
തെറ്റായി രോഗനിർണയം നടത്തി, കീമോതെറാപ്പി ഉൾപ്പടെയുള്ള അനാവശ്യവും ദോഷകരവുമായ ചികിത്സകൾ രോഗികൾക്ക് നൽകിയതിന് ഡോക്ടർക്ക് തടവുശിക്ഷ. ടെക്സസിലെ ഡോക്ടറാണ് താൻ കുറ്റം ചെയ്തുവെന്ന് സമ്മതിച്ചതിനെ തുടർന്ന് പത്തു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
രോഗികൾക്ക് തെറ്റായ ചികിത്സ നൽകിയതിന് പുറമേ തന്റെ ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനായി ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇൻഷുറൻസ് പദ്ധതികൾ തട്ടിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
68 -കാരനായ റൂമറ്റോളജിസ്റ്റ് ഡോക്ടർ ജോർജ് സമോറ-ക്വെസാഡ ആണ് പിടിയിലായത്. രോഗികളിൽ മനപ്പൂർവ്വം തെറ്റായ രോഗനിർണയം നടത്തി അവരെ അപകടകരമായ ചികിത്സകൾക്ക് ഇയാൾ വിധേയമാക്കുകയായിരുന്നു. കൂടാതെ കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസ് തട്ടിപ്പും ഇയാൾ നടത്തി. 118 മില്യൺ ഡോളറിന്റെ വ്യാജ ക്ലെയിം ബില്ലുകൾ ആണ് ഇയാൾ മെഡികെയറിനും മെഡിക്കെയ്ഡിനും നൽകിയത്. ആഡംബര കാറുകൾ, വീടുകൾ, സ്വകാര്യ ജെറ്റ് എന്നിവ വാങ്ങാൻ ഈ പദ്ധതികളിൽ നിന്ന് 28 മില്യൺ ഡോളറിലധികം തട്ടിയെടുത്തതായാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ വെളിപ്പെടുത്തിയത്.
പത്തുവർഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുത്ത 28 മില്യൺ ഡോളർ തിരിച്ചടയ്ക്കാൻ കോടതി സമോറ-ക്വെസാദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ പ്രവൃത്തികൾ നികുതിദായകരെ വഞ്ചിക്കുകയും ഇരകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു.
സമോറ-ക്വെസാഡയുടെ അനാവശ്യ ചികിത്സകൾക്ക് വിധേയരായ രോഗികളിൽ ഭൂരിഭാഗവും ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്നാണ് കോടതിരേഖകളിൽ പറയുന്നത്. പലർക്കും പക്ഷാഘാതം, ജോ ബോൺ നെക്രോസിസ്, കരൾ തകരാറ്, കഠിനമായ ശാരീരികവേദന എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കോടതിരേഖകൾ വ്യക്തമാക്കുന്നുണ്ട്.