രമേ ആ ഗർത്തത്തിന്റെ അടിയിൽ എത്തിയിട്ടുള്ളൂ" അദ്ദേഹം ഒരിക്കൽ അഭിമാനത്തോടെ പറഞ്ഞു. അതിനകത്ത് ചൂട് അവിശ്വസനീയമാണ് എന്നദ്ദേഹം പറയുന്നു. ഒരാൾ അതിനകത്ത് പെട്ടാൽ അടുപ്പത്തുവെച്ചു ചുട്ടുപഴുപ്പിച്ച അവസ്ഥയിലാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂടിനെ പ്രതിരോധിക്കുന്ന, ഓക്സിജൻ ഘടിപ്പിച്ച ഒരു വസ്ത്രം ധരിച്ചായിരുന്നു അദ്ദേഹം അതിനകത്തേയ്ക്ക് പോയത്.
ഒരു വ്യക്തിക്ക് പരമാവധി അതിനകത്ത് കഴിയാൻ സാധിക്കുന്ന സമയം 15 മിനുട്ടാണ്. അദ്ദേഹത്തിന്റെ പര്യവേഷണത്തിനുശേഷം, അവിടം സാഹസികർക്ക് പ്രിയപ്പെട്ട ഇടമായി. എന്നിരുന്നാലും, ഇതുവരെ ജോർജിനെ അല്ലാതെ മറ്റാരെയും അതിനകത്തേയ്ക്ക് പോകാൻ സർക്കാർ അനുവദിച്ചിട്ടില്ല. രാത്രിയിൽ, മൈലുകൾക്ക് ചുറ്റുമുള്ള ഏക പ്രകാശ സ്രോതസ്സാണ് ഗർത്തം. രാത്രി മരവിപ്പിക്കുന്ന തണുപ്പിൽ സന്ദർശകർക്ക് അത് ചൂട് പകരുന്നു. ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. അതിന്റെ ഭാഗമായി സർക്കാർ അതൊരു പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.