തെരുവു കച്ചവടക്കാർക്ക് റിഫ്ളക്ടീവ് കോട്ടുകൾ വിതരണം ചെയ്യുന്ന ടെക്കി, രക്ഷിക്കുന്നത് നൂറുകണക്കിന് ജീവൻ..

By Web TeamFirst Published Apr 18, 2019, 5:05 PM IST
Highlights

എന്താണ് പിഴച്ചത് എന്ന വെങ്കിടിയുടെ ആലോചന അയാളോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. താൻ അമിത വേഗത്തിൽ ആയിരുന്നോ? അല്ല. അവിടെ വേണ്ടത്ര ലൈറ്റുണ്ടായിരുന്നെങ്കിൽ താൻ അല്പം നേരത്തെ തന്നെ കണ്ടേനെ. അവർ കറുപ്പുടുത്തിരുന്നതുകൊണ്ടാണ് കാണാഞ്ഞത്. 

രണ്ടു വർഷം മുമ്പത്തെ കാര്യമാണ്. അവർ മലയ്ക്കുപോവാൻ വേണ്ടി കറുപ്പുടുത്താണ് റോഡിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്നത്. ഹൈവേയിൽ വെട്ടവും വെളിച്ചവും ഒന്നുമില്ലായിരുന്നു. തൊട്ടടുത്ത് എത്തിയ ശേഷം മാത്രമാണ് വെങ്കടകൃഷ്ണൻ അവരെ കാണുന്നത്. ബ്രേക്കിൽ ആഞ്ഞ് ചവിട്ടി, ഒറ്റയടിക്ക് വെട്ടിത്തിരിച്ച് നിർത്തി. ഭാഗ്യത്തിന് പിന്നിൽ നിന്നും വണ്ടിയൊന്നും വരുന്നുണ്ടായിരുന്നില്ല. 

വണ്ടി നിർത്തിയിട്ടും, ആർക്കും ഒന്നും പറ്റിയില്ല എന്നുള്ള ബോധ്യം വന്നിട്ടും, വെങ്കിടിയുടെ ചങ്കിടിപ്പ് കുറയുന്നുണ്ടായിരുന്നില്ല.  സ്റ്റിയറിങ്ങിൽ പിടിച്ച് പകച്ചിരുന്ന അയാളുടെ കൈകാലുകൾ വിറച്ചുകൊണ്ടിരുന്നു. വീട്ടിലെത്തിയിട്ടും അയാൾക്ക് ആ രംഗം മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അയാൾക്ക് തന്റെ സ്വൈര ജീവിതത്തിലേക്ക് തിരിച്ചു പോവാൻ കഴിയുന്നുണ്ടായിരുന്നില്ല. 

ബ്രേക്കിട്ടപ്പോൾ വണ്ടി നിന്നില്ലായിരുന്നെങ്കിൽ എന്തായേനെ എന്നുള്ള ചിന്തയായിരുന്നു അയാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നത്. 

സാധാരണ ഇങ്ങനെ ഒരു സന്ദർഭത്തെ അതിജീവിക്കുന്ന ആളുകൾ ഒന്നുരണ്ടാഴ്ചകൊണ്ട് അതൊക്കെ മറക്കും. പക്ഷേ, വെങ്കിടിയുടെ മനസ്സിൽ അത്  പല ചോദ്യങ്ങളും ഉയർത്തിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ലോങ്ങ് ഡ്രൈവുകൾക്ക് പോവുമായിരുന്ന വെങ്കിടിയുടെ യാത്രാ ത്വരയെത്തന്നെ  സഡൻബ്രേക്കിട്ടു നിർത്തി ഒരാളുടെ ജീവൻ അപഹരിക്കുന്നതിന് തൊട്ടടുത്ത് വരെ എത്തി നിന്ന ആ അനുഭവം. 

2017  ഡിസംബറിൽ ആയിരുന്നു ആ സംഭവം. തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരികയായിരുന്നു വെങ്കിടി. ഹൈവേയിൽ കേറിയപ്പോൾ മുതൽ 100-110 ൽ ആയിരുന്നു ഓട്ടം. 

