ആഡംബരത്തിന്റെ അവസാന വാക്ക്, ബ്രിട്ടനിലെ നാലു രാജകീയ കൊട്ടാരങ്ങള്‍

By P R VandanaFirst Published Sep 17, 2022, 5:54 PM IST
Highlights

പല കൊട്ടാരങ്ങളാണ് ഉള്ളത്, പല വസതികളും. അവയില്‍ പലതും ലോകപ്രശസ്തവുമാണ്. എലിസബത്ത് റാണിയുടെ, ഇനിയിപ്പോള്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഏറ്റവും പ്രസിദ്ധമായ നാല് വസതികളെ കുറിച്ചാണ് പറയുന്നത്

എലിസബത്ത് റാണിയുടെ നിര്യാണത്തിന് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതികളും വസ്തുവകകളും വീണ്ടും  ലോകശ്രദ്ധയിലാണ്. പല കൊട്ടാരങ്ങളാണ് ഉള്ളത്, പല വസതികളും. അവയില്‍ പലതും ലോകപ്രശസ്തവുമാണ്. എലിസബത്ത് റാണിയുടെ, ഇനിയിപ്പോള്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഏറ്റവും പ്രസിദ്ധമായ നാല് വസതികളെ കുറിച്ചാണ് പറയുന്നത്

 


ബക്കിങ്ഹാം പാലസ് 

ബക്കിങ്ഹാം പാലസ് ആണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി. ലോകത്തെ ഏറ്റവും പ്രശസ്തമായ ഭരണനിര്‍വഹണ കേന്ദ്രങ്ങളില്‍ ഒന്ന്.  വൈറ്റ് ഹൗസ് അമേരിക്കക്ക് എന്ന പോലെ ബ്രിട്ടന്റെ മുഖമുദ്രയും മേല്‍വിലാസവുമാണ് ബക്കിങ്ഹാം പാലസ്. 1703-ലാണ് ബക്കിങ്ഹാം പ്രഭു ബക്കിങ്ഹാം ഭവനം പണിയുന്നത്. 1761-ലാണ് തന്റെ റാണിയായ ഷാര്‍ലെറ്റിന് വേണ്ടി ജോര്‍ജ് മൂന്നാമന്‍ രാജാവ് ആ വസതി വാങ്ങുന്നത്. ക്വീന്‍സ് ഹൗസ് എന്നാണ് അക്കാലത്ത് ആ സൗധം അറിയപ്പെട്ടത്. ജോര്‍ജ് നാലാമന്‍ ആണ് ഭവനം കൊട്ടാരമാക്കിയത്. 

പിന്നീട് 1837-ല്‍ വിക്ടോറിയ റാണി അധികാരമേറ്റപ്പോള്‍ മുതലാണ് ബക്കിങ്ഹാം പാലസ് രാജകുടുംബത്തിന്റെ ലണ്ടന്‍ വസതിയായത്. ഭരണകേന്ദ്രവും. പല തവണ അറ്റകുറ്റപ്പണിയും കൂട്ടിച്ചേര്‍ക്കലും പരിഷ്‌കാരവും ഒക്കെ കണ്ട കെട്ടിടമാണത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ ആക്രമണത്തില്‍ കേടും പറ്റിയിട്ടുണ്ട്. 775 മുറികളുണ്ട് കൊട്ടാരത്തില്‍. ലണ്ടനിലെ തന്നെ ഏറ്റവും വിശാലമായ പൂന്തോട്ടവും ഇവിടെ തന്നെ. ലണ്ടനില്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതലെത്തുന്ന സ്ഥലം കൂടിയാണത്. 1992-ല്‍ തീപിടിത്തത്തില്‍ മറ്റൊരു രാജകീയ വസതിയായ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ഫണ്ട് സമാഹരണത്തിനായാണ് കൊട്ടാരം സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. അമൂല്യമായ ചിത്രങ്ങളുടെ ശേഖരമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളില്‍ ഒന്ന്. സേനാവിന്യാസത്തിന്റെ പ്രവര്‍ത്തനസമയം മാറുന്നതും സഞ്ചാരികളുടെ പ്രിയ കാഴ്ചകളിലൊന്നാണ്. 

 

 

വിന്‍സര്‍ കൊട്ടാരം

വിന്‍സര്‍ കൊട്ടാരം (Windsor Palace) ഇപ്പോഴും  ആള്‍താമസമുള്ള ലോകത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ കൊട്ടാരമാണ്.  ബെര്‍ക്ഷയറിലാണ് പതിമൂന്ന് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൊട്ടാരവും വളപ്പും. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചത്. പതിനാറു വര്‍ഷം കൊണ്ട്. തടിയില്‍. പിന്നീട് ഹെന്റി രണ്ടാമന്റെ കാലത്താണ് കൊട്ടാരം കരിങ്കല്ല് പുതച്ചത്.  ഹെന്റി ഒന്നാമന്റെ കാലം തൊട്ടുള്ള ബ്രിട്ടീഷ് രാജഭരണാധികാരികള്‍ താമസിച്ച ഇടമാണ് വിന്‍സര്‍ കൊട്ടാരം  കൊട്ടാരം. നിര്‍മാണശൈലിയിലെ മികവ് കൊണ്ടും സാക്ഷിയായ ചരിത്രസംഭവങ്ങള്‍ കൊണ്ടും ബ്രിട്ടീഷ് ചരിത്രത്തിലും വിന്‍സര്‍ കൊട്ടാരം തലയുര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. 

