യൂറോപ്യന്‍ പ്രതിനിധികളുടെ കശ്‍മീര്‍ സന്ദര്‍ശനത്തിന് പിന്നിലെ മാഡി ശര്‍മ്മ തന്‍റെ ബിസിനസ് തുടങ്ങുന്നത് സമൂസ വിറ്റ്?

By Web TeamFirst Published Oct 30, 2019, 5:35 PM IST
Highlights

ഇന്ന്, യൂറോപ്യന്‍ പ്രതിനിധി സംഘത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിക്കുന്നതിനും തുടര്‍ന്ന് കശ്‍മീര്‍ സന്ദര്‍ശിക്കുന്നതിലേക്കും നയിക്കാനാവുന്ന തരത്തില്‍ മാഡി ശര്‍മ്മയെന്ന ബിസിനസ്സുകാരി വളര്‍ന്നിരിക്കുന്നു. 

രണ്ടാഴ്ചമുമ്പ് ഒരു ദിവസം  യൂറോപ്യൻ യൂണിയനിലെ ചില അംഗങ്ങളെ മാഡി ശർമ്മ എന്നൊരു സ്ത്രീ ഇമെയിൽ വഴി ബന്ധപ്പെടുന്നു. വിമൻസ് എക്കണോമിക്ക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്ക് ( WESTT) എന്നൊരു എൻജിഒയുടെ പ്രതിനിധിയാണ് താനെന്നും, വളരെ ശ്രേഷ്ഠമായ ഒരു 'വിഐപി വിസിറ്റി'നുള്ള അവസരം ഓഫർ ചെയ്യാനാണ് വിളിച്ചത് എന്നും അവർ ഈ അംഗങ്ങളോട് പറഞ്ഞു. അത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒരു വിശിഷ്ടസന്ദർശനത്തിനുള്ള ക്ഷണമായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിർണായക സ്വാധീനമുള്ള ചുരുക്കം ചിലരെ മാത്രമാണ് മോദി സന്ദർശനത്തിന് ക്ഷണിച്ചിട്ടുള്ളത് എന്നും മാഡി ശർമ്മ അവരോട് പറഞ്ഞു. ആ ചുരുക്കം ചില വിഐപികളിൽ പെട്ടതിൽ അവർക്കൊക്കെ സന്തോഷം തോന്നി.

ആരാണീ മാഡി ശർമ്മ..? ക്ഷണം കിട്ടിയ പാർലമെന്റംഗങ്ങൾ എല്ലാവരും തന്നെ ആദ്യം ചോദിച്ച ചോദ്യമതായിരുന്നു. 'ഇന്റർനാഷണൽ ബിസിനസ് ബ്രോക്കർ' എന്നായിരുന്നു മാഡിയുടെ ട്വിറ്റർ അക്കൗണ്ടിലെ ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ടായിരുന്നത്.  

" പ്രധാനമന്ത്രി മോദി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കാര്യം നിങ്ങൾ അറിഞ്ഞുകാണുമല്ലോ. രാജ്യപുരോഗതിക്കായുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് യൂറോപ്യൻ യൂണിയനിൽ നിർണായക സ്വാധീനം ചെലുത്താൻ പ്രാപ്തിയുള്ള നിങ്ങളാൽ ചിലരുമായി ഒരു വിഐപി സന്ദർശനത്തിന് അദ്ദേഹം താത്പര്യപ്പെടുന്നത്." മാഡി തന്റെ ഇമെയിൽ സന്ദേശത്തിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു എക്സ്ക്ലൂസീവ് കൂടിക്കാഴ്ച, അതിനു ശേഷം കശ്മീർ സന്ദർശനം, ബുധനാഴ്ച ഒരു പ്രസ് കോൺഫറൻസ്. ഇത്രയുമായിരുന്നു സന്ദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതായി മാഡി ശർമയുടെ സന്ദേശത്തിൽ ഉണ്ടായിരുന്നത്. 

