
പൂനെയിലെ തെരുവുകൾക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് ശാന്ത ബാലു പവാർ. എഴുപത്തെട്ട്‍ വർഷമായി അവർ തെരുവുകളിൽ വടി കൊണ്ടുള്ള അടിതടവുകൾ പരിശീലിക്കുന്നു. എട്ടാം വയസ്സിൽ ആരംഭിച്ച ഈ അഭ്യാസ പ്രകടനങ്ങൾ തന്റെ 86 -ാം വയസ്സിലും അവർ തുടരുന്നു. എന്നാൽ, അത് മറ്റുള്ളവരുടെ മുന്നിൽ വലിയ ഷോ കാണിക്കാനോ, അല്ലെങ്കിൽ ഒരു നേരമ്പോക്കിനോ ഒന്നുമല്ല. തെരുവുകളിൽ വടി കൊണ്ടുള്ള അഭ്യാസങ്ങൾ ചെയ്തും, ഞാണിന്മേൽ നടന്നും അവർ അന്നന്നത്തേക്കുള്ള അന്നത്തിന് വക തേടുകയാണ്. അവർക്ക് വേണ്ടി മാത്രമല്ല, മറിച്ച് അവരുടെ 20 അംഗ കുടുംബത്തിന് വേണ്ടി കൂടിയാണ്. ആ വലിയ കുടുംബത്തെ പോറ്റാനായിട്ടാണ് ഈ പെടാപ്പാടെല്ലാം.
അതേസമയം ശാന്തയെ വെറുമൊരു തെരുവ് അഭ്യാസിയായി മാത്രം കാണാൻ സാധിക്കില്ല. പ്രദേശത്തെ നിരവധി കുട്ടികളെ ആയോധന കലകളും സ്വയം പ്രതിരോധവും പഠിപ്പിക്കുന്നതിനായി അവർ ഒരു അക്കാദമി സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപ് 2020 ൽ അവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. ഇതോടെ സോനു സൂദ്, റിതേഷ് ദേശ്മുഖ് തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള നെറ്റിസൺമാരുടെ ഉദാരമായ പിന്തുണയോടെ, ശാന്ത ഒരു സ്കൂൾ സ്ഥാപിച്ചു. ഇതോടെ അവരുടെ ജീവിതം ഒന്ന് പച്ചപിടിക്കാൻ തുടങ്ങി. എന്നാൽ അതിനിടെയാണ് കൊറോണ വൈറസ് മഹാമാരി രാജ്യത്തെ ബാധിക്കുന്നത്. ഇതോടെ അവർക്ക് സ്കൂൾ അടക്കേണ്ടി വന്നു. ഉപജീവനത്തിനായി അവർ വീണ്ടും തെരുവിലേക്ക് ഇറങ്ങി. ലോക്ക്ഡൗൺ സമയത്ത് അവരുടെ മകനും ജോലി നഷ്ടപ്പെട്ടു. ഇതോടെ അവരായി കുടുംബത്തിലെ ഏക വരുമാന മാർഗ്ഗം. ഇരുപത് അംഗങ്ങളുള്ള അവരുടെ കുടുംബത്തിൽ 16 പേർ ഈ മുത്തശ്ശിയുടെ പേരക്കുട്ടികളാണ്.
ഹേമമാലിനിയും ധർമേന്ദ്രയും അഭിനയിച്ച 1972 -ൽ പുറത്തിറങ്ങിയ സീത ഔർ ഗീത എന്ന സിനിമയിൽ മുഖം കാണിക്കാൻ അവർക്ക് ഒരു അവസരം ലഭിച്ചിരുന്നു. അവരുടെ ശക്തവും മനോഹരവുമായ നീക്കങ്ങൾ ഒരിക്കലും പിഴച്ചിട്ടില്ല, ആളുകളെ വിസ്മയിപ്പിക്കാതിരുന്നിട്ടില്ല. ഇപ്പോഴും അതെ മെയ്‌വഴക്കത്തോടും, ചുറുചുറുക്കോടും കൂടി അവർ ആളുകൾക്ക് മുൻപിൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. “എനിക്ക് ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ കഴിയില്ല. ഞാൻ ഉള്ളോടത്തോളം കാലം എന്റെ കുട്ടികൾ പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കില്ല” ആ മുത്തശ്ശി പറയുന്നു. “മാർച്ചിലെ ലോക്ക്ഡൗൺ മുതൽ, എനിക്ക് ജോലിയില്ല, പണമൊന്നും സമ്പാദിച്ച് വച്ചിട്ടില്ല. അതുകൊണ്ട് അമ്മ തന്റെ കഴിവുകൾ ഉപയോഗിച്ച് കുടുംബം നോക്കുന്നു” മകനായ അനിൽ പവാർ പറയുന്നു. എന്നാൽ, തെരുവിൽ ഇറങ്ങുമ്പോഴെല്ലാം ശാന്ത കുറെ ഫോട്ടോകളും അവരുടെ ആധാർ കാർഡും കൈവശം വയ്ക്കുന്നു. എന്തിനാണ് ഇത് എന്ന ചോദ്യത്തിന്, “എനിക്ക് എത്ര മനഃശക്തിയുണ്ടെന്ന് പറഞ്ഞാലും, ചെറുപ്പകാലത്തെപ്പോലെ ഇപ്പോൾ ഞാൻ ഫിറ്റല്ല. അതിനാൽ, തെരുവിൽ പ്രകടനം നടത്തുന്നതിനിടയിൽ എങ്ങാനും മരിച്ച് വീണാൽ, ആളുകൾ എന്നെ തിരിച്ചറിയണമല്ലോ!" അവർ മറുപടി പറഞ്ഞു.
(വിവരങ്ങൾക്ക് കടപ്പാട് : ദ ബെറ്റർ ഇന്ത്യ)