Latest Videos

39 ഭാര്യമാര്‍, ഭാര്യമാരും മക്കളും കൊച്ചുമക്കളുമടക്കം ഒറ്റവീട്ടിൽ താമസം, സിയോണയുടെ വീട്ടുവിശേഷങ്ങളിങ്ങനെ!

By Web TeamFirst Published Jun 15, 2021, 1:17 PM IST
Highlights

പട്ടാളച്ചിട്ടയിലാണ് സിയോണ കുടുംബം ജീവിക്കുന്നത്. വീട്ടിലെ എല്ലാ അംഗങ്ങളും ആദ്യഭാര്യയുടെ ഉത്തരവ് അനുസരിക്കുന്നു. എല്ലാവരും വീട്ടിലെ ജോലികൾ പങ്കിട്ട് ചെയ്യുന്നു. 

മിസോറാമിലെ സിയോണ ചാന എന്ന വ്യക്തിയെ കുറിച്ച് കേൾക്കാത്തവർ അപൂർവമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹം. 38 ഭാര്യമാരും, 89 കുട്ടികളും, 36 പേരക്കുട്ടികളും അടങ്ങുന്ന ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 76 വയസായിരുന്ന അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് മരണപ്പെട്ടത്. സിയോണയ്ക്ക് 14 മരുമക്കളും 36 കൊച്ചുമക്കളും ഉണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും കുന്നുകൾക്കിടയിലുള്ള ഒരു വീട്ടിൽ ഒന്നിച്ചായിരുന്നു താമസം. ആ വീട്ടിൽ നാല് നിലകളിലായി 100 മുറികൾ ഉണ്ടായിരുന്നു. അത് 'ചുവാൻ താർ റൺ' അഥവാ 'ന്യൂ ജനറേഷൻ ഹോം' എന്നറിയപ്പെടുന്നു.

അദ്ദേഹം 'ചീന പൗൽ' എന്ന മത വിഭാഗത്തിന്റെ നേതാവായിരുന്നു. 'ചാന' എന്നും അത് അറിയപ്പെടുന്നു. പുരുഷന്മാർക്ക് ഒന്നിലധികം വിവാഹം കഴിക്കാൻ ആ മതം അനുവദിക്കുന്നു. 1942 -ൽ അദ്ദേഹത്തിന്റെ പിതാവ് സ്ഥാപിച്ചതാണ് ചീന പൗൽ. അതിൽ രണ്ടായിരത്തോളം അംഗങ്ങളുണ്ട്. അവരിൽ ഭൂരിഭാഗവും മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലാണ് താമസിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള ഒരിടമാക്കി മിസോറാമിനെ മാറ്റിയതിൽ അദ്ദേഹത്തിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. 1945 ജൂലൈ 21 -നാണ് സിയോണയുടെ ജനനം.  പതിനഞ്ചാമത്തെ വയസിൽ അദ്ദേഹം തന്റെ ആദ്യഭാര്യയായ സാത്തിയാംഗിയെ വിവാഹം കഴിച്ചു. അവർക്ക് അദ്ദേഹത്തേക്കാൾ മൂന്നുവയസ് കൂടുതലായിരുന്നു. അവരാണ് ഇപ്പോൾ വീട്ടുകാര്യങ്ങൾ നോക്കുന്നത്.

അതിനുശേഷം, സിയോണ 38 തവണ കൂടി വിവാഹം കഴിച്ചു. ഏറ്റവും ഒടുവിൽ 2014 -ലാണ് അദ്ദേഹം വിവാഹിതനായത്. 33 -കാരിയായ ഭാര്യ മാഡം സിയാംതംഗിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 180 കുടുംബാംഗങ്ങളും ഒരുമിച്ച് അച്ഛന്റെ തണലിലാണ് ജീവിക്കുന്നത്. അവർ പൂർണമായും സ്വയംപര്യാപ്തരാണ്. അവർ സർക്കാർ സഹായമൊന്നും അവകാശപ്പെടുന്നില്ല. അവർക്കാവശ്യമുള്ള ആഹാരം അവർ തന്നെ കൃഷി ചെയ്യുന്നു. തോട്ടങ്ങളിൽ ചീര, കാബേജ്, കടുക്, മുളക്, ബ്രൊക്കോളി എന്നിവ പ്രകൃതിദത്ത രീതിയിൽ അവർ വളർത്തി എടുക്കുന്നു. സിയോണയുടെ സഹോദരൻ നടത്തുന്ന സ്കൂളിലാണ് കുടുംബത്തിലെ കുട്ടികൾ പഠിക്കുന്നത്.    

