ട്രാഫിക്കില്‍ കുടുങ്ങിയ മേഴ്സിഡസ് ബെന്‍സ് സിഇഒയ്ക്ക് തുണയായത് ഓട്ടോറിക്ഷ

By Web TeamFirst Published Oct 1, 2022, 5:30 PM IST
Highlights

മെഴ്സിഡസ് എസ്-ക്ലാസില്‍  യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് വലിയ ട്രാഫിക് ബ്ലോക്കില്‍ അദ്ദേഹം പെട്ടത്. 

വാഹനം ഓടിച്ചു വരുമ്പോള്‍ ഒരു വലിയ ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും. സ്വാഭാവികമായും ബ്ലോക്ക് കഴിയുന്നതുവരെ വാഹനത്തില്‍ അക്ഷമരായി കാത്തിരിക്കും അല്ലേ? എന്നാല്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ സി ഇ ഒ ചെയ്തത് എന്താണെന്ന് അറിയണോ?

മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയുടെ സിഇഒ പൂനെയിലെ തന്റെ മെഴ്സിഡസ് എസ്-ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു.  പക്ഷേ, അവിചാരിതമായി ട്രാഫിക്കില്‍ കുടുങ്ങി.  ഒടുവില്‍ ഗതികെട്ട് സി ഇ ഒ കാറില്‍ നിന്ന് ഇറങ്ങി  ഏതാനും കിലോമീറ്ററുകള്‍ നടന്ന് ഓട്ടോറിക്ഷയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടര്‍ന്നു. ഇതിന്റെ ഫോട്ടോയും ഷെയര്‍ ചെയ്തു. 

 

 

അതിവേഗം വൈറലായ ഈ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് ഈ പോസ്റ്റ്  കണ്ടത്.

മെഴ്സിഡസ് ബെന്‍സ് ഇന്ത്യ സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന വീഡിയോ കണ്ട് നെറ്റിസണ്‍സ് ആദ്യം അമ്പരന്നു . പക്ഷേ വളരെ വേഗത്തില്‍ പോസ്റ്റ് ആളുകളെ ആകര്‍ഷിച്ചു. പൊതുഗതാഗതം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പലതവണ പറഞ്ഞിട്ടുള്ള ആളു കൂടിയാണ് മാര്‍ട്ടിന്‍ . 

പൂനെയില്‍ തന്റെ മെഴ്സിഡസ് എസ്-ക്ലാസില്‍  യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് വലിയ ട്രാഫിക് ബ്ലോക്കില്‍ അദ്ദേഹം പെട്ടത്. വണ്ടി ഒരിഞ്ചുപോലും മുന്‍പോട്ട് എടുക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നപ്പോള്‍ അദ്ദേഹം വാഹനം അരികില്‍ പാര്‍ക്ക് ചെയ്ത് അതില്‍നിന്നും ഇറങ്ങി മുന്നോട്ടു നടക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം  മുന്‍പിലായി നിര്‍ത്തിയിട്ടിരുന്നു ഒരു ഓട്ടോയില്‍ കയറി യാത്ര തുടര്‍ന്നു. അങ്ങനെ ആ വലിയ ട്രാഫിക് ബ്ലോക്കില്‍ നിന്നും ഓട്ടോറിക്ഷ അദ്ദേഹത്തെ രക്ഷിച്ചു.

നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്.  സിഇഒയുടെ പോസ്റ്റ് കണ്ട് പലരും ട്രോളി.  പൊതുഗതാഗതം എങ്ങനെ ഗതാഗതക്കുരുക്കില്‍ ഒരു രക്ഷകനാകുമെന്ന് പലരും തിരിച്ചറിഞ്ഞു, ഇടവഴികളിലൂടെയും ബൈ ലൈനുകളിലൂടെയും വളരെ വേഗത്തില്‍ നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ ഓട്ടോറിക്ഷകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് വീഡിയോ ഓര്‍മ്മിപ്പിക്കുന്നതായി പലരും കുറിച്ചു .
 

click me!