ഉദാഹരണത്തിന് വാട്ടര്‍ലൂ ചേംബര്‍ എന്ന പ്രശസ്ത ഭാഗം 1830-ല്‍ കൊട്ടാരത്തില്‍ ചേര്‍ക്കുന്നത്. നെപ്പോളിയന് എതിരായ വാട്ടര്‍ലൂ വിജയത്തിന്റെ സ്മരണക്കായിരുന്നു അത്. കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലാണ് രാജകുടുംബത്തിലെ പല വിവാഹങ്ങളും നടന്നത്. കൊട്ടാരത്തിലെ സൂക്ഷിപ്പുകളില്‍ ഡാവിഞ്ചിയുടേയും മൈക്കലാഞ്ചലോയുടേയും ഉള്‍പെടെ നിരവധി സൃഷ്ടികളുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മന്‍ വേരുകളുടെ പേരില്‍ ജനവികാരം എതിരാകുമെന്ന് ഭയന്ന്  ജോര്‍ജ് അഞ്ചാമന്‍ രാജാവ് ആണ് കുടുംബത്തിനും കൊട്ടാരത്തിനും പുതിയ പേര് നല്‍കിയത്. അങ്ങനെയാണ് സാക്‌സ് കോബര്‍ഗ് ഗോഥ, വിന്‍സര്‍ കാസില്‍ ആയത്. രാജകുടുംബത്തിന്റെ പേരിനൊപ്പം വിന്‍ഡ്‌സര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.  

1992 നവംബറില്‍   കൊട്ടാരത്തില്‍ അഗ്‌നിബാധയുണ്ടായി ചില കേടുപാടു പറ്റി. അതിനു മുമ്പും പല തവണ കൊട്ടാരം നവീകരിക്കപ്പെട്ടിരുന്നു.  ഇവിടത്തെ മനോഹരമായ പൂന്തോട്ടങ്ങളിലേക്കും പാര്‍ക്കുകളിലേക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതിയുണ്ട്. 1800 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഗ്രീന്‍ പാര്‍ക്ക് ആണ് വിശാലമായ കൊട്ടാരവളപ്പില്‍ ഏറ്റവും വലുത്. വിര്‍ജീനിയ വാട്ടര്‍ എന്ന പേരിലുള്ള കൃത്രിമ തടാകവും ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഏതാണ് പത്ത്  ലക്ഷത്തിന് മുകളില്‍ സന്ദര്‍ശകര്‍ വിന്‍സര്‍ കാണാന്‍ എത്താറുണ്ട്. 

 

 

ബാല്‍മോറല്‍ കൊട്ടാരം

രാജകുടുംബത്തിന്റെ പ്രിയ വസതിയാണ് സ്‌കോട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരം. ഇത് 50,000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. പതിനഞ്ചാം  നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് കൊട്ടാരം. 1852-ല്‍ ആല്‍ബെര്‍ട്ട് രാജകുമാരന്‍ വാങ്ങിയതോടെ ഇത് രാജകുടുംബത്തിന്റെ വസതികളിലൊന്നായി. നവീകരണം പലതു കണ്ട കെട്ടിടമാണിത്.  പല പൂന്തോട്ടങ്ങള്‍ക്ക് പുറമേ പച്ചക്കറിത്തോട്ടവും ജലോദ്യാനവും എല്ലാം ഇവിടുണ്ട്. സ്‌കോട്ടിഷ് ഗോഥിക് ശൈലിയിലുള്ള കൊട്ടാരം വാസ്തുശാസ്ത്രപരമായി പ്രാധാന്യവും പ്രസക്തിയും ഉള്ളതാണ്.  

പാരമ്പര്യമായി കൈമാറി കിട്ടിയ ഈ കൊട്ടാരം എലിസബത്ത് റാണിക്ക് ഏറെ പ്രിയമായിരുന്നു. (വിന്‍ഡ്‌സര്‍ കാസിലും ബക്കിങ്ഹാം പാലസും ക്രൗണ്‍ എസ്റ്റേറ്റ് ഉടസ്ഥതയിലാണ്. എന്നു വെച്ചാല്‍ ബ്രിട്ടീഷ് നികുതിദായകരുടെ സ്വത്ത്) കുതിര സവാരിക്കും ഔദ്യോഗിക തിരക്കുകളുടെ ബാഹുല്യമില്ലാതെ സ്വസ്ഥമായിരിക്കാനും കുടുംബത്തിനൊപ്പം ചെലവഴിക്കാനും എല്ലാം സൈ്വര്യമുള്ള സ്ഥലമായിരുന്നു റാണിക്ക് ബാല്‍മോറല്‍. അതു കൊണ്ട് തന്നെയാണ് ശാരീരിക അസ്വസ്ഥതകള്‍ വല്ലാതെ അലട്ടി തുടങ്ങിയപ്പോള്‍ എലിസബത്ത് റാണി ബാല്‍മോറലിലേക്ക് വന്നത്, അവസാന നാളുകള്‍ പ്രിയപ്പെട്ട വസതിയിലാകാന്‍. 