മുന്നിൽ നടന്നു പൊയ്ക്കൊണ്ടിരുന്നവർ കറുപ്പുടുത്തിരുന്നതിനാൽ തൊട്ടടുത്തെത്തും വരെ ഒന്നും കണ്ണിൽ പെട്ടില്ല. ദൈവാധീനത്തിന് ബ്രെക്കിട്ടപ്പോൾ വണ്ടി നിന്നു. ആർക്കും ഒന്നും പറ്റിയില്ല. 

എന്താണ് പിഴച്ചത് എന്ന വെങ്കിടിയുടെ ആലോചന അയാളോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു. താൻ അമിത വേഗത്തിൽ ആയിരുന്നോ? അല്ല. അവിടെ വേണ്ടത്ര ലൈറ്റുണ്ടായിരുന്നെങ്കിൽ താൻ അല്പം നേരത്തെ തന്നെ കണ്ടേനെ. അവർ കറുപ്പുടുത്തിരുന്നതുകൊണ്ടാണ് കാണാഞ്ഞത്. 

അങ്ങനെയാണ് അദ്ദേഹം 'റിഫ്ളക്ട് ലൈഫ്' എന്ന തന്റെ പ്രസ്ഥാനം തുടങ്ങുന്നത്. ആ കാംപെയ്‌നിലൂടെ അദ്ദേഹം ബാംഗ്ലൂരിലെ തെരുവുകളിൽ രാപ്പകലില്ലാതെ നടന്നു സാധനങ്ങൾ വിൽക്കുന്ന തെരുവ് കച്ചവടക്കാർക്കെല്ലാം സൗജന്യമായി റിഫ്ളക്ടീവ് വെസ്റ്റുകൾ നൽകുന്നു. രാത്രികാലങ്ങളിൽ, കാറുകളുടെ ഹെഡ് ലൈറ്റ് തട്ടി പ്രതിഫലിക്കുന്ന ഈ കോട്ടുകൾ, ഈ വഴിയോരകച്ചവടക്കാരുടെ ജീവൻ രക്ഷിക്കാൻ ഏറെ സഹായിക്കുന്നു. 

"ഒരു കാർ അപകടത്തിൽ പെട്ടാൽ നമുക്ക് വർക്ക്‌ഷോപ്പിൽ കയറ്റി അതിനെ വീണ്ടും പഴയപോലെ പാച്ച് വർക്ക് ചെയ്ത, ഇടി കിട്ടിയതും ചളുങ്ങിയത് ഒക്കെ നിവർത്തി വീണ്ടും പെയ്ന്റടിച്ചെടുക്കാം. എന്നാൽ ഒരു ആക്സിഡന്റിൽ കയ്യോ കാലോ ഒടിഞ്ഞാൽ, സാരമായ പരിക്കുകൾ പറ്റിയാൽ.. വേണ്ടപ്പെട്ടവർ ആരെങ്കിലും മരിച്ചുപോയാൽ...  പിന്നെ ഒരിക്കലും നമ്മുടെ ജീവിതം പഴയപോലെ ആയെന്നു വരില്ല... " തന്റെ പ്രവർത്തനങ്ങളുടെ പ്രചോദനമായി വെങ്കിടി കാണുന്ന കാരണം ഇതാണ്.  താൻ താമസിക്കുന്ന വൈറ്റ് ഫീൽഡ്  പ്രദേശത്തുമാത്രമാണ് ഇപ്പോൾ വെങ്കിടി ഇത്തരത്തിൽ റിഫ്ളക്ടീവ് വെസ്റ്റുകൾ വിതരണം ചെയ്യുന്നത്. താമസിയാതെ ബാംഗ്ലൂരിലെ സന്മനസ്സുള്ള മറ്റു കൂട്ടായ്മകളും ഇത് ഏറ്റെടുക്കുകയും രാത്രികാലങ്ങളിൽ റോഡുകളിലൂടെ  നടക്കുകയും, മുറിച്ചു കടക്കുകയും ഒക്കെ ചെയ്യുന്നവർ ഇത്തരത്തിലുള്ള സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ച് തങ്ങളുടെ ജീവൻ കൂടുതൽ സുരക്ഷിതമാക്കുമെന്നും വെങ്കിടകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിക്കുന്നു. 
 

click me!