ടോയിലറ്റില്‍നിന്നിറങ്ങിയതും ട്രെയിന്‍ പോയി, ട്രെയിനുകളില്‍ ശുചിമുറി വരാന്‍ ഇടയാക്കിയ കത്ത്!

By Web TeamFirst Published Oct 1, 2022, 4:15 PM IST
Highlights

ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഓടിത്തുടങ്ങി 55 വര്‍ഷങ്ങള്‍ക്കുശേഷമാണ് ട്രെയിനില്‍ ശുചിമുറി വന്നത്. ഒരു യാത്രക്കാരന്‍ അയച്ച കത്താണ് ശുചിമുറികള്‍ വരാന്‍ കാരണമായത്. 

തീവണ്ടിയില്‍ ഒരു തവണയെങ്കിലും യാത്ര ചെയ്യാത്ത ഇന്ത്യക്കാര്‍ ഉണ്ടാകില്ല. യാത്രക്കിടയില്‍ പലപ്പോഴും ട്രെയിനിലെ ശുചിമുറികളും ഉപയോഗിച്ചിട്ടുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ശുചിമുറി എന്ന ആശയം ആരുടേതാണെന്ന്? അല്ലെങ്കില്‍ എപ്പോള്‍ മുതലാണ് തീവണ്ടികളില്‍ ശുചിമുറികള്‍ കൂടി സ്ഥാപിച്ചതെന്ന്? 

ട്രെയിന്‍ ഓടിത്തുടങ്ങിയ കാലം തൊട്ടേ ഉണ്ടല്ലോ ശുചിമുറികള്‍ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ആദ്യകാലത്ത് തീവണ്ടികളില്‍ ശുചിമുറികള്‍ ഇല്ലായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് തീവണ്ടിയില്‍ ശുചിമുറിയും ഉള്‍പ്പെടുത്തി തുടങ്ങിയത്. 

ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍  ഓടിത്തുടങ്ങി 55 വര്‍ഷങ്ങള്‍ പിന്നിട്ടതിനുശേഷം ആണ് തീവണ്ടികളില്‍ ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തി തുടങ്ങിയതെന്ന് സങ്കല്‍പ്പിക്കാനാവുന്നുണ്ടോ? എങ്കില്‍ അതാണ് സത്യം. ട്രെയിനില്‍ ടോയ്‌ലറ്റുകള്‍ വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുമുണ്ട്. ആ കഥ ഇങ്ങനെയാണ്. 

1909 വരെ ഇന്ത്യയില്‍ ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ തീവണ്ടികളില്‍ ശുചിമുറികള്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് ശുചിമുറികള്‍ ഉപയോഗിക്കേണ്ട യാത്രക്കാര്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുന്നത് വരെ കാത്തിരിക്കണം. എന്നിട്ട് അവിടെയിറങ്ങി, അവിടെയുള്ള ശുചിമുറികള്‍ ഉപയോഗിക്കണം. അതിനുശേഷം ഓടി ട്രെയിനില്‍ കയറണം. 

അങ്ങനെ ഇരിക്കയാണ് 1909 ജൂലൈ 2-ന് ഓഖില്‍ ചന്ദ്ര സെന്‍ എന്ന യാത്രക്കാരന്‍ പശ്ചിമ ബംഗാളിലെ സാഹിബ്ഗഞ്ച് ഡിവിഷണല്‍ ഓഫീസിലേക്ക് ഒരു കത്ത് എഴുതുന്നത്. ട്രെയിനുകളില്‍ ശുചിമുറികള്‍ ഇല്ലാത്തതിന്റെ പേരില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന മാനക്കേട് റെയില്‍വേ അധികാരികളെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. 

 

 

അദ്ദേഹം എഴുതിയ രസകരമായ ആ കത്തിന്റെ സാരാംശം ഇങ്ങനെയാണ്:

പാസഞ്ചര്‍ ട്രെയിനില്‍ അഹമ്മദ് പൂരിലെത്തിയ ഒരു യാത്രക്കാരനാണ് ഞാന്‍. എന്റെ വയറിന് തീരെ സുഖമില്ലാതിരുന്നതിനാല്‍ ചെറിയൊരു ആശ്വാസം കിട്ടാനാണ് ഞാന്‍ അഹമ്മദ് സ്റ്റേഷനിലെ ശുചി മുറിയിലേക്ക് പോയത്. പക്ഷേപോയ കാര്യം സാധിക്കുന്നതിനു മുന്‍പേ റെയില്‍വേ ഗാര്‍ഡ് വിസില്‍ മുഴക്കി. കയ്യില്‍ വെള്ളപാത്രവും മറ്റൊരു കൈയില്‍ തോര്‍ത്തുമായി ഞാന്‍ ട്രെയിനിനു പിന്നാലെ ഓടി . പക്ഷേ ട്രെയിന്‍ നിര്‍ത്തിയില്ല എന്ന് മാത്രമല്ല ഞാന്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി വീണു. അവിടെയുണ്ടായിരുന്നവര്‍ മുഴുവന്‍ എന്റെ  അവസ്ഥ കണ്ട് എന്നെ പരിഹസിച്ചു. ഇതെന്തൊരു മോശമാണ് സാര്‍. ഇങ്ങനെയൊരു അത്യാവശ്യ കാര്യം യാത്രക്കാര്‍ക്ക് സാധിക്കാന്‍ ഒരു അഞ്ചുമിനിറ്റ് പോലും വണ്ടി നിര്‍ത്തിയിടാന്‍ ഗാര്‍ഡുകള്‍ തയ്യാറല്ലേ? ഇതിനെക്കുറിച്ച് അന്വേഷിച്ച് ഗാര്‍ഡില്‍നിന്നും വന്‍തുക ഫൈനായി മേടിക്കണം.അല്ലെങ്കില്‍ ഞാനിത് വലിയ വാര്‍ത്തയാക്കും. 

ഓഖിലിന്റെ കത്ത് ലഭിച്ച ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. വളരെ ഗുരുതരമായ വിഷയമാണെന്ന് മനസ്സിലാക്കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് 50 മൈലിലധികം (ഏകദേശം 80.5 കിലോമീറ്റര്‍) സഞ്ചരിക്കുന്ന ട്രെയിനുകളിലെ എല്ലാ ബോഗികളിലും ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചു.

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ സുപ്രധാന രേഖയായ ആ കത്തിന്റെ ഒരു പകര്‍പ്പ് ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ നാഷണല്‍ റെയില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

അതുകൊണ്ട് അടുത്ത തവണ നിങ്ങള്‍ ട്രെയിനിലെ ശുചിമുറികളില്‍ കയറുമ്പോള്‍ നിര്‍ബന്ധമായും ഓഖില്‍ ചന്ദ്ര സെന്‍ എന്ന് മനുഷ്യനെയും സ്മരിക്കണം.

click me!