
2026 -ലെ ആദ്യ ആറുമാസത്തിനിടെ രാജ്യത്ത് 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായ ഏകം ന്യായ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ട്. ജൂലൈ 14 വരെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സംഭവങ്ങൾ ശേഖരിച്ചാണ് പഠനം തയ്യാറാക്കിയതെന്ന് സംഘടന വ്യക്തമാക്കുന്നു. ഇത് ഔദ്യോഗിക സർക്കാർ കണക്കല്ലെന്നും അതുപോലെതന്നെ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ യഥാർഥ മരണ സംഖ്യ ഇതിലും കൂടുതലാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രേഖപ്പെടുത്തിയ 554 മരണങ്ങളിൽ 322 എണ്ണം കൊലപാതകങ്ങളും 232 എണ്ണം ആത്മഹത്യകളുമാണ്. റിപ്പോർട്ട് പ്രകാരം, ആറുമാസത്തിനിടെ രാജ്യത്ത് ശരാശരി പ്രതിദിനം രണ്ട് ഭർത്താക്കന്മാർ കൊല്ലപ്പെടുകയും ഒരാളിലധികം പേർ ആത്മഹത്യ ചെയ്യുകയും ചെയ്തതായി കണക്കുകൾ കാണിക്കുന്നു. ഭർത്താക്കന്മാരുടെ കൊലപാതകങ്ങളിലേക്ക് നയിച്ച 194 കേസുകൾ (60.2 ശതമാനം കേസുകൾ) വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ടാണെന്നും റിപ്പോർട്ട് പറയുന്നു. മിക്ക കേസുകളിലും ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഉയർന്ന ആരോപണം. 88 കേസുകളിൽ (27.3 ശതമാനം) കുടുംബവഴക്കുകളാണ് പ്രധാന കാരണമായി രേഖപ്പെടുത്തിയത്. സാമ്പത്തിക തർക്കങ്ങൾ, കുടുംബാംഗങ്ങളുടെ ഗൂഢാലോചനകൾ തുടങ്ങിയവയും മറ്റ് കാരണങ്ങളായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ആത്മഹത്യ ചെയ്ത 232 ഭർത്താക്കന്മാരിൽ 104 പേരുടെ മരണം ദീർഘകാല കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 57 കേസുകളിൽ ഭാര്യയുടെയോ ഭാര്യയുടെ ബന്ധുക്കളുടെയോ പീഡനാരോപണങ്ങളാണ് ഉയർന്നത്. 29 കേസുകൾ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും, വ്യാജ ക്രിമിനൽ കേസുകൾ, മാനസിക പീഡനം, കുട്ടികളെ കാണുന്നതിൽ നിന്നുള്ള വിലക്ക് തുടങ്ങിയ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങളിലെ കണക്കിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 93 ഭർത്തൃകൊലപാതകങ്ങളും 103 ആത്മഹത്യകളും യുപിയിൽ രേഖപ്പെടുത്തി. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം രേഖപ്പെടുത്തിയ 25 അതിക്രൂര കേസുകളും റിപ്പോർട്ടിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. ശിരഛേദം, വിഷം നൽകി കൊലപ്പെടുത്തൽ, മൃതദേഹം വീട്ടിന്‍റെ തറയിൽ മറവ് ചെയ്യൽ, ജീവനോടെ കത്തിക്കൽ തുടങ്ങിയ സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. പുരുഷ ഗാർഹിക പീഡനത്തിന്‍റെയും ഭർത്തൃകൊലപാതകങ്ങളുടെയും പ്രത്യേക ദേശീയ ഡാറ്റാബേസ് ഇല്ലാത്തത് പ്രശ്നത്തിന്‍റെ യഥാർഥ വ്യാപ്തി മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുവെന്നും ഫൗണ്ടേഷന്‍റെ റിപ്പോർട്ടിൽ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)