
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 3500 വര്‍ഷം മുമ്പ് ദക്ഷിണേഷ്യയില്‍ നിന്നാണ് ആദ്യത്തെ ചുംബനം - പ്രത്യേകിച്ചും രണ്ട് പേര്‍ ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനം - ഉണ്ടായതെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, കരുതിയതിനും 1000 വര്‍ഷം മുമ്പ് തന്നെ മനുഷ്യര്‍ ചുംബിച്ച് തുടങ്ങിയിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും പുരാവസ്തു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഡോ.ട്രോയല്‍സ് പാങ്ക് അബ്രോള്‍, ഡോ. സോഫി ലൻഡ് റസ്മുസെന്‍ എന്നിവര്‍ ചേര്‍ന്ന് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ചുംബനം ഏതാണ്ട് 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്ധ്യേഷ്യയില്‍ സ്ഥാപിതമായിരുന്ന ഒരു സമ്പ്രദായമായിരുന്നെന്ന് ഇരുവരും അവകാശപ്പെടുന്നു. എന്നാല്‍ ഈ പഠനം മറ്റൊന്ന് കൂടി വെളിപ്പെടുത്തുന്നു. അതായത് മനുഷ്യന്‍ ചുംബിച്ച് തുടങ്ങിയതോടെ ചില ആദ്യകാല സാംക്രമിക രോഗങ്ങളും സമൂഹത്തില്‍ വ്യാപകമാകാന്‍ തുടങ്ങിയെന്ന്.
ഇതിന് ഉദാരഹരണമായി ചൂണ്ടിക്കാട്ടുന്നതാകട്ടെ പുരാതന മെസോപ്പൊട്ടോമിയയില്‍ നിന്നും ലഭിച്ച ചില ക്യൂണിഫോം എഴുത്തുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ്. മെസോപ്പോട്ടോമിയന്‍ സംസ്കാരത്തില്‍ ചുംബനം സാധാരണമായിരുന്നതിനൊപ്പം അക്കാലത്തെ വൈദ്യശാസ്ത്ര എഴുത്തുകളില്‍ ചില സാംക്രമിക രോഗങ്ങളുടെ സ്വഭാവങ്ങള്‍ കൂടി രേഖപ്പെട്ടുത്തിയിരുന്നു. ഇതില്‍ പ്രധാനമായ ഹെർപ്പസ് സിംപ്ലക്സ് വൈറസ് 1 ന് സമാനമായ രോഗലക്ഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചുംബനങ്ങളില്‍ നിന്നും പടര്‍ന്ന സാംക്രമിക രോഗമാകാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
"ഇന്നത്തെ ഇറാഖിലെയും സിറിയയിലെയും യൂഫ്രട്ടീസിനും ടൈഗ്രിസിനും ഇടയിൽ നിലനിന്നിരുന്ന ആദ്യകാല മനുഷ്യ സംസ്കാരമായ പുരാതന മെസൊപ്പൊട്ടേമിയയിൽ, ആളുകൾ കളിമൺ ഫലകങ്ങളിൽ ക്യൂണിഫോം ലിപിയിൽ എഴുതിയിരുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് കളിമൺ ഫലകങ്ങള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ചുംബനം സൗഹൃദങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആത്മബന്ധത്തിന്‍റെ ഭാഗമാകുമെന്നതുപോലെ, പുരാതന കാലത്തും ചുംബനം പ്രണയബന്ധത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു എന്നതിന്‍റെ വ്യക്തമായ ഉദാഹരണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു, ” പുരാതന മെസൊപ്പൊട്ടേമിയയിലെ വൈദ്യശാസ്ത്ര ചരിത്രത്തിൽ വിദഗ്ദനായ ഡോ.ട്രോയല്‍സ് പാങ്ക് അബ്രോള്‍ പറഞ്ഞു. ചുംബനം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഉത്ഭവിക്കുകയും പിന്നീട് വ്യാപിക്കുകയും ചെയ്ത ഒരു ആചാരമല്ല. മറിച്ച് നിരവധി സഹസ്രാബ്ദങ്ങളിലായി ഒന്നിലധികം പുരാതന സംസ്കാരങ്ങളില്‍ പ്രയോഗത്തിലിരുന്ന ഒരു രീതിയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വസ്ത്രം മുഴുവനും ധരിച്ചില്ല, വിവാഹം പാതി വഴിയില്‍ നിര്‍ത്തിവച്ച് വധു; വൈറല്‍ വീഡിയോ !
“മനുഷ്യരോട് ഏറ്റവും അടുത്ത ബന്ധുക്കളായ ബോണബോസ്, ചിമ്പാൻസി എന്നിവയെക്കുറിച്ചുള്ള ഗവേഷണം, രണ്ട് ജീവിവർഗങ്ങളും ചുംബനത്തിൽ ഏർപ്പെടുന്നുവെന്നതിന് തെളിവ് നല്‍കി. ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് ചുംബനം മനുഷ്യരിലെ ഒരു അടിസ്ഥാന സ്വഭാവമാണെന്നതാണ്.' ഡോ സോഫി ലൻഡ് റാസ്മുസെൻ വിശദീകരിക്കുന്നു. "മെസൊപ്പൊട്ടേമിയയിൽ നിന്ന് പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ ഗണ്യമായ കോർപ്പസ് ലഭിച്ചിട്ടുണ്ട്. അവയിൽ ചിലതില്‍ ഹെർപ്പസ് സിംപ്ലക്സ് വൈറസ് 1-നെ അനുസ്മരിപ്പിക്കുന്ന ലക്ഷണങ്ങളുള്ള ഒരു രോഗത്തെ പരാമർശിക്കുന്നു. അവയില്‍ പരാമര്‍ശിച്ച 'ബുഷാനു' (buʾshanu) എന്നറിയപ്പെടുന്ന രോഗവും ഹെർപ്പസ് സിംപ്ലക്സ് വൈറസ് 1 അണുബാധ മൂലമുണ്ടാകുന്ന ലക്ഷണങ്ങളും തമ്മിലുള്ള ചില സാമ്യങ്ങൾ ശ്രദ്ധിക്കുന്നത് രസകരമാണ്. ബുഷാനു രോഗം പ്രാഥമികമായി വായയിലും തൊണ്ടയിലോ ചുറ്റുപാടിലോ ആയിരുന്നു സ്ഥിതി ചെയ്യുന്നത്. രോഗലക്ഷണങ്ങളിൽ വായയിലോ ചുറ്റുപാടിലോ ഉള്ള കരപ്പന്‍ പോലുള്ള അവസ്ഥയും ഉൾപ്പെടുന്നു, ഇത് ഹെർപ്പസ് അണുബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണെന്നും ഡോ.അബ്രോള്‍ ചൂണ്ടിക്കാട്ടുന്നു.