പ്രസ്തുത സന്ദർശനത്തിന്റെ സകല ചെലവും വഹിക്കുന്നത് ദില്ലിയിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് നോൺ അലൈൻഡ് സ്റ്റഡീസ് ആണെന്നാണ് മെയിലിൽ പറഞ്ഞിരുന്നത്. വിദേശകാര്യമന്ത്രാലയം ഈ സന്ദർശനവുമായി യാതൊരുവിധബന്ധവും തങ്ങൾക്കില്ല എന്ന വിവരം സ്ഥിരീകരിച്ചു. ഇപ്പോൾ സന്ദർശനത്തിനെത്തിയ പാർലമെന്റംഗങ്ങളെക്കൂടാതെ മറ്റു ചിലരെക്കൂടി മാഡി ശർമ്മ ക്ഷണിച്ചിരുന്നു എങ്കിലും, കശ്മീരിലെ പ്രാദേശിക ലേഖകരെയും നാട്ടുകാരെയും തനിയെ സന്ദർശിക്കാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് അവർക്കുള്ള ക്ഷണം മാഡി റദ്ദാക്കിയിരുന്നു. 

മാഡി ശര്‍മ്മ എന്ന ബിസിനസ് ഇടനിലക്കാരിക്ക് എങ്ങനെയാണ് യൂറോപ്യന്‍ യൂണിയനിലെ എംപിമാരെ കശ്‍മീര്‍ സന്ദര്‍ശനത്തിലേക്ക് നയിക്കാനായത് എന്ന ചര്‍ച്ച ചൂട് പിടിക്കുകയാണ്. ഒപ്പം അതിനുംമാത്രം എന്ത് ബന്ധമാണ് ഈ ബിസിനസുകാരിക്ക് ഇന്ത്യന്‍ ഗവണ്‍മെന്‍റുമായി ഉള്ളതെന്നും. 

ബിസിനസ് തുടങ്ങുന്നത് സമൂസ വിറ്റ് 

ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാഡി ശര്‍മ്മ ആകെ തകര്‍ന്നിരിക്കുന്ന ഒരു സ്ത്രീയായിരുന്നു, ഭര്‍ത്താവ് കൂടെയില്ലാതെ തനിച്ച് രണ്ട് പെണ്‍മക്കളെ വളര്‍ത്തുന്ന ഒരമ്മയും. എന്നാല്‍, അവര്‍ക്കൊരു സ്വപ്‍നവും പ്രവര്‍ത്തിക്കാന്‍ ആത്മവിശ്വാസമുള്ള ഒരു മനസ്സുമുണ്ടായിരുന്നു അതാണവരെ ഇന്ന് കാണുന്ന രീതിയിലെത്തിച്ചത്. 'പരാജയം എന്നത് ഒരിക്കലും ഒരു തെരഞ്ഞെടുപ്പേ ആകരുത്' എന്നാണ് മാഡി ശര്‍മ്മ പറയാറ്. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ബിസിനസുകാരിലൊരാളായി ഇന്ന് മാഡി ശര്‍മ്മ മാറിയിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ ഈ വാക്കുകളും വിജയത്തിലേക്കെത്തുമെന്ന നിശ്ചയദാര്‍ഢ്യവും തന്നെയാണ്. 

സ്ത്രീകള്‍ക്ക് ബിസിനസൊന്നും പറ്റില്ല എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്‍തിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു മാഡിയുടെ പിതാവ്. ഒരു സാധാരണ ഇന്ത്യന്‍ കുടുംബത്തിലായിരുന്നു മാഡി ശര്‍മ്മ ജനിച്ചതും വളര്‍ന്നതും. എന്നാല്‍, മാഡിയുടെ അമ്മ ഓസ്ട്രിയന്‍ ആയിരുന്നു. അപ്പോഴും മാഡിയും മൂന്ന് സഹോദരിമാരും ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പോയി പഠിച്ച് ഡോക്ടറോ ദന്തഡോക്ടറോ ആകണം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 

