കോഴിയുടെ പതിമൂന്നിന് പങ്കെടുത്തത് 500 -ലധികം പേർ, ചത്തത് ഉടമയുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനിടയിൽ

Published : Jul 23, 2022, 12:13 PM IST
കോഴിയുടെ പതിമൂന്നിന് പങ്കെടുത്തത് 500 -ലധികം പേർ, ചത്തത് ഉടമയുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനിടയിൽ

Synopsis

അവനെ വീടിന്റെ അടുത്ത് തന്നെ അടക്കുകയും ഒരു കുടുംബാം​ഗം മരിച്ചാൽ എന്തൊക്കെ ചടങ്ങുകൾ ചെയ്യുമോ അതെല്ലാം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് പതിമൂന്നാം നാളും ആചരിക്കാൻ തീരുമാനിക്കുന്നത്. കുടുംബാം​ഗങ്ങളെല്ലാം അത് അം​ഗീകരിക്കുകയും ചെയ്തു. 

സാധാരണ മനുഷ്യർ‌ മരിച്ചാൽ ചിലപ്പോൾ പതിമൂന്നാം ദിനത്തിൽ ഒരുപാട് പേർ പങ്കെടുക്കുന്ന ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. എന്നാൽ, ഇവിടെ ഒരു കോഴി ചത്ത് പതിമൂന്നാം ദിനം നടന്ന ചടങ്ങിൽ 500 -ലധികം പേരാണ് പങ്കെടുത്തത്. തന്റെ ഉടമയുടെ ആട്ടിൻകുഞ്ഞിനെ ഒരു തെരുവുനായയിൽ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ഈ കോഴിക്ക് ജീവൻ നഷ്ടപ്പെട്ടത്. 

ഫതൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതാപ്ഗഡ് ജില്ലയിലെ ബെഹ്ദൗൾ കാല ഗ്രാമത്തിൽ നിന്നാണ് ഇങ്ങനെ ഒരു അസാധാരണമായ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 13 ദിവസം മുമ്പാണ് ലാലി എന്ന കോഴി തന്റെ ഉടമയുടെ വീട്ടിലെ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ ചത്തുപോയത്. 

സാധാരണ പതിമൂന്നാം തീയതി മരിച്ച ആളുകളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടിയുള്ള ചടങ്ങാണ് നടക്കുന്നത്. കോഴി ചത്ത് പതിമൂന്നാം നാൾ നടന്ന ചടങ്ങിൽ കോഴിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാൻ അവിടെ കൂടിയത് അഞ്ഞൂറിലധികം ആളുകളാണ്. 

ഡോ. സൽക്റാം സരോജ് എന്നാണ് ലാലിയുടെ ഉടമയുടെ പേര്. ഇയാൾ പറയുന്നതനുസരിച്ച് ജൂലൈ ഏഴിന് അയാളുടെ ആട്ടിൻകുട്ടി വീടിന്റെ പിറകുവശത്തുള്ള തോട്ടത്തിലായിരുന്നു. അപ്പോൾ അത് കണ്ടുകൊണ്ട് ലാലിയും അവിടെ ഉണ്ടായിരുന്നു. 'ഞങ്ങൾ വീട്ടുകാരെല്ലാം വീടിന്റെ മുൻവശത്തിരിക്കുകയായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്. എല്ലാവരും ഓടി പിന്നിലേക്ക് എത്തി. അപ്പോഴാണ് ഒരു തെരുവുനായ വീടിന്റെ പിൻവശത്തേക്ക് കടന്നതായി കാണുന്നത്. അത് ആട്ടിൻകുട്ടിയെ അക്രമിച്ചു. ലാലി അപ്പോൾ തന്നെ അങ്ങോട്ട് പറന്നു ചെന്നു. ആട്ടിൻകുട്ടിയെ രക്ഷിക്കാനായി നായയുമായി ഏറ്റുമുട്ടി. അത് നായയെ പിന്തുടർന്നു. ആ സമയം മറ്റ് നായകൾ ലാലിയെ അക്രമിച്ചു. അതിന് വലിയ പരിക്ക് പറ്റി' എന്ന് ഉടമ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു. പരിക്കിനെ തുടർന്ന് ജൂലൈ എട്ടിന് ലാലി ചത്തുപോയി. 

അവനെ വീടിന്റെ അടുത്ത് തന്നെ അടക്കുകയും ഒരു കുടുംബാം​ഗം മരിച്ചാൽ എന്തൊക്കെ ചടങ്ങുകൾ ചെയ്യുമോ അതെല്ലാം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് പതിമൂന്നാം നാളും ആചരിക്കാൻ തീരുമാനിക്കുന്നത്. കുടുംബാം​ഗങ്ങളെല്ലാം അത് അം​ഗീകരിക്കുകയും ചെയ്തു. 

റിപ്പോർട്ട് പ്രകാരം വലിയ തരത്തിലാണ് ലാലിയുടെ പതിമൂന്ന് ആചരിച്ചത്. അതിന് വേണ്ടി നിരവധി വിഭവങ്ങൾ ഒരുക്കി. പ്രൊഫഷണലായിട്ടുള്ള പാചകക്കാരാണ് ഭക്ഷണമൊരുക്കാനെത്തിയത്. അവർ അതിന് പണം പോലും വാങ്ങിയില്ല. ഇത്രയും അപൂർവമായൊരു ചടങ്ങിൽ പങ്കെടുക്കാൻ ഭാ​ഗ്യമുണ്ടായല്ലോ എന്നാണത്രെ അവർ പറഞ്ഞത്. 

ഏതായാലും ലാലിയെ വെറുമൊരു പൂവൻകോഴി എന്നതിനും അപ്പുറം കുടുംബത്തിലെ ഒരം​ഗമായിട്ടാണ് എല്ലാവരും കാണുന്നത്. ലാലിയുടെ വിയോ​ഗം കുടുംബത്തിൽ എല്ലാവരെയും വലിയ വേദനയിൽ ആഴ്ത്തിയിട്ടുണ്ട് എന്നും കുടുംബം തുറന്ന് പറയുന്നു. 

(ചിത്രങ്ങൾ പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!