'കുറഞ്ഞത് 10 തവണയെങ്കിലും അടിക്കണം'; മകന്‍റെ കാമുകിയെ തല്ലാൻ 81,000 രൂപ വാഗ്ദാനം ചെയ്ത് തയ് സമ്പന്നന്‍

Published : Oct 13, 2025, 12:11 PM IST
Thai Baht

Synopsis

തായ്‌ലൻഡിലെ ഡൂറിയൻ കോടീശ്വരനായ അർനോൺ റോഡോങ്, മകന്റെ കാമുകിയെ മർദ്ദിക്കുന്നവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വിവാദത്തിലായി. മരുമകൾക്കും പേരക്കുട്ടിക്കും നീതി തേടിയായിരുന്നു ഈ വിചിത്രമായ ഫേസ്ബുക്ക് പോസ്റ്റ്. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിച്ചു.

 

തായ്‌ലൻഡിലെ ചുംഫോൺ പ്രവിശ്യയിലെ ഏറ്റവും വലിയ ഡൂറിയൻ തോട്ടങ്ങളുടെയും വെയർഹൗസുകളുടെയും ഉടമയായ അർനോൺ റോഡോങ്, തന്‍റെ മകന്‍റെ ഭാര്യയ്ക്ക് നീതി തേടി വിചിത്രമായ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വിവാഹിതനായ മകന്‍റെ കാമുകിയെ തല്ലുന്നവർക്ക് 30,000 ബാത്ത് (ഏകദേശം ₹ 81,000) ആണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. യുവതിയുമായി പ്രണയത്തിലായതോടെ മകന്‍ തന്‍റെ ഭാര്യയെയും മകളെയും ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

വിചിത്രമായ ആവശ്യം

"ലാങ് സുവാൻ ജില്ലയിലെ ആർക്കും, എന്‍റെ മകന്‍റെ 'യജമാനത്തി'യെ തല്ലുന്നവർക്ക് ഞാൻ 30,000 ബാറ്റ് നൽകും. നിങ്ങൾ അവളെ കുറഞ്ഞത് 10 തവണയെങ്കിലും അടിക്കണം. ജോലി കഴിഞ്ഞാൽ, പണം വാങ്ങാൻ എന്‍റെ അടുത്തേക്ക് വരൂ. അവളെ തല്ലിയതിന് പോലീസിന് പിഴ നൽകാനും ഞാൻ തയ്യാറാണ്. ചായ് അവളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതുവരെ പ്രതിഫലം സാധുവാണ്. എന്‍റെ നിരപരാധിയായ മരുമകളെ സംരക്ഷിക്കാനും, അവൾക്ക് നീതി തേടാനും, എന്‍റെ മകനോട് ഈ ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടാനുമാണ് ഞാൻ ഈ കുറിപ്പ് ഇട്ടത്," 65-കാരനായ അർനോൺ റോഡോങ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ എഴുതി. അർനോണിന്‍റെ മകൻ ചായ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമാണ്. അർനോണിന്‍റെ മറ്റൊരു ബന്ധുവുമായി പ്രണയത്തിലായിരുന്ന ഓണ്‍ പിന്നീട് ചായ്യുമായി പ്രണയത്തിലായി. ഈ പ്രണയത്തോടെ ചായ് തന്‍റെ ഭാര്യയെയും മകളെയും ഉപേക്ഷിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മകന്‍റെ പ്രണയം

അ‍ർനോണിന്‍റെ ഡ്യൂറിയന്‍ കമ്പനിയില്‍ അക്കൗണ്ടറ്റായിരുന്നു ഓണ്‍. ഇവര്‍ ആദ്യം അർനോണിന്‍റെ ഒരു ബന്ധുവുമായി പ്രണയത്തിലായി. പിന്നീട് ചായ്യുമായി അടുക്കുകയും കമ്പനിയിലെ ഉയർന്ന സ്ഥാനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ഇതിനിടെ ചായ് തന്‍റെ ഭാര്യയ്ക്ക് നേരെ തോക്ക് ചൂണ്ടി സ്വയം ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തായ്‌ലൻഡിൽ, തല്ലുക, അടിക്കുക, ചവിട്ടുക തുടങ്ങിയ ചെറിയ അക്രമണങ്ങൾക്ക് പോലും രണ്ട് വർഷം വരെ തടവോ 40,000 ബാത്ത് വരെ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. തന്‍റെ സമൂഹ മാധ്യമ കുറിച്ച് നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്നതായി കേസ് വന്നാല്‍ തന്‍റെ കുടുംബത്തിനുവേണ്ടി പോരാടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്‍റെ വാഗ്ദാനം പെള്ളയല്ലെന്ന് കാണിക്കാന്‍ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പത്ത് ലക്ഷം ബാത്ത് മേശപ്പുറത്ത് വച്ചിരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

കുറിപ്പ് പിന്‍വലിച്ചു

നിരവധി പേരാണ് അര്‍നോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്‍റുകളെഴുതിയത്. എന്നാല്‍, ഫേസ്ബുക്ക് കുറിപ്പ് വിവാദമായതോടെ അദ്ദേഹം അത് പിന്‍വലിച്ചു. പിന്നാലെ അക്രമം കൊണ്ട് ഈ വിഷയം പരിഹരിക്കരുതെന്നും പൊതുജനങ്ങൾക്ക് മോശം മാതൃകയാകരുതെന്നും നിരവധി പേര്‍ തന്നെ ഉപദേശിച്ചെന്നും അതിനാല്‍ ആ കുറിപ്പ് പിന്‍വലിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം മകനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും മകന്‍റെ സ്വത്തുക്കൾ തിരിച്ചെടുത്ത് കൊച്ചുമകൾക്ക് നല്‍കുമെന്നും പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്