 
 

സാഡ്രിങ്ഹാം ഹൗസ്

ബാല്‍മോറല്‍ കൊട്ടാരത്തെ പോലെ തന്നെ പാരമ്പര്യമായി കിട്ടിയതാണ് സാഡ്രിങ്ഹാം ഹൗസും. രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷവേദി ഇവിടമാണ്. ലണ്ടനില്‍ നിന്ന് 100 മൈല്‍ മാത്രം അകലെ 20,000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വസതി. 1862-ലാണ് സ്ഥലം രാജകുടുംബത്തിന്റത് ആകുന്നത്. അന്ന് വെയ്ല്‍സ് രാജകുമാരന്‍ ആയിരുന്ന എഡ്വേര്‍ഡ് എട്ടാമനും ഭാവിവധു അലക്‌സാണ്ട്രക്കും വേണ്ടി വാങ്ങിയത്. പിന്നീടിങ്ങോട്ട് പല രാജാക്കന്‍മാരും റാണിമാരും സാഡ്രിങ്ഹാം ഉടമസ്ഥരായി. എലിസബത്ത് റാണിക്കും പ്രിയഇടമായിരുന്നു ഇവിടം. എലിസബത്ത് റാണി തന്റെ ആദ്യ ടെലിവിഷന്‍ ക്രിസ്മസ് സന്ദേശം നല്‍കിയത് ഇവിടെ നിന്നാണ്. 77-ല്‍ തന്റെ കിരീടധാരണത്തിന്റെ സില്‍വര്‍ ജൂബിലിയില്‍ എലിസബത്ത് സാഡ്രിങ്ഹാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കി. 

അറുനൂറ് ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന പൂന്തോട്ടങ്ങള്‍ ആണ് മുഖ്യ ആകര്‍ഷണം. പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കിയുള്ള പരിപാലനം നടപ്പാക്കിയതും നിര്‍ബന്ധമാക്കിയതും ഫിലിപ്പ് രാജകുമാരന്‍ ആയിരുന്നു.  ഇവിടെ തടിമില്ലുണ്ട്, ആപ്പിള്‍ ജ്യൂസ് പ്ലാന്റുണ്ട്. ഇവിടത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാനും കിട്ടും. ഏതാണ് ഇരുന്നൂറിലധികം കുടുംബങ്ങള്‍ ജീവിക്കുന്നത് സാന്‍ഡ്രിങ്ഹാമിലെ ജൈവികത ഉപയോഗപ്പെടുത്തിയാണ്. 

സാന്‍ഡ്രിങ്ഹാം വളപ്പിന്റെ ഒരു കോണില്‍ വുഡ്ഫാം എന്ന പേരില്‍ ഒരു കോട്ടേജുണ്ട്. തീര്‍ത്തും സ്വകാര്യമായി രാജകുടുംബം താമസിക്കുന്ന ഒരു കൊച്ചുവീടാണത്. ഫിലിപ്പ് രാജകുമാരനും എലിസബത്ത് റാണിക്കും ഏറെ പ്രിയങ്കരമായ ഇടം. പൊതു പരിപാടികളില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം ഫിലിപ്പ് രാജകുമാരന്‍ ഇവിടെ കുറേക്കാലം താമസിച്ചിരുന്നു. വായനയും ചിത്രരചനയുമൊക്കെയായി സമയം ചെലവഴിച്ച അദ്ദേഹത്തെ കാണാന്‍ റാണി ഇടക്കിടെ എത്തും. പിന്നെ അടുത്ത സ്‌നേഹിതന്‍ പെന്നി ബാര്‍ബോണും. 

രാജകുടുംബത്തിലെ പതിവു ചിട്ടങ്ങളും ആചാരമര്യാദകളും വുഡ്ഫാമില്‍ ഒഴിവാക്കിയിരുന്നു. എല്ലാവര്‍ക്കും സ്വസ്ഥമായി ചിട്ടവട്ടങ്ങളില്ലാതെ സൈ്വര്യമായി സ്വതന്ത്രമായി താമസിക്കാനുള്ള ഒരിടം. അതുകൊണ്ടു തന്നെ വുഡ്ഫാം ഫോട്ടോകളും ഇല്ല. വലിയ കൊട്ടാരങ്ങളും വലിയ മുറികളും വലിയ ഉപചാരകവൃന്ദവും എല്ലാം മാറ്റിനിര്‍ത്തി സ്വകാര്യതയുടെ കുഞ്ഞ് ലോകം തീര്‍ക്കാനുള്ള ഒരു വീട്.

click me!