പക്ഷേ, മാഡിക്ക് അപ്പോഴും ബിസിനസ് രംഗത്തിലായിരുന്നു താല്‍പര്യം. പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ സ്വന്തമായി ബിസിനസ് നടത്തണമെന്ന മോഹം മാഡി ഉള്ളില്‍ പേറുന്നുണ്ടായിരുന്നു. യൂണിവേഴ്‍സിറ്റിയില്‍ ചേരാനും ഫാര്‍മസി പഠിക്കാനുമുള്ള ഗ്രേഡുണ്ടായിരുന്നു മാഡിക്ക്. എന്നാല്‍, അവളത് വെറുത്തു. അതിനാല്‍ത്തന്നെ പ്രവേശനം നേടി കുറച്ച് നാളുകള്‍ക്കുള്ളില്‍ പഠനവുമവസാനിപ്പിച്ചു. താന്‍ തന്നെ തനിക്ക് ബോസായിരിക്കണമെന്ന് അവള്‍ എപ്പോഴും ചിന്തിച്ചിരുന്നു. അപ്പോഴെല്ലാം അവളുടെ പിതാവ് അതിനെ എതിര്‍ക്കുകയും അതൊന്നും പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല എന്ന് ആവര്‍ത്തിക്കുകയും ചെയ്‍തിരുന്നു. മാഡിയുടെ പിതാവ് ഒരു ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുകയായിരുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് സ്ത്രീകള്‍ക്ക് ചേര്‍ന്നതല്ലായെന്ന് അദ്ദേഹം ആവര്‍ത്തിച്ചത്. അപ്പോഴും മാഡിയുടെ മനസ്സില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു. 

എന്നാല്‍, കോളേജ് പഠനമുപേക്ഷിച്ചശേഷം അവള്‍ നോട്ടിങ്ഹാമിലെ ഒരു ബാങ്കില്‍ ജോലിക്ക് കയറി. അപ്പോഴും ബിസിനസുകാരിയാകണമെന്ന മോഹം അവളുടെ ഉള്ളില്‍ തിരയടിക്കുന്നുണ്ടായിരുന്നു. ഒരു ബാങ്ക് ജോലിക്ക് ആവശ്യമായതിലുമധികം ഉത്സാഹവും കഴിവും അവളിലുണ്ടെന്ന് പറയുന്നത് ബാങ്ക് മാനേജരാണ്. തനിക്ക് ആവേശവും മത്സരസ്വഭാവവുമുണ്ടെന്ന് സമ്മതിക്കുന്ന മാഡി, 19 വയസുള്ളപ്പോൾ തന്നേക്കാള്‍ 12 വയസ്സ് കൂടുതലുള്ള ഒരു ഇംഗ്ലീഷുകാരനെ വിവാഹം കഴിച്ച് തന്റെ കുടുംബത്തെ വീണ്ടും നിഷേധിച്ചു. 

'ആറ് മാസമായിട്ടേ എനിക്കദ്ദേഹത്തെ അറിയാമായിരുന്നുള്ളൂ. എങ്കിലും അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആ സമയത്ത് ഞാന്‍ നിഷ്‍കളങ്കമായി ചിന്തിച്ചത് ഇനി കുടുംബവും കുട്ടികളുമൊക്കെയായി കഴിയേണ്ടതുണ്ട്' എന്നാണെന്നും മാഡി പറയുന്നു. 1987 -ലാണ് അവരുടെ ആദ്യത്തെ മകള്‍ പിറക്കുന്നത്. ദീപാവലി ദിവസത്തില്‍ ജനിച്ചതിനാല്‍ ലക്ഷ്മി എന്നാണ് അവള്‍ക്ക് പേര് നല്‍കിയത്. ആ സമയത്ത് മാഡി തന്‍റെ എല്ലാ ജോലിയില്‍ നിന്നും താല്‍ക്കാലികമായി വിരമിക്കുകയും ഒരു മുഴുവന്‍ സമയ അമ്മയായി മാറുകയും ചെയ്‍തു. പിന്നീട്, മെലിസ്സ എന്ന രണ്ടാമത്തെ മകള്‍ ജനിക്കുന്നു. ആ സമയത്താണ് തന്‍റെ പഴയ സ്വപ്‍നം പൊടിതട്ടിയെടുക്കണമെന്നും അത് പ്രാവര്‍ത്തികമാക്കണമെന്നും മാഡിയില്‍ ചിന്തയുണ്ടാകുന്നത്. എന്നാല്‍, മാഡിയുടെ ഭര്‍ത്താവ് നിരന്തരം പറഞ്ഞിരുന്നത്, അവളൊരു സ്ത്രീയാണ് അതിനാല്‍ത്തന്നെ തലയിലൊന്നുമില്ല, പാഴാണ് എന്നൊക്കെയായിരുന്നു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ത്തന്നെ രൂപം കൊണ്ടും ഭാവം കൊണ്ടും താനൊരു നാല്‍പ്പതുകാരിയാണെന്ന് തനിക്ക് തന്നെ തോന്നുമായിരുന്നുവെന്നാണ് മാഡി പറയുന്നത്. 