പട്ടാളച്ചിട്ടയിലാണ് സിയോണ കുടുംബം ജീവിക്കുന്നത്. വീട്ടിലെ എല്ലാ അംഗങ്ങളും ആദ്യഭാര്യയുടെ ഉത്തരവ് അനുസരിക്കുന്നു. എല്ലാവരും വീട്ടിലെ ജോലികൾ പങ്കിട്ട് ചെയ്യുന്നു. പുലർച്ചെ 5.30 -ന് കുടുംബത്തിലെ സ്ത്രീകൾ പാചകം ആരംഭിക്കുന്നു. പെൺമക്കൾ വീട് വൃത്തിയാക്കൽ, പാത്രം കഴുക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നു. പുരുഷന്മാർ കന്നുകാലി വളർത്തൽ, കൃഷി, പാത്ര നിർമ്മാണം, ഫർണിച്ചർ നിർമ്മാണം, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവ ചെയ്യുന്നു. വൈകുന്നേരം 4 -നും 6 -നും ഇടയിലാണ് അത്താഴം വിളമ്പുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നു. വീട്ടിലെ വലിയ ഡൈനിംഗ് ഹാളിൽ 50 ടേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. മുതിർന്ന അംഗങ്ങൾ കസേരയിൽ ഇരുന്ന് കഴിക്കുമ്പോൾ കുട്ടികൾ നിലത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു. ഒരു ദിവസം 100 കിലോ അരിയെങ്കിലും വേണം ആ കുടുംബത്തിന് കഴിയാൻ. ഇത് കൂടാതെ 60 കിലോ ഉരുളക്കിഴങ്ങ്, 39 കോഴി അങ്ങനെ നീളുന്നു അവരുടെ ഒരു ദിവസത്തെ ആഹാരത്തിന്റെ പട്ടിക. രാത്രി 9 മണിക്ക് അവർ എല്ലാവരും ഉറങ്ങാൻ കിടക്കുന്നു. സിയോണ താഴത്തെ നിലയിലാണ് രാത്രി ഉറങ്ങുന്നത്. ഭാര്യമാരെല്ലാം ഡോർമെട്രി പോലൊരു മുറിയിലാണ് കഴിയുന്നത്. ഓരോ ദിവസവും രാത്രി അവർ മാറിമാറി അദ്ദേഹത്തിനൊപ്പം ഉറങ്ങുന്നു.  

മുൻപ് ഒരു വർഷം പത്ത് പേരെ വരെ വിവാഹം കഴിച്ച് റെക്കോർഡ് സ്ഥാപിച്ചയാളാണ് അദ്ദേഹം. 2012 -ൽ സിയോണ മിററിനോട് തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, “ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ തലവനായത് ഒരു ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു.” അതേസമയം അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണം സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ ഉണ്ട്. ചിലതിൽ അത് 38 പേരാണ്ടെങ്കിൽ, ചിലതിൽ അത് 39 ആണ്. എന്ത് തന്നെയായാലും, പരസ്പര വിശ്വാസവും, സ്നേഹവുമാണ് അവരെ ഒന്നിപ്പിച്ച് നിർത്തുന്നതെന്നതിൽ സംശയമില്ല. പർവത അതിർത്തിയിലുള്ള സിയോണയുടെ വീട് ഇന്നൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ആളുകൾക്ക് ആ കുടുംബത്തെക്കുറിച്ചും, നടത്തിപ്പിനെക്കുറിച്ചും, ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും അറിയാൻ വല്ലാത്ത കൗതുകമാണ്.  

click me!