എന്നാൽ, ആയിടക്കാണ് കുട്ടികളുടെ പ്ലേഗ്രൂപ്പിനായി പണം സ്വരൂപിക്കുന്നതിനായി 100 പേർക്ക് വേണ്ടി മാഡി ഭക്ഷണം പാചകം ചെയ്യുന്നത്. അത് വിജയമായിരുന്നു. അതോടെ അവളോട് ആളുകള്‍ ഭക്ഷണം പാകം ചെയ്‍തുനല്‍കാനാവശ്യപ്പെട്ടു തുടങ്ങി. തനിക്ക് കുട്ടികളുണ്ടായി, വീട്ടമ്മയായി ഒതുങ്ങി. പക്ഷേ, തനിക്ക് ബുദ്ധിയുണ്ടെന്നും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും തന്നെ പിന്തുണക്കാനാരെങ്കിലും ഒപ്പം വേണമായിരുന്നു. പക്ഷേ, ഭര്‍ത്താവത് ഒരിക്കലും ചെയ്‍തില്ല. ഞാനത് ചെയ്യുന്നത് അയാള്‍ ഇഷ്ടപ്പെട്ടുമില്ല. ആ  സമയത്താണ് താന്‍ പാരിഷ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പക്ഷേ, താന്‍ സഞ്ചരിക്കുന്ന വഴികളൊന്നും തന്നെ ഭര്‍ത്താവിന് ഇഷ്‍ടമായിരുന്നില്ല. ഭര്‍ത്താവിന് തന്‍റെ വളര്‍ച്ചയില്‍ തന്നോട് അസൂയായിരുന്നുവെന്നും മാഡി പറയുന്നു. അങ്ങനെയാണ് ആ ബന്ധം തകരുന്നതും. 

അങ്ങനെ അവര്‍ രണ്ട് പെണ്‍കുട്ടികളുമായി തനിച്ച് ഒരു കുഞ്ഞ് ടെറസുള്ള വീട്ടില്‍ വളരെ കുറച്ച് പണം മാത്രമായി ജീവിച്ചുതുടങ്ങി. പക്ഷേ, വിവാഹത്തിനുശേഷം ആദ്യമായി താന്‍ ജീവിക്കുന്നുവെന്ന തോന്നല്‍ അവര്‍ക്കുണ്ടാകുന്നത് അപ്പോഴാണ്. വീട്ടിലിരുന്ന് എന്താണ് ചെയ്യുക എന്ന് അവര്‍ തലപുകച്ചു. അപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വില്‍ക്കാമെന്ന് അവര്‍ തീരുമാനിക്കുന്നത്. അങ്ങനെ മാഡി സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ഏത് ഇന്ത്യന്‍ ഭക്ഷണമാണ് അവിടെയൊക്കെ വില്‍ക്കുന്നത് എന്ന് നോക്കി. അപ്പോഴാണ്, അതൊന്നും തന്നെ പരമ്പരാഗതമായ ഇന്ത്യന്‍ ഭക്ഷണം പോലുമല്ലെന്ന് അവള്‍ തിരിച്ചറിയുന്നത്. അങ്ങനെയാണ് വീട്ടിലേക്ക് തിരികെച്ചെന്ന മാഡി ഇന്ത്യന്‍ രീതിയില്‍ത്തന്നെയുള്ള സമൂസകളുണ്ടാക്കുന്നതും വില്‍ക്കാനാരംഭിക്കുന്നതും.

അതിന്‍റെ എണ്ണം കൂടിവന്നു. മക്കളുടെ സുഹൃത്തുക്കളുടെ അമ്മമാര്‍ സഹായത്തിനായി മാഡിയുടെ അടുക്കളയിലെത്തി. ഓര്‍ഡര്‍ വന്നുകൊണ്ടേയിരുന്നു. ബിസിനസ് വിപുലീകരിക്കാനായി അച്ഛന്‍റെ കയ്യില്‍നിന്നും കുറച്ച് രൂപ കടം വാങ്ങി. അവിടെവെച്ചാണ് മാഡിയുടെ യഥാര്‍ത്ഥ ബിസിനസ് തുടങ്ങുന്നത്. പിന്നീട് നോട്ടിങ്ഹാമില്‍ത്തന്നെ ഒരു കുഞ്ഞുഫാക്ടറി, അതില്‍ പതിനഞ്ചോളം ജോലിക്കാര്‍ വര്‍ഷത്തില്‍ രണ്ട് കോടിയോളം വരുമാനം. അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു തന്‍റെ ബിസിനസ് ഇനിയുമേറെ ലാഭം കൊയ്യുമെന്ന്. ജോലിക്കാരുടെ എണ്ണം 2000 ആയി വര്‍ധിച്ചു. ഇന്ത്യന്‍ സ്‍നാക്ക്സ് ഫുഡ് രംഗത്തെ ഏറ്റവും വലിയ ഉത്പാദകയായി മാഡി മാറിയത് കണ്ണടച്ച് തുറക്കുന്ന നേരത്താണ്. സംരംഭകയ്ക്കുള്ള നിരവധി പുരസ്‍കാരങ്ങളും മാഡിയെത്തേടിയെത്തിയിരുന്നു. 

ഇന്ന്, യൂറോപ്യന്‍ പ്രതിനിധി സംഘത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിക്കുന്നതിനും തുടര്‍ന്ന് കശ്‍മീര്‍ സന്ദര്‍ശിക്കുന്നതിലേക്കും നയിക്കാനാവുന്ന തരത്തില്‍ മാഡി ശര്‍മ്മയെന്ന ബിസിനസ്സുകാരി വളര്‍ന്നിരിക്കുന്നു. അവരുടെ വിമന്‍സ് എകോ-നോമിക് ആന്‍ഡ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്ന നോണ്‍ പ്രോഫിറ്റ് എന്‍ജിഒയും. സര്‍ക്കാരിന്‍റെ ഭാഗമല്ലാതിരുന്നിട്ടും എങ്ങനെ മാഡി ശര്‍മ്മയ്ക്ക് അതിന് സാധിച്ചുവെന്നതിലെ ദുരൂഹതയും ഏറിയിരിക്കുകയാണ്. ഒപ്പം മാഡി ഗ്രൂപ്പിന്‍റെ തലപ്പത്തിരിക്കുന്ന മാഡി ശര്‍മ്മയുടെ പ്രൊഫൈലില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് നോട്ടിങ്ഹാമില്‍ ബിസിനസ് അംബാസിഡര്‍ ആണെന്നാണ്. യൂറോപ്യന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിറ്റിയുടെ വെബ്സൈറ്റിലാണ് മാഡി ശര്‍മ്മയുടെ പ്രൊഫൈല്‍. എന്നാല്‍, യൂറോപ്യന്‍ യൂണിയനുമായി എന്തു ബന്ധമാണിവര്‍ക്കുള്ളതെന്ന് വ്യക്തമല്ല. മാഡി ഗ്രൂപ്പിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ ഇവര്‍ക്ക് 131 എന്ന പേരില്‍ ബിസിനസ് ബ്രോക്കറേജ് കമ്പനിയുമുണ്ട്. ഏതായാലും, ബിജെപിയുമായി മാഡി ശര്‍മ്മയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.

click me!